‘സ്ക്രിപ്റ്റ് പോലും കേൾക്കാതെ മമ്മൂക്ക ഓകെ പറഞ്ഞു, ‘നോ’ ആയിരുന്നു പറഞ്ഞതെങ്കിൽ പേരൻപ് ഉണ്ടാകുമായിരുന്നില്ല’ - മനസ് തുറന്ന് റാം

കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല: റാം പറയുന്നു

തിങ്കള്‍, 6 ഓഗസ്റ്റ് 2018 (10:04 IST)
അച്ഛൻ- മകൾ ബന്ധത്തിന്റെ കഥ പറയുന്ന പേരൻപ് അടുത്ത മാസം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം ഏറെ ചർച്ച ചെയ്യപ്പെട്ടിരിക്കുകയാണ്. 
ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളില്‍ മികച്ച പ്രതികരണമാണ് നേടിയത്.
 
എന്നാല്‍ മമ്മൂട്ടി നോ എന്ന് പറഞ്ഞിരുന്നെങ്കില്‍ പേരന്‍പ് എന്ന ചിത്രം ഒരു പക്ഷേ ഉണ്ടാകുമായിരുന്നില്ലെന്ന് സംവിധായകന്‍ റാം. സ്ക്രിപ്റ്റ് പോലും കേൾക്കാതെയായിരുന്നു മമ്മൂട്ടി ചിത്രത്തിന് ‘ഓകെ’ പറഞ്ഞതെന്ന് റാം പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തിലാണ് സംവിധായകന്‍ മനസ് തുറന്നത്.
 
‘നടി പത്മപ്രിയ എന്റെ അടുത്ത സുഹൃത്താണ്. അവര്‍ വഴിയാണ് മമ്മൂട്ടിയെ കാണാന്‍ അവസരം ലഭിക്കുന്നത്. പാലക്കാട് വെച്ച് ഒരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു കൂടിക്കാഴ്ച. സിനിമയെക്കുറിച്ച് പറഞ്ഞ് കേള്‍പ്പിച്ചതും അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു.‘
 
‘പെട്ടന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. കാരണം ഞാന്‍ സിനിമയുടെ ഐഡിയ മാത്രമായിരുന്നു പറഞ്ഞത്. തിരക്കഥ എഴുതിയിട്ടില്ലെന്നും മമ്മൂക്കയ്ക്ക് ഐഡിയ ഇഷ്ടപ്പെടുകയാണെങ്കില്‍ തിരക്കഥ എഴുതാമെന്നുമായിരുന്നു പറഞ്ഞത്. പക്ഷേ അദ്ദേഹം സ്‌ക്രിപ്റ്റില്ലാതെ തന്നെ സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. മമ്മൂട്ടി നോ പറഞ്ഞിരുന്നുവങ്കില്‍ ചിലപ്പോള്‍ ഈ സിനിമയേ ഉണ്ടാവുമായിരുന്നില്ല.’ റാം പറഞ്ഞു.
 
അതേസമയം പേരന്‍പിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 7 നായിരിക്കും പേരന്‍പ് റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ടാക്‌സി ഡ്രൈവറും സ്‌നേഹസമ്പന്നനായ ഒരു പിതാവുമായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂക്കയോടൊപ്പമുള്ള ആ അവസരം മിസായി, പക്ഷേ നിരാശ മാറ്റിയത് സംവിധായകൻ: ഉണ്ണി മുകുന്ദൻ