ഭർത്താവ് മറ്റ് സ്ത്രീയോട് അടുത്തിടപഴകുന്നത് ഇഷ്ടമല്ല? അന്ന് അസൂയ ആയിരുന്നോ?; ജെനീലിയ മറുപടി നൽകുന്നു
ജെനീലിയയുടെ ഭർത്താവ് റിതേഷ് ദേശ്മുഖിനോട് പ്രീതി സിന്റ സംസാരിക്കുമ്പോൾ തൊട്ടടുത്ത് നിൽക്കുന്ന ജെനീലയുടെ മുഖത്ത് നീരസം പ്രകടമാകുന്നതായിരുന്നു ആ വീഡിയോ.
നടി ജെനീലീയ ഡിസൂസയുടെയും പ്രീതി സിന്റയുടെയും ഒരു വീഡിയോ കുറച്ച് വർഷങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ജെനീലിയയുടെ ഭർത്താവ് റിതേഷ് ദേശ്മുഖിനോട് പ്രീതി സിന്റ സംസാരിക്കുമ്പോൾ തൊട്ടടുത്ത് നിൽക്കുന്ന ജെനീലയുടെ മുഖത്ത് നീരസം പ്രകടമാകുന്നതായിരുന്നു ആ വീഡിയോ. എന്നാൽ റിതേഷും പ്രീതിയും ഇതൊന്നും കാര്യമാക്കാതെ സംസാരം തുടരുന്നു.
ഈ വീഡിയോ വൈറലായി. ജെനീലിയ പൊസസീവ്നെസ് കാണിക്കുന്നെന്നും ഭർത്താവ് മറ്റൊരു സ്ത്രീയോട് സംസാരിക്കുന്നത് ഇഷ്ടപ്പെട്ടില്ലെന്നും കമന്റുകൾ വന്നു. ഇന്നും ആ വീഡിയോ കുത്തിപ്പൊക്കി പലരും നടിയെ ട്രോളാറുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് ജെനീലിയ ഇപ്പോൾ. താൻ അന്ന് അസൂയ കൊണ്ടല്ല അങ്ങനെ പെരുമാറിയതെന്ന് പുതിയ അഭിമുഖത്തിൽ ജെനീലിയ പറയുന്നു.
ക്യാമറമാൻ ആ വീഡിയോയ്ക്ക് കഥയുണ്ടാക്കി. പക്ഷെ പ്രീതിയെ എനിക്ക് വളരെക്കാലമായി അറിയാം. വീഡിയോയിൽ തോന്നുന്നത് പോലെ ഒന്നുമില്ല. എനിക്കന്ന് കുഞ്ഞ് പിറന്നിട്ടേയുള്ളൂ. കുറച്ച് കാലത്തിന് ശേഷമാണ് പുറത്ത് പോകുന്നത്. കുറേക്കാലമായി ഹീൽ ചെരുപ്പ് ധരിച്ചിരുന്നില്ല. ഗർഭിണിയായ സമയത്ത് ഫ്ലാറ്റ് ചെരുപ്പുകളാണല്ലോ ഇടുക. ഏറെക്കാലത്തിന് ശേഷം അന്ന് വളരെ നീളമുള്ള ഹീൽ ചെരുപ്പ് ധരിച്ചു.
പ്രീതിയെ കാണുന്നതിന് മുമ്പേ ഞാൻ ക്ഷീണിതയായിരുന്നു. റിതേഷും പ്രീതിയും എത്രയോ കാലമായി അറിയുന്നവരാണ്. അവർ സംസാരിച്ച് കൊണ്ടിരുന്നു. എനിക്കാണെങ്കിൽ കാല് വേദനയും. എങ്ങനെയാണത് പ്രകടിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ അവരുടെ സംസാരം തടസപ്പെടുത്തേണ്ടെന്ന് കരുതി. പക്ഷെ അത് മറ്റൊരു തരത്തിലാണ് ഇന്റർനെറ്റിൽ വന്നത്. അതൊരു ചിരിക്കുള്ള സംഭവമായേ താൻ കാണുന്നുള്ളൂയെന്നും ജെനീലിയ വ്യക്തമാക്കി.