Webdunia - Bharat's app for daily news and videos

Install App

'നിലപാടുകളുടെ രാജകുമാരി, സംസാരിച്ചത് മുഴുവൻ മറ്റുള്ളവർക്ക് വേണ്ടി': പാർവതി അമ്മയുടെ തലപ്പത്ത് വരണമെന്ന് ആലപ്പി അഷറഫ്

'അമ്മ' തകര്‍ത്തത് ഇടവേള ബാബു, പണം വാങ്ങി ബിസിനസുകാരെ അംഗങ്ങളാക്കി: വെട്ടിത്തുറന്ന് ആലപ്പി അഷ്‌റഫ്

നിഹാരിക കെ.എസ്
ബുധന്‍, 18 ഡിസം‌ബര്‍ 2024 (14:12 IST)
താരസംഘടനയായ ‘അമ്മ’യുടെ തകര്‍ച്ചയ്ക്ക് കാരണം ഇടവേള ബാബു ആണെന്ന് തുറന്നടിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സംവിധായകന്‍ പ്രതികരിച്ചത്. ജനറല്‍ സെക്രട്ടറി ആയിരുന്ന ഇടവേള ബാബു സ്വന്തം കുടുംബ സ്വത്തു പോലെയായിരുന്നു സംഘടനയെ കണ്ടിരുന്നത്. സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത അഭിനേതാക്കള്‍ക്ക് അംഗത്വം കൊടുക്കാതെ ബിസിനസുകാര്‍ക്കും അവരുടെ മക്കള്‍ക്കും പണം വാങ്ങി അംഗത്വം നല്‍കുമായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
 
ഇടവേള ബാബു അതിജീവിതയ്‌ക്കെതിരെ ‘മരിച്ച പോയ വ്യക്തി’ എന്ന പരാമര്‍ശം നടത്തിയത് പാര്‍വതി തിരുവോത്ത് പോലെയുള്ള താരങ്ങളെ വേദനിപ്പിച്ചു. ശരിക്കും പാര്‍വതിയെ പോലെ സ്വാര്‍ഥതയില്ലാത്ത കഴിവുള്ള താരങ്ങള്‍ സംഘടനയുടെ തലപ്പത്തേക്ക് വരേണ്ടത് അത്യാവശ്യമാണ് എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. പാർവതി ഒരിക്കലും അവർക്ക് വേണ്ടി സംസാരിച്ചിട്ടില്ലെന്നും, മറ്റുള്ളവർക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും അഷറഫ് പറയുന്നു.
 
ആലപ്പി അഷറഫിന്റെ വാക്കുകൾ:
 
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിയില്‍ വന്നപ്പോള്‍ അതില്‍ നിന്നുണ്ടായ ഇടിമിന്നലേറ്റ് മേല്‍ക്കൂര തകര്‍ന്ന സംഘടനയാണ് ‘അമ്മ’ എന്ന താരസംഘടന. ആ തകര്‍ച്ചയില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാനായി ‘അമ്മ’ അടുത്ത മാസം ഒരു കുടുംബസംഗമം സംഘടിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ഒക്കെ മുന്നില്‍ നിന്നും നയിക്കുമെന്നാണ് സൂചന നല്‍കുന്നത്. വളരെ നല്ല കാര്യം. മാത്രമല്ല വളരെ പ്രതീക്ഷയും നല്‍കുന്നതാണ്. അതുകൊണ്ട് ഈ എപ്പിസോഡ് നമുക്ക് അതെക്കുറിച്ച് ആവാം. ഒരു സംഘടന നല്ല രീതിയില്‍ നിലനില്‍ക്കണമെങ്കില്‍ കെട്ടുറപ്പുള്ളതാകണമെങ്കില്‍ അടിസ്ഥാനപരമായി വേണ്ടത് അതിന്റെ നേതൃസ്ഥാനത്തുള്ളവര്‍ നീതിബോധമുള്ളവരും നിര്‍ഭയരും നിഷ്പക്ഷരും സത്യസന്ധരും ആയിരിക്കണം.
 
