വിദ്യാബാലൻ ചെയ്തത് മാന്യതയില്ലാത്ത പരിപാടിയെന്ന് കമൽ
വിദ്യ പോയാലും ആമി വരും; കമൽ വെളിപ്പെടുത്തുന്നു
തന്റെ ആമിയെന്ന ചിത്രത്തിൽ നിന്നും വിദ്യാബാലൻ പിന്മാറിയത് തൊഴിൽപരമായ മാന്യതയില്ലായ്മയും അധാർമികവുമായ പ്രവൃത്തിയാണെന്ന് സംവിധായകൻ കമൽ. ചിത്രീകരണം തുടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ശേഷം വ്യക്തമായ കാരണം പോലും പറയാതെയാണ് ചിത്രത്തിൽ നിന്നു വിദ്യാബാലൻ പിന്മാറിയതെന്ന് കമൽ പറയുന്നു.
സത്യത്തിൽ, അവരുടെ പിൻമാറ്റത്തിന്റെ വ്യക്തമായ കാരണം ഇപ്പോഴും എനിക്കറിയില്ല. ദേശീയഗാനം പോലുള്ള വിവാദങ്ങളുടെ പേരിലാണു വിദ്യ പിൻമാറിയതെന്നു ഞാൻ കരുതുന്നില്ല. അതിനു സാധ്യതയും കുറവാണ്. എന്നാൽ, കമലാദാസിന്റെ മതം മാറ്റം പോലുള്ള വിഷയങ്ങൾ ചിത്രത്തിലുള്ളതിനെക്കുറിച്ചുള്ള ആശങ്കയാണോ വിദ്യയുടെ പിൻമാറ്റത്തിനു കാരണമെന്നു സംശയമുണ്ട്. കമൽ പറയുന്നു.
ഷൂട്ട് തുടങ്ങുന്നതിന് ആറേഴു ദിവസം മുൻപാണു പറ്റില്ല എന്നറിയിക്കുന്നത്. ‘ക്യാരക്ടറാകാൻ എനിക്കു കഴിയുന്നില്ല’ എന്നായിരുന്നു വിദ്യയുടെ മെസേജ്. വിദ്യ പിന്തിരിഞ്ഞതോടെ ആരായിരിക്കും അടുത്ത ആമിയെന്ന ആകാംഷയിലാണ് മലയാള സിനിമ. ‘വിദ്യ പിൻമാറിയെങ്കിലും പ്രോജക്ട് മുന്നോട്ടു പോകും. ആരാകും മാധവിക്കുട്ടിയെ അവതരിപ്പിക്കുകയെന്നു തീരുമാനിച്ചിട്ടില്ല. നിർമാതാവുമായി ആലോചിച്ചു തീരുമാനിക്കും’- കമൽ പറയുന്നു.
(ഉള്ളടക്കത്തിന് കടപ്പാട്: മനോരമ ഓൺലൈൻ ഡോട് കോം)