ജയിലറില്‍ രജനിയുടെ വില്ലന്‍ മമ്മൂട്ടി തന്നെയായിരുന്നു; പിന്നീട് ഒഴിവാക്കിയത് ഇക്കാരണത്താല്‍, വെളിപ്പെടുത്തല്‍
വിനായകന്‍ ചെയ്ത വില്ലന്‍ വേഷം തെന്നിന്ത്യയിലെ മറ്റൊരു സൂപ്പര്‍താരത്തെ കൊണ്ട് ചെയ്യിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്ന് രജനി നേരത്തെ വെളിപ്പെടുത്തിയിരുന്നു
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ജയിലര്‍ തിയറ്ററുകളില്‍ വന്‍ വിജയമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിവസം പൂര്‍ത്തിയാകുമ്പോള്‍ വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസ് കളക്ഷന്‍ 300 കോടി കടന്നതായാണ് റിപ്പോര്‍ട്ട്. മലയാളത്തില്‍ നിന്ന് മോഹന്‍ലാല്‍, വിനായകന്‍ എന്നിവര്‍ ജയിലറില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. വിനായകന്‍ അവതരിപ്പിച്ച വില്ലന്‍ വേഷം തെന്നിന്ത്യയിലാകെ ചര്‍ച്ചയായിരിക്കുകയാണ്. വര്‍മന്‍ എന്ന വില്ലന്‍ കഥാപാത്രത്തെയാണ് വിനായകന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
വിനായകന്‍ ചെയ്ത വില്ലന്‍ വേഷം തെന്നിന്ത്യയിലെ മറ്റൊരു സൂപ്പര്‍താരത്തെ കൊണ്ട് ചെയ്യിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെന്ന് രജനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അത് ആരാണെന്ന് രജനി വെളിപ്പെടുത്തിയിരുന്നില്ല. മമ്മൂട്ടിയോ കമല്‍ഹാസനോ ആണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ജയിലറുമായി ബന്ധപ്പെട്ട ആരും കൃത്യമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നില്ല. ഇപ്പോള്‍ ഇതാ അത് മമ്മൂട്ടി തന്നെയായിരുന്നു എന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ജയിലറില്‍ അഭിനയിച്ച വസന്ത് രവിയാണ് ഇതേ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
വര്‍മന്‍ എന്ന വില്ലനായി എത്തേണ്ടിയിരുന്നത് മമ്മൂട്ടി ആയിരുന്നുവെന്ന് രജനികാന്ത് തന്നോട് പറഞ്ഞെന്ന് വസന്ത് പറയുന്നു. എന്നാല്‍ മലയാളത്തിലെ ഇത്രയും വലിയൊരു താരത്തെ കൊണ്ടുവന്ന് ഇങ്ങനെയൊരു കഥാപാത്രം നല്‍കാന്‍ തനിക്ക് വിഷമമുണ്ടെന്ന് രജനികാന്ത് പറഞ്ഞതായും വസന്ത് വെളിപ്പെടുത്തി.
' പ്രതിനായകനായി മമ്മൂട്ടി സാറിനെയാണ് ആദ്യം തീരുമാനിച്ചത്. ലൊക്കേഷനില്‍ വെച്ച് രജനി സാര്‍ തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. നെല്‍സണ്‍ ഓക്കെ പറഞ്ഞതോടെ രജനി സാര്‍ മമ്മൂട്ടി സാറിനെ ഫോണില്‍ വിളിച്ചു സംസാരിച്ചു. പക്ഷേ കുറേ കഴിഞ്ഞ് രജനി സാര്‍ ആലോചിച്ചു. മലയാളത്തിലെ വലിയൊരു നടനാണ് മമ്മൂട്ടി. അദ്ദേഹത്തെ ഇവിടെ കൊണ്ടുവന്ന് ഇങ്ങനെയൊരു വില്ലന്‍ വേഷം നല്‍കുന്നതില്‍ വിഷമം തോന്നിയെന്ന് രജനി സാര്‍ പറഞ്ഞു. ഇങ്ങനെയൊരു റോള്‍ മമ്മൂട്ടി സാറിന് ചേരില്ലെന്ന് തോന്നിയ രജനി സാര്‍, ഈ പ്രൊജക്ട് വേണ്ട മറ്റൊരു പ്രൊജക്ട് ഒന്നിച്ച് ചെയ്യാമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അക്കാര്യം ശരിയാണെന്ന് എനിക്ക് തോന്നി. രണ്ടാളും കൂടി മറ്റൊരു സിനിമ ചെയ്യണമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു,' വസന്ത് രവി പറഞ്ഞു.