മലയാളത്തിലെ എവർഗ്രീൻ കോംബോ ആയ മോഹൻലാൽ-സത്യൻ അന്തിക്കാട് വീണ്ടും ഒന്നിക്കുന്നു. മാളവിക മോഹനൻ ആണ് നായിക. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രം കൂടിയാണ് ഹൃദയപൂർവം. സത്യൻ അന്തിക്കാടിന്റെ മക്കളും സംവിധായകരുമായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ഐശ്വര്യ ലക്ഷ്മിയെ ആയിരുന്നു ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. നായിക. മായാനദിയിലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും വരത്തനിലുമൊക്കെ ഐശ്വര്യ കാഴ്ച വെച്ചത് മികച്ച പ്രകടനം ആയിരുന്നുവെന്നും മോഹൻലാലിനോടൊപ്പം ഐശ്വര്യ അഭിനയിക്കുന്ന ആദ്യ സിനിമയായിരിക്കും 'ഹൃദയപൂർവ്വം' എന്നും സത്യൻ അന്തിക്കാട് മുൻപ് പറഞ്ഞിരുന്നു. എന്നാൽ, ചിത്രീകരണത്തിന് ദിവസങ്ങൾക്ക് മുൻപാണ് ഐശ്വര്യയെ മാറ്റി മാളവികയെ കാസ്റ്റ് ചെയ്യുന്നത്. ഇതിന് പിന്നിലെ കാരണം വ്യക്തമല്ല.
സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 10ന് ആരംഭിക്കും. അഖിൽ സത്യൻ ആണ് ചിത്രത്തിന്റെ കഥ. സിനിമയിൽ അസോസിയേറ്റ് ആയാണ് അനൂപ് സത്യൻ പ്രവർത്തിക്കുന്നത്. നവാഗതനായ സോനു ടി.പി.യാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.
നടി സംഗീത, അമൽ ഡേവിസ്, നിഷാൻ, ജനാർദനൻ, സിദ്ദിഖ്, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം. അനു മൂത്തേടത്ത് ഛായാഗ്രഹണം. എഡിറ്റിങ് കെ. രാജഗോപാൽ, കലാസംവിധാനം പ്രശാന്ത് മാധവ്. കൊച്ചി, പൂണൈ എന്നിവിടങ്ങളിലാകും ചിത്രീകരണം.