Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ തീ ഒരുകാലത്തും അണയില്ല, ഈ പ്രായത്തിലും ഇത്തരമൊരു ഇംപാക്ട് സൃഷ്ടിക്കുക അവിശ്വസനീയം; മമ്മൂട്ടിയെ പുകഴ്ത്തി സോഷ്യല്‍ മീഡിയ

facebook post about Mammootty
, ബുധന്‍, 19 ഒക്‌ടോബര്‍ 2022 (09:33 IST)
ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സമീപകാലത്തെ മമ്മൂട്ടിയുടെ തിരക്കഥ തിരഞ്ഞെടുപ്പുകളെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. അത്തരത്തില്‍ സന്ദീപ് ദാസ് എന്ന ചെറുപ്പക്കാരന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രായത്തെ അതിജീവിച്ചുകൊണ്ട് മുന്നേറുകയാണ് മമ്മൂട്ടി ചെയ്യുന്നതെന്ന് സന്ദീപ് ദാസ് അഭിപ്രായപ്പെട്ടു. 
 
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം 
 
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സമയം ഇതാണെന്ന് തോന്നുന്നു. 'കാതല്‍' എന്ന സിനിമയുടെ ഒരേയൊരു പോസ്റ്റര്‍ മാത്രമാണ് പുറത്തുവന്നത്. അതോടെ   സിനിമാപ്രേമികള്‍ ഭയങ്കര ആവേശത്തിലായി. ഫെയ്‌സ്ബുക്കിലും വാട്‌സ് ആപ് സ്റ്റാറ്റസുകളിലുമെല്ലാം മമ്മൂട്ടിയും ജ്യോതികയും നിറഞ്ഞുനില്‍ക്കുകയാണ്.
 
ഇത് ആദ്യത്തെ സംഭവമല്ല. നന്‍പകല്‍ നേരത്ത് മയക്കം,റൊഷാക്ക് തുടങ്ങിയ പേരുകള്‍ നാം എത്ര വേഗത്തിലാണ് നെഞ്ചിലേറ്റിയത്! അവയ്ക്കും കേവലമൊരു പോസ്റ്ററിന്റെ ചെലവേ ഉണ്ടായിരുന്നുള്ളൂ!
എഴുപത് വയസ്സ് പിന്നിട്ട ഒരാളാണ് മമ്മൂട്ടി. ഈ പ്രായത്തില്‍ ഇത്തരമൊരു ഇംപാക്റ്റ് സൃഷ്ടിക്കുക എന്നത് അവിശ്വസനീയം തന്നെയാണ്!
 
പ്രായത്തെ കീഴടക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ''Age is just a number'' എന്ന് പ്രസംഗിക്കാന്‍ ആര്‍ക്കും സാധിക്കും. പക്ഷേ അത് ജീവിതത്തില്‍ നടപ്പിലാക്കാന്‍ എളുപ്പമാണോ?
 
വയസ്സ് കൂടുന്നതിനനുസരിച്ച് മനുഷ്യരുടെ ആത്മവിശ്വാസവും ധൈര്യവും കുറയും. പ്രായം കൂടുകയാണ് എന്ന് ചുറ്റുമുള്ളവര്‍ ഓര്‍മ്മിപ്പിക്കും. സ്വന്തം ശരീരം തന്നെ മുന്നറിയിപ്പുകള്‍ നല്‍കും. ഈ പ്രതിസന്ധി മമ്മൂട്ടിയും അനുഭവിക്കുന്നുണ്ട്. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ നോക്കുക-
''കൊച്ചുപിള്ളേര്‍ വരെ എന്നെ മമ്മൂട്ടി എന്നാണ് വിളിക്കുന്നത്. എനിക്ക് അവരുടെ അപ്പൂപ്പന്റെ പ്രായമുണ്ടല്ലോ എന്ന് അപ്പോള്‍ ചിന്തിക്കാറുണ്ട്...!''
താന്‍ എങ്ങനെയാണ് ഈ പ്രശ്‌നത്തെ മറികടക്കുന്നത് എന്നതിനെക്കുറിച്ചും മമ്മൂട്ടി വിശദീകരിച്ചിട്ടുണ്ട്. ആ കുട്ടികളിലൊരുവനാണ് താന്‍ എന്ന് മമ്മൂട്ടി സ്വയം സങ്കല്‍പ്പിക്കും! 
 
