ആ രജനി-കമൽ ചിത്രം ഇനി നിവിൻ പോളിയുടെ പേരിൽ; ത്രസിപ്പിക്കാൻ നിവിൻ!
തമിഴകത്തെ ത്രില്ലടിപ്പിക്കാൻ നിവിൻ പോളി!
പ്രേമം എന്ന സിനിമയുടെ വൻ വിജയത്തിനുശേഷം മലയാളത്തിലെ യുവതാരം നിവിൻ പോളി തമിഴിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. താരം ആറ് തമിഴ് ചിത്രങ്ങളുടെ കരാർ ഒപ്പിട്ടതായും റിപ്പോർട്ടുണ്ട്. അക്കൂട്ടത്തിൽ ഒരു പ്രൊജക്ടാണ് ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ത്രില്ലർ സിനിമ.
തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന ചിത്രത്തിന് 'സാന്റാ മരിയ' എന്ന് പേരിട്ടതായി വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, തമിഴ് സിനിമകൾക്ക് തമിഴിൽ തന്നെ പേരുകളിട്ടാൽ നികുതിയിളവുണ്ടെന്ന കാരണത്താൽ തമിഴ് പതിപ്പിന് 'അവർകൾ' എന്ന് പേരിട്ടതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2014ൽ പുറത്തിറങ്ങിയ 'ഉളിഡവരു കണ്ടാതെ' എന്ന കന്നഡ ചിത്രത്തിന്റെ റീമേക്കാണിത്.
എന്നാൽ, 'അവർകൾ' എന്ന പേരിൽ തമിഴിൽ നേരത്തേ ഒരു ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. 1977ൽ രജനീകാന്തും കമലഹാസനും ഒന്നിച്ചഭിനയിച്ച പടമായിരുന്നു അത്. കെ ബാലചന്ദറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഹിറ്റായിരുന്നു. തീരദേശജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന നിവിൻ പോളി ചിത്രത്തിന് ഛായാഗ്രഹണം പാണ്ഡികുമാറാണ്.