നന്ദിയുണ്ട് അഹമ്മദ് കുട്ടി; മമ്മൂട്ടിക്കെതിരെ വര്‍ഗീയ വിദ്വേഷവുമായി കാസ, വിവാദത്തിനു കാരണം കാതലിലെ സ്വവര്‍ഗ പ്രണയം
സ്വവര്‍ഗാനുരാഗിയായ മമ്മൂട്ടിയുടെ കഥാപാത്രം ക്രിസ്ത്യന്‍ മതവിശ്വാസി ആണെന്നതാണ് കാസയെ ചൊടിപ്പിച്ചത്
മമ്മൂട്ടിയും ജ്യോതികയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജിയോ ബേബി ചിത്രം കാതല്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സ്വവര്‍ഗ പ്രണയമാണ് ചിത്രത്തിലെ ഉള്ളടക്കം. ഗേ കഥാപാത്രമായ മാത്യു ദേവസിയായി മമ്മൂട്ടി വേഷമിട്ടിരിക്കുന്നത്. സിനിമ പറഞ്ഞുവയ്ക്കുന്ന ശക്തമായ രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. അതിനിടയിലാണ് കാതല്‍ സിനിമയേയും മമ്മൂട്ടിയേയും വര്‍ഗീയ വിദ്വേഷത്തോടെ വേട്ടയാടി തീവ്ര ക്രൈസ്തവ സംഘടനയായ കാസ (ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലൈന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍) രംഗത്തെത്തിയിരിക്കുന്നത്. മമ്മൂട്ടിയെ മുഹമ്മദ്കുട്ടി എന്ന് വിളിച്ചുകൊണ്ടാണ് കാസയുടെ ഫെയ്‌സ്ബുക്ക് പേജില്‍ കാതല്‍ ദി കോര്‍ എന്ന ചിത്രത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നത്.
സ്വവര്‍ഗാനുരാഗിയായ മമ്മൂട്ടിയുടെ കഥാപാത്രം ക്രിസ്ത്യന്‍ മതവിശ്വാസി ആണെന്നതാണ് കാസയെ ചൊടിപ്പിച്ചത്. യുവതലമുറയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മാധ്യമമാണ് സിനിമ, അവരുടെ ഉപബോധ മനസ്സുകളിലേക്ക് സ്വന്തം സമുദായത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും സ്വന്തം സംസ്‌കാരത്തെക്കുറിച്ചും അവമതിപ്പ് സൃഷ്ടിച്ച അപകര്‍ഷതാബോധത്തില്‍ മുക്കുക എന്നുള്ളതാണ് പുറത്തുവരുന്ന ഇത്തരം ചിത്രങ്ങളുടെ ലക്ഷ്യമെന്ന് പോസ്റ്റില്‍ പറയുന്നു. അത്തരത്തില്‍ വന്ന ഏറ്റവും വലിയ ക്രൈസ്തവവിരുദ്ധ മലയാള ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ഭീഷ്മപര്‍വ്വം. അതിനുശേഷം വീണ്ടും ഗൂഢ ലക്ഷ്യത്തോടെ എത്തിയിരിക്കുന്ന ഒരു ക്രൈസ്തവ പശ്ചാത്തലത്തിലുള്ള ചിത്രമാണ് കാതലെന്നും കാസ വിമര്‍ശിച്ചിരിക്കുന്നു.