ഷൂട്ടിങ്ങ് നിർത്തിവെച്ച് അജിത് വിദേശത്ത് നിന്നും ചെന്നൈയിൽ പാഞ്ഞെത്തി
അഭ്യൂഹങ്ങൾക്കിടയിൽ അജിത് ചെന്നൈയിൽ എത്തി
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പിൻഗാമി ആയിട്ട് ആരെത്തുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കവെ നടൻ അജിത് സിനിമാചിത്രീകരണം വെട്ടിച്ചുരുക്കി ചെന്നൈയിലെത്തി. ഇന്ന് രാവിലെ നാല് മണിക്കായിരുന്നു അജിത് ചെന്നൈയിൽ എത്തിയത്. ഭാര്യ ശാലിനിക്കൊപ്പം മറീന ബീച്ചിൽ ജയലളിതയുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് എത്തി അജിത് അന്ത്യോപചാരം അർപ്പിച്ചു.
ജയയുടെ മരണം നടക്കുമ്പോൾ അജിത് സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ബൾഗേറിയയിൽ ആയിരുന്നു. ജയ മരിച്ചപ്പോൾ എഴുതി തയാറാക്കിയ ഒരു സന്ദേശമാണ് അജിത്ത് പുറത്തിറക്കിയത്. ജയയുടെ പിൻഗാമിയായി തോഴി ശശികല, നടൻ വിജയ്, അജിത് എന്നിവരുടെ പേരുകളാണ് ഉയർന്ന് വരുന്നത്. ഇതുവരെ രാഷ്ട്രീയ പാർട്ടികളുമായി ചേർന്നു പ്രവർത്തിക്കാത്ത വ്യക്തിയാണ് അജിത്.