1996 പുറത്തിറങ്ങിയ സിബി മലയില്‍ ചിത്രമാണ് കാണാക്കിനാവ്. ടി എ റസാക്ക് തിരക്കഥയെഴുതിയ ആ സിനിമയില്‍ മുരളിയും മുകേഷും സുകന്യയുമായിരുന്നു പ്രധാന താരങ്ങള്‍.
മതം ഒരു സമൂഹത്തെ ഏതൊക്കെ രീതിയില്‍ നെഗറ്റീവായി ബാധിക്കുന്നു എന്നുള്ള ഹൃദയസ്പര്‍ശിയായ ആഖ്യാനമായിരുന്നു ആ സിനിമ. കാണാക്കിനാവിന്‍റെ രചനയ്ക്ക് ഏറ്റവും മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാര്‍ഡ് ടി എ റസാക്കിന് ലഭിച്ചു.
ഇപ്പോള്‍ ലോഹിതദാസിന്‍റെ ഭാര്യ സിന്ധു ലോഹിതദാസ് ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു. ‘കാണാക്കിനാവ്’ എന്ന തിരക്കഥ ലോഹിതദാസ് ആണെഴുതിയത് എന്നാണ് സിന്ധുവിന്‍റെ വെളിപ്പെടുത്തല്‍. പല സിനിമകളുടെയും സ്ക്രിപ്റ്റ് ശരിയാക്കാനായി പലരും ലോഹിയുടെ സഹായം സ്വീകരിക്കാറുണ്ടായിരുന്നു. ഒട്ടേറെ സിനിമകള്‍ അങ്ങനെ ലോഹി സ്പര്‍ശത്തോടെ പുറത്തുവന്നിട്ടുണ്ട്. 'മീനത്തില്‍ താലികെട്ട്’ എന്ന സിനിമയുടെ ക്ലൈമാക്സ് ലോഹിതദാസിന്‍റെ സൃഷ്ടിയാണെന്ന് അടുത്തിടെ ലാല്‍ ജോസ് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ‘കാണാക്കിനാവ്’ സംബന്ധിച്ച വെളിപ്പെടുത്തല്‍ കൂടുതല്‍ ഗൌരവമുള്ളതാണ്. കാരണം ആ തിരക്കഥയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചതാണ്.
“ലോഹിയാണ് കാണാക്കിനാവ് തനിക്ക് എഴുതിത്തന്നതെന്ന് റസാക്ക് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്” എന്നാണ് സിന്ധു പറഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളും ചര്‍ച്ചകളും നടക്കുമെന്ന് പ്രതീക്ഷിക്കാം.