Coolie First Show Social Media Response: 'വിക്രം' ലെവല്‍ ഉയരാതെ 'കൂലി'; ശരാശരിക്കു മുകളില്‍, 'ലിയോ' പോലെ !
Coolie First Day Review in Malayalam: തമിഴ്‌നാട്ടിലെ രജനി ആരാധകരെ നിരാശപ്പെടുത്തുന്നതാണ് 'കൂലി' ഫസ്റ്റ് ഷോ സമയം
Coolie Social Media Response
Coolie Social Media Review: ലോകേഷ് കനകരാജ് ചിത്രം 'കൂലി'യുടെ ആദ്യ ഷോ പൂര്‍ത്തിയായി. രജനികാന്തും ലോകേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാല്‍ 'കൂലി'ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ശരാശരിക്ക് മുകളില്‍ നില്‍ക്കുന്ന സിനിമാറ്റിക് എക്‌സ്പീരിയന്‍സ് എന്നുമാത്രമാണ് ആദ്യ ഷോ കഴിഞ്ഞ ശേഷം പ്രേക്ഷകരുടെ പ്രതികരണം.
ലോകേഷിന്റെ 'വിക്രം' ലെവലിലേക്ക് ഉയരാന്‍ 'കൂലി'ക്ക് സാധിച്ചിട്ടില്ലെന്നും 'ലിയോ'യ്‌ക്കൊപ്പം നിര്‍ത്താവുന്ന ചിത്രമാണെന്നും മിക്ക പ്രേക്ഷകരും അഭിപ്രായപ്പെട്ടു. ശരാശരി, ശരാശരിക്കു മുകളില്‍ എന്നിങ്ങനെയാണ് കൂടുതല്‍ പ്രതികരണങ്ങള്‍.
സോഷ്യല്‍ മീഡിയയില്‍ വന്ന ഏതാനും പ്രതികരണങ്ങള്‍ നോക്കാം:
' ശരാശരി അനുഭവം. മണിക്കൂര്‍ കണക്കിന് ഇന്റര്‍വ്യൂ കൊടുത്ത സമയത്ത് കനകരാജ് സ്‌ക്രിപ്റ്റ് ഒന്ന് വായിച്ചു നോക്കാന്‍ മെനക്കെട്ടിരുന്നെങ്കില്‍ പലയിടത്തുമുള്ള ഫ്‌ളാറ്റായ അനുഭവം ഒരു പരിധിവരെ കുറയ്ക്കാമായിരുന്നു എന്ന് തോന്നി. സ്വന്തമായി ഒരു ഗംഭീര സിഗ്‌നേച്ചര്‍ സ്‌റ്റൈല്‍ ഉള്ള കനകരാജ് നെല്‍സന്റെ പാത പിന്തുടരുടരാന്‍ പോയത് എന്തിനാണെന്നുള്ളത് അവ്യക്തമാണ്. തിയേറ്ററില്‍ നിന്ന് തന്നെ കാണാനുള്ളതുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. അതിന് കാരണം രജനി തന്നെ. കണ്ടറിയുക.'
' ലോകേഷിന്റെ സംവിധാന മികവും രജനിയുടെ സ്‌ക്രീന്‍ പ്രസന്‍സും മാത്രമാണ് 'കൂലി'യെ തരക്കേടില്ലാത്ത അനുഭവമാക്കുന്നത്. കഥാപാത്രങ്ങള്‍ക്കു ആഴമില്ലാത്തതും തിരക്കഥയ്ക്കു ബലമില്ലാത്തതും 'കൂലി'യെ ശരാശരി സിനിമാ അനുഭവമാക്കുന്നു. വൈകാരികമായി പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിലും പൂര്‍ണമായി വിജയിച്ചിട്ടില്ല. അനിരുദ്ധിന്റെ സംഗീതവും നാഗാര്‍ജുനയുടെ പ്രകടനവും നിരാശപ്പെടുത്തിയെങ്കിലും സൗബിന്‍ ഒരു ആശ്വാസമായിരുന്നു.'
' ലോകേഷിന്റെ പീക്, അത് വിക്രം തന്നെ. ഹൈ മൊമന്റ്‌സ് കുറവായ ഫ്‌ളാറ്റ് തിരക്കഥയാണ് കൂലിയെ പിന്നോട്ട് വലിക്കുന്നത്. വലിയ പ്രതീക്ഷ ഇല്ലാതെ പോയാല്‍ ശരാശരിയോ ശരാശരിക്കു മുകളിലോ അനുഭവം കിട്ടും. ലിയോ, മാസ്റ്റര്‍, കൂലി ഈ ലീഗില്‍ വെക്കാം. ആശ്ചര്യപ്പെടുത്തുന്ന വിധം ഒന്നുമില്ല.'
' മറ്റൊരു വിക്രം പ്രതീക്ഷിച്ചു പോയാല്‍ നിരാശപ്പെടേണ്ടിവരും. തിരക്കഥയിലെ പോരായ്മകള്‍ സിനിമയുടെ എക്‌സ്പീരിയന്‍സ് ഡൗണ്‍ ആക്കുന്നു. ഇമോഷണലി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതിലും പരാജയം. എങ്കിലും തിയറ്ററില്‍ എക്‌സ്പീരിയന്‍സ് ചെയ്യാനുള്ളതുണ്ട്.'
എന്നിങ്ങനെയാണ് മലയാളി പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. തിരക്കഥയാണ് സിനിമയുടെ പ്രധാന പോരായ്മയെന്ന് മിക്ക പ്രേക്ഷകരും പറയുന്നു. രജനികാന്തിന്റെ സ്‌ക്രീന്‍പ്രസന്‍സിനു വേണ്ടി സിനിമ തിയറ്ററുകളില്‍ നിന്ന് എക്‌സ്പീരിയന്‍സ് ചെയ്യാമെന്ന് പറയുന്നവരുമുണ്ട്. ആമിര്‍ ഖാന് പ്രേക്ഷകരെ വലിയ രീതിയില്‍ ആശ്ചര്യപ്പെടുത്താന്‍ കഴിയാതെ പോയെന്നും അഭിപ്രായമുണ്ട്.
കേരളത്തിലും കര്‍ണാടകയിലും രാവിലെ ആറിനാണ് ആദ്യ ഷോ ആരംഭിച്ചത്. തമിഴ്‌നാട്ടില്‍ ഒന്‍പത് മണിക്ക് ആദ്യ ഷോ തുടങ്ങും. തമിഴ്‌നാട് സര്‍ക്കാര്‍ സംസ്ഥാനത്ത് പുലര്‍ച്ചെ ഷോ റദ്ദാക്കിയിട്ടുണ്ട്. 2023 ല്‍ അജിത് ചിത്രം 'തുനിവ്' റിലീസ് ചെയ്തപ്പോള്‍ പുലര്‍ച്ചെ നടന്ന ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. ഇതേ തുടര്‍ന്നാണ് അതിരാവിലെയുള്ള ഫാന്‍സ് ഷോകള്‍ റദ്ദാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.
കൂലിയില്‍ രജനിക്കൊപ്പം ആമിര്‍ ഖാന്‍, നാഗാര്‍ജുന, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തില്‍ നിന്ന് സൗബിന്‍ ഷാഹിറും സുപ്രധാന വേഷത്തിലെത്തുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് 'കൂലി'യുടെ സംഗീതം.