ആ ആളുകളുടെ പ്രവൃത്തിയില്‍ ധാര്‍മികതയും ഉണ്ടായിരിക്കണം. അത്തരത്തിലുള്ള ആളുകള്‍ ആയിരിക്കണം ഇനി വരേണ്ടത്. അങ്ങനെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നിര്‍ഭാഗ്യം എന്നു പറയട്ടെ ഈ പറഞ്ഞ ഗുണങ്ങള്‍ ഒന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത ചിലര്‍ സംഘടനയുടെ തലപ്പത്ത് കയറിക്കൂടിയതാണ് സംഘടനയുടെ ഇന്നത്തെ പതനത്തിനുള്ള പ്രധാന കാരണം. സിനിമാക്കാരുടെയും പൊതുസമൂഹത്തിന്റെയും വിശ്വാസവും അതുതന്നെയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ നേതൃത്വനിരയില്‍ ഉള്ളവരും അല്ലാത്തവരുമായ ചിലരുടെയൊക്കെ പേരില്‍ നിലനില്‍ക്കുന്നതും നിലനില്‍ക്കാത്തതുമായ പീഡന കേസുകള്‍ വന്നതോടുകൂടി പൊതുസമൂഹത്തില്‍ സംഘടനയ്ക്ക് അവമതിപ്പ് നേടിക്കൊടുത്തു എന്നുള്ളത് ഒരു യാഥാര്‍ഥ്യം കൂടിയാണ്.
 
അഞ്ഞൂറോളം പേരുള്ള സംഘടനയില്‍ പത്തോ പതിനഞ്ചോ പേര്‍ പ്രശ്‌നം സൃഷ്ടിച്ചാല്‍ അവരെ നിര്‍ദാക്ഷിണ്യം ഒഴിവാക്കിക്കൊണ്ട് സംഘടനയെ നയിക്കാന്‍ തക്കവണ്ണം പ്രാപ്തരായവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നിരുന്നെങ്കില്‍ ‘അമ്മ’യ്ക്ക് ഇപ്പോള്‍ മുഖത്തേറ്റ കളങ്കം കുറച്ചെങ്കിലും തുടച്ചു മാറ്റാമായിരുന്നു. ‘അമ്മ’യുടെ അംഗമായ അതിജീവിതയ്‌ക്കൊപ്പം നില്‍ക്കേണ്ട സംഘടനയെ വേട്ടക്കാരനോടൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിച്ചപ്പോള്‍ ഈ സംഘടനയില്‍ നിന്നും തനിക്കൊരിക്കലും നീതി ലഭിക്കില്ല എന്ന് മനസ്സിലാക്കിയ അതിജീവിത രാജിവെച്ച് പുറത്തുപോയി. അവരോടൊപ്പം തിരിച്ചറിവുള്ള ചില നടിമാരും. വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് മോഹന്‍ സംവിധാനം ചെയ്ത ‘ഇടവേള’ എന്ന ചിത്രത്തില്‍ ഞാനും ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആയിട്ട് പങ്കെടുത്തിരുന്നു. ആ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്ത ഒരു ചെറിയ പയ്യനായിരുന്നു ബാബു. ഞാന്‍ ഡബ്ബിങ് തിയേറ്ററില്‍ എത്തുമ്പോള്‍ ആ പയ്യന്‍ ഇന്നസെന്റിനോടൊപ്പം അവിടെ ഇരിപ്പുണ്ടായിരുന്നു. ‘ഇടവേള’ എന്ന സിനിമ ഹിറ്റ് ആയില്ലെങ്കിലും മറ്റ് വലിയ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയില്ലെങ്കിലും ഇന്നസെന്റുമായുള്ള ബന്ധം ആ പയ്യനെ ‘അമ്മ’ എന്ന സംഘടനയുടെ നേതൃത്വത്തില്‍ വരെ എത്തിച്ചു.
 
