ശബരിമല സന്നിധാനത്ത് നടൻ അജിത്തിന്റെ ബാനർ ഉയർത്തി ആരാധകർ. നടന്റെ ഏറ്റവും പുതിയ സിനിമയുടെ ടീസർ ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചത് തമിഴ്നാട്ടിൽ നിന്നെത്തിയ ആരാധകരാണ്. അജിത്തിന്റെ ചിത്രം പതിച്ച ബാനറുമായാണ് സംഘം എത്തിയത്. 'അജിത്തേ കടവുളേ' എന്ന മുദ്രാവാക്യം വിളിച്ചാണ് സംഘം ബാനറുമായി എത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്.
പുതിയ സിനിമയായ വിടാമുയർച്ചിയുടെ ടീസർ ആവശ്യപ്പെട്ടായിരുന്നു ബാനർ. റാണിപ്പേട്ടിൽ നിന്നുള്ള ആരാധകർ എന്നാണ് വിവരം. വീഡിയോ പ്രചരിച്ചതോടെ തമിഴ്നാട്ടിൽ നിന്നടക്കം വലിയ വിമർശനം ഉയരുന്നുണ്ട്. ക്ഷേത്ര സങ്കേതത്തിൽ ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കരുതെന്നാണ് ആവശ്യം. ദേവസ്വം ബോർഡും സംഭവം പരിശോധിക്കും.
അതേസമയം, അജിത്ത് ചിത്രം വിടാമുയർച്ചിയുടെ റിലീസ് പ്രതിസന്ധിയിലാണെന്നാണ് വിവരം. കമൽ ഹാസൻ ചിത്രം ഇന്ത്യൻ 2 കനത്ത പരാജയമായി മാറിയതിനാൽ വിടാമുയർച്ചി ഉടനെ റിലീസ് ചെയ്യണ്ട എന്നാണ് നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസിന്റെ തീരുമാനം. മഗിഴ് തിരുമേനി ഒരുക്കുന്ന ചിത്രത്തിൽ തൃഷയാണ് നായികയാവുന്നത്.