സംവിധായകനിൽ നിന്നും മൈക്ക് വാങ്ങി മമ്മൂക്ക സ്വയം സംവിധാനം ചെയ്യാനും തുടങ്ങി: ഇനിയ
പരോളിൽ മമ്മൂട്ടി സംവിധാനം ചെയ്ത സീനുണ്ട്!
മെഗാസ്റ്റാർ നായകനാകുന്ന പരോളിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അജിത് പൂജപ്പുരയുടെ തിരക്കഥയിൽ ശരത് സന്ഡിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇനിയ ആണ് നായിക. ഇത് രണ്ടാം തവണയാണ് ഇനിയ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്. നേരത്തേ രഞ്ജിത് സംവിധാനം ചെയ്ത പുത്തൻപണത്തിലും ഇനിയ അഭിനയിച്ചിട്ടുണ്ട്.
അഭിനയത്തിൽ മമ്മൂക്ക ഒരുപാട് സഹായിച്ചുവെന്ന് ഇനിയ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. 'ഞാനും മമ്മൂക്കയും തമ്മിൽ വാദപ്രതിവാദങ്ങൾ നടത്തുന്ന ഒരു സീനുണ്ട്. വൈകാരികമായ ആ സീൻ കുറച്ച് ദൈർഘ്യമേറിയതാണ്. ഷൂട്ടിങ്ങിനിടെ എന്റെ ഒരുപാട് ക്ലോസപ്പ് ഷോട്ടുകള്‍ എടക്കാന്‍ പറഞ്ഞു. പിന്നെ ഇടയ്ക്ക് സംവിധായകനില്‍ നിന്ന് മൈക്ക് വാങ്ങി സ്വയം സംവിധാനം ചെയ്യാനും തുടങ്ങി' യെന്ന് ഇനിയ പറയുന്നു.
അഭിനയിക്കുന്നയാളുടെ പ്രകടനം അത്രമേൽ ഇഷ്ടപെട്ടാൽ മാത്രമേ മമ്മൂക്ക അങ്ങനെ ചെയ്യുകയുള്ളുവെന്ന് സഹപ്രവർത്തകർ പറഞ്ഞുവെന്നും അത് തനിക്കൊരു വലിയ ബഹുമതിയാണെന്നും ഇനിയ പറയുന്നു. ചിത്രത്തിൽ മെഗാസ്റ്റാറിന്റെ സഹോദരിയായി അഭിനയിക്കുന്നത് മിയ ആണ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയിൽ പുരോഗമിക്കുന്നു. നേരത്തേ മെഗാസ്റ്റാറിന്റെ ഗ്രേറ്റ്ഫാദർ എന്ന ചിത്രത്തിൽ മിയ അഭിനയിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്.