കേരളം എനിക്കെന്റെ അമ്മ വീട്, 'അരുവി'യിൽ നിന്നും പുറത്തു ചാടാൻ കുറേ ദിവസമെടുത്തു: അതിഥി പറയുന്നു
ക്ലൈമാക്സിലെ രൂപമാകാൻ 5 ദിവസമേ എടുത്തുള്ളു: അരുവി നായിക അതിഥി പറയുന്നു
അരുവി, തമിഴ് സിനിമാലോകം ഒന്നാകെ ചർച്ച ചെയ്യുന്ന ഒരു പേരാണിത്. വേദനയും നിസ്സഹായതയും തിങ്ങി നിറഞ്ഞ ജീവിതത്തിലും ഇടയ്ക്കൊക്കെ പൊട്ടിച്ചിരിച്ച പെൺകുട്ടിയാണ് അരുവി. ഒരൊറ്റ ചിത്രത്തിലൂടെ അരുവിയെന്ന അതിഥിയെ തമിഴകം നെഞ്ചെറ്റിയിരിക്കുകയാണ്.
ആദ്യ ചിത്രത്തിലൂടെ തന്നെ ഒരുപാട് നാളത്തെ തഴക്കം വന്ന അഭിനയ പരിചയം ഉണ്ടെന്ന് തോന്നിച്ച പെൺകുട്ടിയാണ് അതിഥി ബാലൻ. സൂപ്പര്‍ നായകന്മാര്‍ അരങ്ങുവാഴുന്ന തമിഴ് സിനിമയില്‍ നായകന്‍ പോയിട്ട് ശക്തമായ ഒരു പുരുഷ കഥാപാത്രം പോലുമില്ലാതെയാണ് അരുവി കടന്നുവരുന്നത്. അരുവിയെ ഇത്രയും ഭംഗിയായി കാണിക്കാൻ അതിഥിക്കല്ലാതെ മറ്റാർക്കും കഴിയില്ലെന്ന് തോന്നിപോകും.
അരുവിയുടെ ഷൂട്ടിനിടയില്‍ വല്ലാതെ ശാരീരിക, മാനസിക മാറ്റങ്ങള്‍ക്കു വിധേയായിരുന്നുവെന്ന് അദിതി പറയുന്നു. ക്ലെമാക്‌സ് എടുക്കുന്നതിന് അഞ്ച് ദിവസം മുന്നേയാണ് 'റെഡി'യായി വരാൻ സംവിധായകൻ പറഞ്ഞതെന്ന് അരുവി അഴിമുഖത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
'എത്ര സമയം വേണമെങ്കിലും എടുത്ത് എന്നോട് പൂര്‍ണമായും റെഡി ആയി വരാന്‍ പറഞ്ഞു സംവിധായകന്‍. ഞാന്‍ മുഴുവനായി റെഡി ആയാല്‍ മാത്രമേ ഷൂട്ടിങ്ങുമായി മുന്നോട്ടു പോകൂ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ആയുര്‍വേദ ഡോക്ടറെ ചെന്ന് കണ്ടു. അദ്ദേഹം പറഞ്ഞ ഡയറ്റ് പ്ലാന്‍ പിന്തുടര്‍ന്നു. അവിടെ താമസിച്ചു. ഒരു നേരം കഞ്ഞി മാത്രം കുടിച്ച് കുറച്ച് ദിവസം' - അതിഥി പറയുന്നു.
അരുവിയുടെ അതേ അവസ്ഥയിലൂടെ കടന്നു പോകുന്ന കുറെ പേരുടെ വീഡിയോകള്‍ ദിവസവും കണ്ടു. മാനസികമായി ഞാന്‍ തളര്‍ന്നു പോയ ദിവസങ്ങളായിരുന്നു. പിന്നീട് ക്ലൈമാക്‌സ് ഷൂട്ട് കഴിഞ്ഞ് ആ കഥാപാത്രത്തില്‍ നിന്ന് പുറത്തു വരാനായില്ല. കുറെ കാലമെടുത്താണ് എനിക്ക് അത് സാധിച്ചതെന്ന് അതിഥി പറയുന്നു.
അതിഥിയുടെ അമ്മ വീട് കേരളത്തിലാണ്. അവധിക്കാലത്ത് ആഘോഷമാക്കാൻ കേരളത്തിൽ എത്താറുണ്ടെന്ന് അതിഥി പറയുന്നു.'കേരളം എന്ന് പറഞ്ഞാല്‍ എനിക്ക് ഞങ്ങള്‍ പോയ കുറെ അമ്പലങ്ങളാണ്. പിന്നെ ട്രെയിന്‍ യാത്രകള്‍, കൊച്ചിയിലെ കുറെ സുഹൃത്തുക്കള്‍, ഭക്ഷണം… ജനിച്ചതും വളര്‍ന്നതും ചെന്നൈയില്‍ ആണെങ്കിലും കേരളം എനിക്ക് അവധിക്കാലം പോലുള്ള അനുഭവമാണ്.' - അതിഥി പറയുന്നു.