സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ച അനുഭവം പങ്കുവെക്കുകയാണ് നടി രചന നാരായണന്‍കുട്ടി. അവിസ്മരണീയമായ അനുഭവങ്ങളാണ് കല്യാണം തനിക്ക് സമ്മാനിച്ചതെന്നും നടി പറയുന്നു.ഓരോ കലാകാരന്മാരെയും പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തുന്നതില്‍ സുരേഷ് ഗോപി കാണിച്ച പരിഗണന അദ്ദേഹത്തിന്റെ ഊഷ്മളതയും ആതിഥ്യ മര്യാദയും പ്രകടമാക്കുന്ന ഒന്നായിരുന്നുവെന്നും രചന പറഞ്ഞു തുടങ്ങുന്നു.
രചന നാരായണന്‍കുട്ടിയുടെ വാക്കുകളിലേക്ക്
ഇന്നൊരു ശുഭദിനം ആയിരുന്നു. ഗുരുവായൂരപ്പന്റെ സന്നിധിയില്‍ വച്ച് സുരേഷേട്ടന്റെ മകള്‍ ഭാഗ്യയുടെയും, ശ്രേയസിന്റെയും വിവാഹ ചടങ്ങ് ഭംഗിയായി കഴിഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സാന്നിധ്യം ചടങ്ങിന് പ്രൗഢി പകര്‍ന്നു. ഓരോ കലാകാരനെയും പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തുന്നതില്‍ സുരേഷേട്ടന്‍ കാണിച്ച പരിഗണന അദ്ദേഹത്തിന്റെ ഊഷ്മളതയും ആതിഥ്യമര്യാദയും പ്രകടമാക്കുന്ന ഒന്നായിരുന്നു. ഒരു പൊതു വ്യക്തിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം മാത്രമല്ല, കലാപരമായ സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ വിലമതിപ്പും ഇതില്‍ പ്രകടമായിരുന്നു. അത്തരം വ്യക്തിപരമായ ഇടപെടലുകള്‍ ആഘോഷത്തെ കൂടുതല്‍ ഹൃദ്യവും അവിസ്മരണീയവുമാക്കി.
''അയോധ്യയില്‍ നിന്നുള്ള അക്ഷതം'' എന്ന പ്രധാനമന്ത്രിയുടെ ചിന്താപൂര്‍വ്വമായ സമ്മാനം, ശുഭകരമായ സംഭവത്തിന് ഒരു ദൈവിക സ്പര്‍ശം നല്‍കുന്നതായിരുന്നു. അദ്ദേഹം ആ പ്രസാദം ഞാനുള്‍പ്പടെ അവിടെ നിന്ന എല്ലാ കലാകാരന്മാര്‍ക്കും, ഇന്ന് വിവാഹിതരായ മറ്റു ദമ്പതികള്‍ക്കും കൈമാറിയത് ദൈവീക അനുഭൂതിയായി മാറി. (Narendra Modi)
ഇത്രയും സന്തോഷകരമായ നിമിഷങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍, ഇതൊരു അനുഗ്രഹമാണ്, എന്റെ കണ്ണന്‍, ഭഗവാന്‍ കൃഷ്ണന്‍, അനുഗ്രഹിച്ചു തന്ന ഒരു പുണ്യ നിമിഷം! സത്സംഗം! ഞാന്‍ എന്നും വിലമതിക്കുന്ന സത്സംഗം! ഗുരുവായൂരുമായുള്ള ദൈവിക ബന്ധവും ഈ സത്സംഗത്തിലൂടെ ലഭിച്ച അനുഗ്രഹങ്ങളും ഭൗതിക ആഘോഷങ്ങളെ മറികടക്കുന്ന ആത്മീയ പ്രാധാന്യത്തിന്റെ ഒരു ബോധം എന്നില്‍ സൃഷ്ടിച്ചു... വീണ്ടും അമൃത് നുകരുന്ന അനുഭൂതി ഭഗവാന്‍ സമ്മാനിച്ചു. ഭഗവാന്‍ കൃഷ്ണന്റെ അനുഗ്രഹത്താല്‍ നയിക്കപ്പെടുന്ന സ്‌നേഹവും, വിവേകവും, ദൈവിക കൃപയും നിറഞ്ഞ ഒരു യാത്ര ഭാഗ്യക്കും ശ്രേയസ്സിനും ഉണ്ടാകട്ടെ. ഭാഗ്യവും ശ്രേയസ്സും വര്‍ദ്ധിക്കട്ടെ. പ്രാര്‍ത്ഥന.
പ്രിയ സുരേഷേട്ടാ. .. ഈ സത്സംഗത്തില്‍ എന്നേയും ചേര്‍ത്തു നിര്‍ത്തിയതിനു ഒരുപാട് സ്‌നേഹം ഒരുപാട് ബഹുമാനം.സ്‌നേഹം