അടുത്തിടെയാണ് സംഗീത സംവിധായകൻ ജിവി പ്രകാശ് കുമാറും ഗായിക സൈന്ധവിയും വിവാഹമോചിതരായത്. വിവാഹമോചിതരായതിന് ശേഷവും ഇരുവരും ഒരുമിച്ചൊരു വേദിയിൽ പാടാനെത്തിയത് വൈറലായി മാറിയിരുന്നു. ഈ പെർഫോമൻസിന് പിന്നാലെ ഇരുവരും വീണ്ടും ജീവിതത്തിൽ ഒന്നിക്കുന്നുവെന്ന തരത്തിലും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ ഇതിൽ വിശദീകരണം നൽകിയിരിക്കുകയാണ് ജിവി പ്രകാശ്.
തങ്ങൾ അങ്ങേയറ്റം പ്രൊഫഷണൽ ആണെന്നും അതുകൊണ്ടു മാത്രമാണ് വേദിയിൽ ഒരുമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രവുമല്ല, തങ്ങൾക്കിടയിൽ പരസ്പര ബഹുമാനം നിലനിൽക്കുന്നുണ്ടെന്നും അത് ഇനിയും തുടരുമെന്നും ജിവി പ്രകാശ് പറഞ്ഞു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ജിവി പ്രകാശ് ഇക്കാര്യം തുറന്നു പറഞ്ഞത്.
കഴിഞ്ഞ മാസം മലേഷ്യയിൽ നടന്ന സംഗീതപരിപാടിയിലാണ് ജിവി പ്രകാശ് കുമാറും മുൻ ഭാര്യ സൈന്ധവിയും ഒരുമിച്ചു വേദിയിലെത്തിയത്. 'പിറൈ തേടും' എന്ന പാട്ട് സൈന്ധവി പാടുകയും ജിവി പ്രകാശ് അതിന് അനുസരിച്ച് പിയാനോ വായിക്കുകയും ചെയ്തു. 2011 ൽ പുറത്തിറങ്ങിയ 'മയക്കം എന്ന' എന്ന ചിത്രത്തിനു വേണ്ടി ജിവി പ്രകാശ് ഈണമൊരുക്കിയ പാട്ടാണ് 'പിറൈ തേടും'.