പിന്നീട് ‘അമ്മ’ എന്ന സംഘടനയില്‍ ഇടവേള ബാബുവിന്റെ ഒരു പൂണ്ട് വിളയാട്ടമായിരുന്നു. അതിന് ശേഷം ഗണേഷ് കുമാര്‍ സിനിമാ മന്ത്രിയായിരിക്കുമ്പോള്‍ ഇടവേള ബാബുവിനെ കെഎസ്എഫ്ഡിസി വൈസ് ചെയര്‍മാനായി നിയമിക്കുന്നു. ഇല്ലാത്ത ഒരു പോസ്റ്റ് സൃഷ്ടിച്ചാണ് ആ നിയമനം. അവിടെ തിയേറ്റര്‍ ചാര്‍ട്ടിങ് ആയിരുന്നു ബാബുവിന്റെ പ്രധാന ജോലി. കെഎസ്എഫ്ഡിസിക്ക് 10-13 നല്ല തിയേറ്ററുകള്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉണ്ട്. അതില്‍ നല്ല കലക്ഷന്‍ കിട്ടുന്ന തിയേറ്ററുകളില്‍ ചിത്രങ്ങള്‍ കളിക്കണമെങ്കില്‍ ബാബുവിന്റെ അനുവാദം കൂടിയേ തീരൂ. തിയേറ്റര്‍ ഉടമ കൂടിയായ ലിബര്‍ട്ടി ബഷീര്‍ ഒരിക്കല്‍ ചാനലിലൂടെ പറയുന്നത് കേട്ടു, ആ തിയേറ്ററുകളില്‍ ഡേറ്റ് കിട്ടണമെങ്കില്‍, ചിത്രങ്ങള്‍ കളിക്കണമെങ്കില്‍ ബാബുവിന് കൈക്കൂലി കൊടുത്തേ പറ്റൂ എന്ന്. ഈ വിഷയവുമായി ബന്ധപ്പെട്ട് മണിയന്‍ പിള്ള രാജു പറയുന്നതാണ് കുറച്ചുകൂടി രസകരം. കുറച്ചു നേരത്തേക്ക് വാഹനങ്ങള്‍ തടയാന്‍ അധികാരം കിട്ടുമ്പോള്‍ ഈ റോഡ് പണിക്കാര്‍ കാണിക്കുന്ന സ്വഭാവമാണ് ബാബുവിന്റേതെന്നാണ് മണിയന്‍ പിള്ള രാജു പറയുന്നത്. ചെറുകിട സിനിമാക്കാര്‍ക്ക് സര്‍ക്കാരിന്റെ കീഴിലുള്ള തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ബാബു നിഷേധിക്കുകയാണ് ഉണ്ടായതെന്നും മണിയന്‍ പിള്ള ആക്ഷേപം ഉന്നയിച്ചു. പിന്നീട് ഗണേഷ്‌കുമാര്‍ പറയുന്നു തനിക്ക് പറ്റിയ ഒരു അബദ്ധമാണ് ബാബുവിന് ആ പോസ്റ്റ് കൊടുത്തതെന്ന്.
 
ഇനി എന്റെ ഒരു അനുഭവം ഞാന്‍ നിങ്ങളുടെ മുമ്പില്‍ പങ്കുവയ്ക്കാം. 15 വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ‘അമ്മ’യിലെ മെമ്പര്‍ഷിപ്പിനായുള്ള അപേക്ഷ പൂരിപ്പിച്ച് ബാബുവിന്റെ കയ്യില്‍ നേരിട്ട് കൊടുത്തിരുന്നു. കുറെനാള്‍ കഴിഞ്ഞ്, എന്തായി ബാബു എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ എനിക്ക് അതിനുള്ള യോഗ്യതയില്ല എന്നുള്ള രീതിയിലാണ് ബാബു മറുപടി പറഞ്ഞത്. എന്നാല്‍ അതേസമയം തന്നെ ദുബായിലുള്ള വലിയൊരു ബിസിനസ്മാന്‍ ആയ എന്റെ ഒരു ഫ്രണ്ട് പെട്ടെന്ന് നാട്ടിലെത്തുന്നു. നാട്ടിലെത്തിയ അദ്ദേഹത്തോട് പെട്ടെന്ന് വരാനുള്ള കാരണം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു ‘അമ്മ’യുടെ ജനറല്‍ ബോഡി ഉണ്ടെന്ന്. അവിടെ ആരെ കാണാന്‍ ആണ് താങ്കള്‍ വന്നത് എന്ന് ചോദിച്ചപ്പോള്‍ ആരെയും കാണാനല്ല, ഞാന്‍ ‘അമ്മ’യുടെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ വേണ്ടി വന്നതാണ്, ‘അമ്മ’യുടെ മെമ്പര്‍ ആണെന്ന് അദ്ദേഹം പറഞ്ഞു. അദ്ഭുതത്തോടെ അദ്ദേഹത്തോട് ചോദിച്ചു, ഇത് താരങ്ങള്‍ക്കുള്ള സംഘടനയല്ലേ ബിസിനസ്സുകാര്‍ക്കുള്ള സംഘടന അല്ലല്ലോ എന്ന്. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ദുബായില്‍ വച്ചു ഷൂട്ട് നടന്ന ഒരു ചിത്രത്തില്‍ എന്നെയും ഇടയ്ക്ക് പിടിച്ചു നിര്‍ത്തി, എനിക്ക് ബാബു മെമ്പര്‍ഷിപ്പും വാങ്ങിത്തന്നു. അതിന് എത്ര രൂപ ചെലവായി എന്ന് ഞാന്‍ തമാശ രീതിയില്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു കാശ് മുടക്കാതെ ഇതുവല്ലതും പറ്റുമോ എന്ന്.
 
