Valentine's Day Special: ആ ഫോൺകോൾ പൃഥ്വിരാജിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു, മുംബൈ നഗരത്തിലൂടെ അവർ കൈ കോർത്ത് നടന്നു!
മമ്മൂട്ടിയെയും മോഹൻലാലിനെയും മാത്രം അറിയാവുന്ന മുംബൈ മലയാളി, സുപ്രിയ പൃഥ്വിരാജിന്റെ മനം കവർന്നത് ഇങ്ങനെ...
പ്രൊഫഷണൽ ജീവിതത്തിലെന്ന പോലെ വ്യക്തിജീവിതത്തിലും പൃഥ്വിരാജ് സുകുമാരൻ ഭാഗ്യവാനാണ്. മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് പൃഥ്വിരാജിന്റെ വിവാഹം. നവ്യ നായർ, കാവ്യ മാധവൻ, സംവൃത സുനിൽ തുടങ്ങി അക്കാലത്ത് മലയാളത്തിൽ തിളങ്ങി മിൽക്കുന്ന നടിമാരോടൊപ്പം പല തവണ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ ആളാണ് പൃഥ്വിരാജ്. എന്നാൽ, പൃഥ്വിയുടെ മനം കവർന്നത് പത്രപ്രവർത്തകയായ സുപ്രിയ മേനോൻ ആയിരുന്നു.
എൻ.ഡി.ടി.വിയിൽ പ്രവർത്തിക്കുന്ന സമയത്തായിരുന്നു സുപ്രിയ പൃഥ്വിരാജിനെ കണ്ടുമുട്ടുന്നത്. മലയാള സിനിമ മേഖലയെ കുറിച്ച് വലിയ ധാരണയൊന്നും സിപ്രിയയ്ക്ക് ഇല്ലായിരുന്നു. മലയാള സിനിമയെ കുറിച്ച് ഒരു സ്റ്റോറി ചെയ്യാൻ സുപ്രിയയെ അവരുടെ എഡിറ്റർ ഏൽപ്പിച്ചു. എന്നാൽ, മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കുറിച്ച് മാത്രം അറിയാമായിരുന്ന സുപ്രിയയ്ക്ക് എവിടെ തുടങ്ങണമെന്ന് അറിയാതെ ആയി. സുപ്രിയയെ സഹായിച്ചത് ഒരു സുഹൃത്തായിരുന്നു.
വിഷയത്തെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാൻ സുഹൃത്ത് അന്നത്തെ ചെറുപ്പക്കാരനും പുതുമുഖവുമായ ഒരു നടൻ്റെ നമ്പർ സുപ്രിയയ്ക്ക് കൈമാറി. ഇത് മറ്റാരുമായിരുന്നില്ല, പൃഥ്വിരാജ് ആയിരുന്നു. ആ ഫോൾകോൾ സുപ്രിയയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. ചുരുക്കി പറഞ്ഞാൽ, തന്റെ സുഹൃത്ത് വഴിയാണ് സുപ്രിയ പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. ആ ഫോൾകോൾ അവരെ പരസ്പരം അടുപ്പിച്ചു. ആദ്യം സുഹൃത്ത്ബന്ധം മാത്രമായിരുന്നു.
പൃഥ്വിരാജിന്റെ ഇഷ്ടനഗരമായിരുന്നു മുംബൈ. സുപ്രിയയും മുംബൈയിൽ നിന്നുള്ള ആളാണ്. അതുകൊണ്ട് തന്നെ സുപ്രിയ പൃഥ്വിരാജിന്റെ മുംബൈ ഗൈഡ് ആയി മാറി. സുപ്രിയയ്‌ക്കൊപ്പമുള്ള മുംബൈ യാത്രയാണ് തന്നെ അവളോട് അടുപ്പിച്ചതെന്ന് പൃഥ്വിരാജ് ഒരിക്കൽ തുറന്നു പറഞ്ഞിട്ടുണ്ട്.
'സുപ്രിയ മലയാളിയാണെങ്കിലും ജീവിതത്തിൻ്റെ ഏറിയ പങ്കും മുംബൈയിലാണ് ചെലവഴിച്ചത്. അവൾ ഒരു മുംബൈ പെൺകുട്ടിയാണ്. സത്യത്തിൽ സുപ്രിയയുടെ കണ്ണിലൂടെയാണ് ഞാൻ യഥാർത്ഥ മുംബൈ കണ്ടത്. ഞാൻ കണ്ടിട്ടില്ലാത്ത മുംബൈയുടെ വശങ്ങൾ കാണിച്ചു തന്നത് സുപ്രിയയാണ്. ഹാജി അലി, ലിയോപോൾഡ് കഫേ തുടങ്ങി ശാന്താറാം നോവലിൽ വിവരിച്ച എല്ലാ സ്ഥലങ്ങളും കാണാൻ ആഗ്രഹിച്ചു. സുപ്രിയ സുഹൃത്തായിരുന്നു. ഈ സ്ഥലങ്ങളിലെല്ലാം എന്നെ കൊണ്ടുപോകാൻ ഞാൻ അവളോട് ആവശ്യപ്പെട്ടു. അങ്ങനെ, അവളുടെ കണ്ണിലൂടെ ഞാൻ ഇതുവരെ കാണാത്ത മുംബൈ കണ്ടു', അന്ന് പൃഥ്വി പറഞ്ഞു.
മുംബൈയിലേക്കുള്ള ഈ പതിവ് യാത്രകൾ അവരുടെ ബന്ധത്തിന് അടിത്തറയിട്ടു. മുംബൈ നഗരം അവരെ അടുപ്പിച്ചു. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും കമിതാക്കളാകാൻ അധികം സമയം വേണ്ടി വന്നില്ല. സുപ്രിയയ്‌ക്കൊപ്പമുള്ള ജീവിതവും പ്രണയവും സമ്മാനിച്ച മുംബൈയിൽ ജീവിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പൃഥ്വി പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്.
വിവാഹം സുപ്രിയയെ സംബന്ധിച്ച് വലിയ തീരുമാനമായിരുന്നു. നാലുവർഷത്തെ പ്രണയത്തിന് ശേഷം, 2011 ഏപ്രിൽ 25 ന് സുപ്രിയയും പൃഥ്വിരാജും വിവാഹിതരായി. സിനിമാ മേഖലയിൽ വിജയിച്ച ഒരു താരത്തെ വിവാഹം കഴിക്കുന്നത് തികച്ചും പുതിയ മാറ്റമായിരുന്നു. പൃഥ്വിക്ക് വേണ്ടി സുപ്രിയ തന്റെ കരിയർ ഉപേക്ഷിച്ചു. ഇപ്പോൾ നിർമാതാവായി, അമ്മയായി, ഭാര്യയായി സുപ്രിയ ജീവിതത്തിന്റെ മികച്ച നിമിഷങ്ങൾ പൃഥ്വിയുമായി പങ്കിടുകയാണ്.