മുത്തച്ഛന്റെ പ്രായമുള്ള നിര്‍മാതാവ്, അവസരം നല്‍കാന്‍ കിടപ്പറയിലേക്ക് ക്ഷണിച്ചു; ദുരനുഭവം തുറന്നുപറഞ്ഞ് നടി കസ്തൂരി
അഭിനയ രംഗത്തേക്ക് എത്തിയ ആദ്യ കാലത്താണ് തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നതെന്ന് കസ്തൂരി പറയുന്നു
സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് കാസ്റ്റിങ് കൗച്ച്. സിനിമാരംഗം എത്ര പുരോഗമിച്ചിട്ടും കാസ്റ്റിങ് കൗച്ച് ഇപ്പോഴും പല രൂപത്തില്‍ നടക്കുന്നുണ്ട്. ഷൂട്ടിങ്ങിനിടെ ഉണ്ടായ ദുരനുഭവങ്ങളെ കുറിച്ച് പ്രശസ്ത നടി കസ്തൂരി തുറന്നുപറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. സിനിമയില്‍ നിന്ന് ഒട്ടേറെ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഴയൊരു അഭിമുഖത്തില്‍ കസ്തൂരി പറഞ്ഞത്.
അഭിനയ രംഗത്തേക്ക് എത്തിയ ആദ്യ കാലത്താണ് തനിക്ക് ദുരനുഭവം നേരിടേണ്ടി വന്നതെന്ന് കസ്തൂരി പറയുന്നു. അഭിനയിക്കാന്‍ വിളിച്ച സംവിധായകന്‍ ഗുരുദക്ഷിണ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സെറ്റിലെ പല സന്ദര്‍ഭങ്ങളില്‍ വെച്ച് അയാള്‍ ഗുരുദക്ഷിണയുടെ കാര്യം പറഞ്ഞിരുന്നു. ഗുരുദക്ഷിണ പലവിധത്തില്‍ നല്‍കാമെന്ന് അയാള്‍ പറഞ്ഞു. ആദ്യം അതിന്റെ അര്‍ത്ഥം എന്താണെന്ന് മനസ്സിലായില്ല. പിന്നീടാണ് അയാള്‍ ആഗ്രഹിക്കുന്നത് തന്റെ ശരീരമാണെന്ന കാര്യം മനസ്സിലായതെന്നും കസ്തൂരി പറയുന്നു.
അതിനുശേഷം തന്റെ മുത്തച്ഛന്റെ പ്രായമുള്ള ഒരു നിര്‍മാതാവ് മോഹനവാഗ്ദാനങ്ങള്‍ നല്‍കി തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചിരുന്നു. അയാളുടെ പ്രായം ആലോചിച്ച് അയാളെ താന്‍ വെറുതെ വിടുകയായിരുന്നെന്നും കസ്തൂരി പറഞ്ഞു.
മലയാളികള്‍ക്കും ഏറെ സുപരിചിതയായ നടിയാണ് കസ്തൂരി. അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി തിളങ്ങിയത് കസ്തൂരിയാണ്. ചക്രവര്‍ത്തി, അഗ്രജന്‍, രഥോത്സവം, മംഗല്യ പല്ലക്ക്, സ്‌നേഹം, പഞ്ചപാണ്ഡവര്‍ എന്നിവയാണ് കസ്തൂരി അഭിനയിച്ച മറ്റ് മലയാള ചിത്രങ്ങള്‍.