കാശ് മുടക്കിയാല്‍ അല്ലേ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ ഒപ്പം നമുക്ക് ഇരിക്കാന്‍ പറ്റുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ബാബു ഒരു പാവമാണ് എന്നെപ്പോലെ ഒരുപാട് പേര്‍ക്ക് ബാബു ഇതുപോലെ സഹായം ചെയ്തു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍വതി തിരുവോത്ത് ഒരിക്കല്‍ പറയുകയുണ്ടായി, ‘അമ്മ’യുടെ മീറ്റിങ്ങില്‍ ജീവിതത്തില്‍ സിനിമയില്‍ കണ്ടിട്ടില്ലാത്ത ഒരുപാട് പേര്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു എന്ന്. അതുപോലെതന്നെ ‘അമ്മ’യുടെ നേതൃത്വത്തിലുള്ള സെലിബ്രിറ്റി ക്രിക്കറ്റ് ടീമിലും കോടീശ്വരന്മാരുടെ പല മക്കളും അംഗങ്ങളായിട്ടുണ്ട്. അതിലൊരാള്‍ എന്നോട് പറയുകയുണ്ടായി എനിക്ക് അത് വാങ്ങിത്തന്നത് ബാബുവാണ്. ബാബു നല്ലൊരു മനുഷ്യനാണെന്നൊക്കെ. ഞാന്‍ ചോദിച്ചു നല്ല ചെലവായി കാണുമല്ലോ ? ‘ചെലവായാല്‍ എന്താണ്, മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ കൂടെ ക്രിക്കറ്റ് കളിക്കാലോ എന്ന്’ അയാളുടെ മറുപടി.
 
ഞാന്‍ തിരിച്ചു ചോദിച്ചു, നിങ്ങള്‍ ക്രിക്കറ്റ് കളിച്ചോ? ‘ഇല്ല ഞങ്ങളെയൊക്കെ അവിടെ മാറ്റി നിര്‍ത്തും. അങ്ങനെ നിരവധി പേര്‍ ക്രിക്കറ്റ് ടീമിലും ഉണ്ട്’- അദ്ദേഹം പറഞ്ഞു. ഇവിടെയാണ് ഞാന്‍ ആദ്യം പറഞ്ഞതിന്റെ പ്രസക്തി. നേതൃസ്ഥാനത്തുള്ളവര്‍ക്ക് നീതിബോധവും ധാര്‍മികതയും സത്യസന്ധതയും ഉണ്ടായിരിക്കണം എന്നുള്ളത്. എന്നാല്‍ സിനിമയില്‍ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങള്‍ അഭിനയിച്ച നടീനടന്മാര്‍ ബാബുവിന് അപേക്ഷയും സമര്‍പ്പിച്ച് ബാബുവിന്റെ കരുണയ്ക്കായി കാത്തിരിപ്പുണ്ടായിരുന്നു. ബാബുവിന്റെ ഇത്തരം അധാര്‍മിക പ്രവര്‍ത്തിക്കെതിരെ ഒരു ചെറുവിരല്‍ പോലും ആരും അനക്കിയിട്ടുമില്ല. ഇനി നടിമാര്‍ക്കാണെങ്കില്‍ പണമില്ലെങ്കിലും മെമ്പര്‍ഷിപ്പ് കൊടുക്കാം. മറ്റു ചില സഹായസഹകരണങ്ങള്‍ ബാബു പ്രതീക്ഷിക്കുന്നുണ്ടെന്നും അങ്ങനെ ചെയ്താല്‍ മെമ്പര്‍ഷിപ്പ് കൊടുക്കാം എന്നുള്ളത് സോഷ്യല്‍ മീഡിയയിലൂടെ പലരും വിളിച്ചു പറയുന്നത് നമ്മള്‍ കേട്ടതാണല്ലോ.
 
