‘എല്ലാവരും സമ്മതിക്കും പക്ഷേ അവന്‍ മാത്രം ഓകെ പറയില്ല’ - മമ്മൂട്ടി പറഞ്ഞു
ആ പേരിന് കാരണം മമ്മൂട്ടി?
12 വര്‍ഷത്തെ പഠനത്തിനും അന്വേഷണത്തിനും കാത്തിരിപ്പിനുമൊടുവിലാണ് ശരത് സന്ദിത് എന്ന പരസ്യ സംവിധായകന്‍ ഒരു സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നത്. അതും മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി. ചിത്രത്തിന്റെ പേര് പരോള്‍.
ഈ ചിത്രത്തിന് പരോള്‍ എന്ന് പേര് നിര്‍ദ്ദേശിച്ചത് മമ്മൂട്ടി തന്നെയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയ്ക്കായി ക്രിയേറ്റ് ചെയ്ത പരോള്‍ സോങില്‍ നിന്നുമാണ് മമ്മൂട്ടി ‘പരോള്‍’ എന്ന പേര് ചിത്രത്തിന് നിര്‍ദേശിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഇതുതന്നെയാണ് സംഭവിച്ചതെന്ന് സംവിധായകന്‍ വെളിപ്പെടുത്തുന്നു.
‘ബാംഗ്ലൂര്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കെയാണ് പരോള്‍ എന്ന ഗാനം മമ്മൂക്കയെ കേള്‍പ്പിക്കുന്നത്. ഗാനം കേട്ട് കഴിഞ്ഞ മമ്മൂക്ക ക്ലാപ് ബോര്‍ഡ് തരാനാവശ്യപ്പെട്ടു. അതില്‍ ടൈറ്റിലിന്റെ സ്ഥാനത്ത് ഒന്നുമുണ്ടായിരുന്നില്ല. ക്ലാപ് ബോര്‍ഡ് കൊടുത്തിട്ട് ഞാന്‍ തിരിച്ച് പോയി‘. - ശരത് പറയുന്നു.
തിരികെ വരുമ്പോള്‍ സെറ്റിലുള്ളവരെല്ലാം നിശബ്ദമായി എന്നെ നോക്കി നിക്കുന്നു. ക്ലാപ് ബോര്‍ഡില്‍ ‘പരോള്‍’ എന്ന് പേരെഴുതിയിട്ടുണ്ട്. ഞാന്‍ പുറത്തു പോയ സമയത്ത് മമ്മൂക്ക പറഞ്ഞിരുന്നത് നിങ്ങളൊക്കെ സമ്മതിക്കും പക്ഷേ അവന്‍ സമ്മതിക്കില്ലെന്ന്. അതായിരുന്നു എല്ലാവരുടെയും നോട്ടത്തിന് പിന്നില്‍. അപ്പോല്‍ തന്നെ ടൈറ്റിലിന് ഞാന്‍ ഓകെ പറഞ്ഞു. - സൌത്ത്‌ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് ശരത് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.