ചെറുപ്പമായി തുടരാനുള്ള ശാഠ്യമാണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്. ആ തീ ഒരുകാലത്തും അണയുകയുമില്ല. മമ്മൂട്ടി സിനിമയിലെത്തിയിട്ട് അമ്പതിലേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഫോക്കസ് ഒരു തരി പോലും കുറയാതെ ഇത്രയും കാലം ടോപ് പൊസിഷനില്‍ നിന്നതുതന്നെ എത്ര വലിയ നേട്ടമാണ്!
 
അനശ്വരനടനായ പ്രേംനസീറിന് അവസാന കാലത്ത് അഭിനയത്തോടുള്ള താത്പര്യം കുറഞ്ഞു എന്ന് കേട്ടിട്ടുണ്ട്. അതിനെക്കുറിച്ച് നസീര്‍ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്- ''നമ്മള്‍ ഒരു കെട്ടിടത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയെന്നിരിക്കട്ടെ. എന്താവും അടുത്ത നീക്കം? താഴേയ്ക്ക് ഇറങ്ങുക എന്നത് മാത്രമാണ് പോംവഴി...''
 
ഇങ്ങനെയൊരു ചിന്ത മമ്മൂട്ടിയെ ബാധിച്ചിട്ടില്ല. താന്‍ കയറിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഏറ്റവും ഉയര്‍ന്ന നില മമ്മൂട്ടി ഒരിക്കലും കാണാന്‍ പോവുന്നില്ല. ആ പടവുകള്‍ ഇങ്ങനെ അനന്തമായി നീണ്ടുകൊണ്ടിരിക്കും. പുതിയതായി എന്തെങ്കിലുമൊക്കെ നേടാനുണ്ടെന്ന് മമ്മൂട്ടി എന്നും വിശ്വസിക്കും.
 
'ഭീഷ്മപര്‍വ്വം' കണ്ട് ആവേശഭരിതനായ സംവിധായകന്‍ ഷാജി കൈലാസ് മമ്മൂട്ടിയുമായി സംസാരിച്ചിരുന്നു. ഇതുപോലുള്ള സിനിമകള്‍ ഇനിയും ചെയ്യണം എന്ന ഷാജിയുടെ നിര്‍ദ്ദേശത്തിന് മമ്മൂട്ടി പറഞ്ഞ മറുപടി ശ്രദ്ധേയമാണ്-
 
''ഇടയ്‌ക്കൊരു ഭീഷ്മപര്‍വ്വം ചെയ്യാം. പക്ഷേ ഞാനൊരു നടനല്ലേ? എന്റെ കഴിവിന്റെ വിവിധ തലങ്ങള്‍ പരീക്ഷിച്ചുനോക്കേണ്ടതല്ലേ...!? '
മമ്മൂട്ടിയുടെ വരാന്‍ പോകുന്ന സിനിമകളുടെ നിര കാണുമ്പോള്‍ അത്ഭുതം തോന്നുന്നില്ലേ!? അത്യാകര്‍ഷകമായ ആ ലൈന്‍-അപ്പ് മമ്മൂട്ടിയുടെ ആറ്റിറ്റിയൂഡിന്റെ ഫലമാണ്!
 
'കാതല്‍' എന്ന സിനിമയുടെ പോസ്റ്റര്‍ കണ്ടപ്പോള്‍ എന്നില്‍ ഉണര്‍ന്ന വികാരം ഗൃഹാതുരത്വമാണ്. പഴമ തോന്നിക്കുന്ന മമ്മൂട്ടിയുടെയും ജ്യോതികയുടെയും ചിത്രം.
 
രഞ്ജിത്തിന്റെ സിനിമയായ കയ്യൊപ്പില്‍ ഒരു മനോഹരമായ പ്രണയമുണ്ട്. മമ്മൂട്ടിയും ഖുഷ്ബുവും അനശ്വരമാക്കിയ വേഷങ്ങള്‍. പുസ്തകങ്ങളെയും യാത്രകളെയും പ്രണയിക്കുന്ന, മദ്ധ്യവയസ്സിലെത്തിനില്‍ക്കുന്ന രണ്ട് കഥാപാത്രങ്ങള്‍. അടിമുടി നൊസ്റ്റാള്‍ജിയ! അങ്ങനെയൊരു കഥയാണ് ജിയോ ബേബി പറയുന്നതെങ്കിലോ!? അതെത്ര മനോഹരമാകും...!
ഖുഷ്ബുവിന്റെ പത്മ പാടുന്ന പാട്ട് ഓര്‍മ്മവരുന്നു-
''ജല്‍ത്തേ ഹേന്‍ ജിസ്‌കേ ലിയേ....! ''
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിനൊപ്പം ലെന, ആശിര്‍വാദ് സ്റ്റുഡിയോയില്‍ എത്തി നടി