ഇതിനിടെ ഗണേഷ് കുമാറിന്റെ പ്രസ്താവനയും വന്നു. ഇടവേള ബാബു പാലുകൊടുത്ത കൈക്കിട്ട് തന്നെ കൊത്തി എന്നുള്ളതായിരുന്നു ഗണേഷ്‌കുമാറിന്റെ ആക്ഷേപം. പീഡനക്കേസില്‍ ഉള്‍പ്പെട്ട നടനെ ‘അമ്മ’യില്‍ നിന്നും പുറത്താക്കാത്തത് എന്തെന്നായിരുന്നു ഗണേഷ് കുമാറിന്റെ ചോദ്യം. ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ ആരൊക്കെയോ പണം വാങ്ങിയിട്ടാണ് നടനെ തല്‍സ്ഥാനത്ത് നിലനിര്‍ത്തിയിരിക്കുന്നതെന്നും ആ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി കൂടി അറിയണമെന്ന് ഗണേഷ്‌കുമാര്‍ ‘അമ്മ’ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. അതിന് ഗണേഷ്‌കുമാറിനുള്ള മറുപടിയുമായി ഫെയ്‌സ്ബുക് പോസ്റ്റിലൂടെ ഇടവേള ബാബു രംഗപ്രവേശനം ചെയ്തു. ‘അമ്മ’ ഒരു ക്ലബ്ബാണെന്നും അതുപോലെ തന്നെ നടന്‍ പല ക്ലബ്ബിലെയും മെമ്പര്‍ ആണെന്നും ക്ലബ്ബിന്റെ അര്‍ഥം അറിയാത്തവരാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതും എന്നൊക്കെയായിരുന്നു ഇടവേള ബാബു വേട്ടക്കാരന് വേണ്ടി ബാലിശമായി മറുപടി പറഞ്ഞത്. വളരെ ഗൗരവമേറിയ ഒരു വിഷയം സംസാരിക്കുമ്പോള്‍ അയാള്‍ എന്നെ ക്ലബ്ബിന്റെ അര്‍ത്ഥം പഠിപ്പിക്കാന്‍ വരികയാണ്, എന്താ ചെയ്യുക എന്നായിരുന്നു ഗണേഷിന്റെ മറുപടി. ഗണേഷ് കുമാര്‍ കുറച്ചു കൂടി കളിയാക്കി പറയുന്നു, ”നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് ഇടവേള ബാബുജി ഗ്രന്ഥശാലയെ കുറിച്ചല്ല ഇടവേള ബാബുജി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ കുറിച്ചല്ല. നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് അമ്മ എന്ന സംഘടനയുടെ അംഗങ്ങളുടെ ക്ഷേമത്തെ കുറിച്ചാണ്”. ‘അമ്മ’ ഇടവേള ബാബുവിന്റെ പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആയിട്ടാണ് കരുതിയിരിക്കുന്നത് എന്നുള്ള ആക്ഷേപവും ഗണേഷ്‌കുമാര്‍ പറയുകയുണ്ടായി. ‘അമ്മ’ എന്ന സംഘടന ഒരു ക്ലബ്ബാണെങ്കില്‍ ഇനി ആ ക്ലബ്ബില്‍ താന്‍ തുടരുന്നില്ല എന്ന് പറഞ്ഞ് ഗണേഷ് കുമാര്‍ രാജിവച്ച് പുറത്തു പോവുകയും ചെയ്തു.
ഇതിനിടെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനെതിരെ ഇടവേള ബാബു മറ്റൊരു വിഷയവുമായി രംഗത്തുവന്നു. മുകുന്ദനുണ്ണി എന്ന സിനിമയെ കുറിച്ച് ബാബു നടത്തിയ പരാമര്‍ശമായിരുന്നു വിഷയം. ബാബു, മുകുന്ദനുണ്ണി എന്ന സിനിമ ഫുള്‍ നെഗറ്റീവ് ആണ്. പടം തുടങ്ങുമ്പോള്‍ തന്നെ ആരോടും നന്ദിയില്ല എന്ന കാര്‍ഡ് കാണിക്കുന്നു. അത് ബാബുവിനെ കൂടുതല്‍ ചൊടിപ്പിച്ചു. വീണ്ടും ഇടവേള ബാബു പറയുന്നു, നായിക അവസാനം പറയുന്ന ആ ലാംഗ്വേജ് ഡയലോഗുകള്‍ ഇവിടെ എനിക്ക് പറയാന്‍ പറ്റില്ല, അത്രയും മോശമാണ്. ഇതിനൊക്കെ സെന്‍സര്‍ ബോര്‍ഡ് എങ്ങനെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്തു എന്നും! മുഴുനീള അശ്ലീലങ്ങളും സ്ത്രീ വിരുദ്ധതയും നിറഞ്ഞ പടങ്ങള്‍ ഇറങ്ങിയതൊന്നും പാവം ബാബു അറിഞ്ഞിട്ട് പോലുമില്ല.
 
അതിജീവിതയെ ഇടവേള ബാബു മരിച്ചു പോയവരോട് ഉപമിച്ചത് പാര്‍വതി തിരുവോത്തിനെ വല്ലാതെ വേദനിപ്പിച്ചു. ചാനല്‍ പരിപാടിയില്‍ അവതാരകന്‍ ചോദിക്കുന്നു ‘അമ്മ’ നിര്‍മ്മിക്കുന്ന 2020 പോലുള്ള സിനിമയില്‍ അതിജീവിത ഉണ്ടാകുമോ എന്ന്. അതിനു മറുപടിയായിട്ട് ഇടവേള ബാബു പറയുന്നു, ”മരിച്ചു പോയവര്‍ തിരിച്ചു വരുമോ’. അതുപോലെ രാജി വച്ചു പോയവരും ഈ സിനിമയില്‍ ഉണ്ടാവില്ല എന്ന് ബാബു ഏകാധിപതിയെ പോലെ അധികാരഭാവത്തില്‍ പറഞ്ഞു. പാര്‍വതി പറയുന്നു എന്റെ സുഹൃത്തുക്കള്‍ ഈ സംഘടനയില്‍ നിന്ന് പിരിഞ്ഞുപോയപ്പോള്‍ ഞാന്‍ ഇതിനകത്ത് തുടരുന്നത് തകര്‍ന്നു കൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്ത് നിന്നുകൊണ്ട് അതിനെ നവീകരിക്കാന്‍ കുറച്ചു പേരെങ്കിലും വേണമെന്ന് തോന്നിയത് കൊണ്ടാണ്. പക്ഷേ സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടപ്പോള്‍ സംഘടനയില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്നുള്ള പ്രതീക്ഷ ഞാന്‍ ഉപേക്ഷിച്ചു”. സംഘടന തഴഞ്ഞ ഒരംഗത്തെ മരിച്ചു പോയ ഒരാളോട് താരതമ്യപ്പെടുത്തിക്കൊണ്ട് അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താന്‍ ആവില്ല.
 
ഒരുപക്ഷേ ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ബാബു പറയുന്നുണ്ടാവാം. പക്ഷേ, അത് വെളിവാക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അതുകൊണ്ട് അയാളോട് പുച്ഛം മാത്രമാണ്. നമ്മള്‍ ഓര്‍ക്കേണ്ടത് പാര്‍വതി തിരുവോത്ത് ഒരിക്കലും അവര്‍ക്ക് വേണ്ടി സംസാരിച്ചിട്ടില്ല. അവര്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ശബ്ദം ഉയര്‍ത്തിയിട്ടുള്ളത്. അതുമൂലം അവര്‍ക്ക് ഒരുപാട് നഷ്ടങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അവര്‍ മലയാളത്തിന് കിട്ടിയ നല്ലൊരു അഭിനേത്രിയും നിലപാടുകളുടെ രാജകുമാരിയുമാണ്. അവരെപ്പോലുള്ള ധീര വനിതകളെ ‘അമ്മ’യുടെ മുന്‍നിരയില്‍ കൊണ്ടുവരണം. അല്ലെങ്കില്‍ ‘അമ്മ’ എന്ന സംഘടന പൊതുസമൂഹത്തിന്റെ മുമ്പില്‍ വെറുമൊരു ‘എ.എം.എം.എ’ ആയി മാറും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓൺലൈൻ തട്ടിപ്പിൽ ഡോക്ടർക്ക് ഒരു ലക്ഷം നഷ്ടപ്പെട്ടു

അൻപത്തിനാലാം വയസിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്നു, രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

അടുത്ത ലേഖനം
Show comments