Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നിങ്ങള്‍ നിങ്ങടെ കാര്യം നോക്ക്, നിങ്ങള്‍ക്ക് തന്നെ അഭിനയിക്കാന്‍ അറിയില്ല': ക്യാപ്റ്റൻ രാജുവിനെ കരയിപ്പിച്ച കലാഭവൻ മണി - ലാൽ ജോസ് പറയുന്നു

ക്യാപ്റ്റൻ രാജുവിനെ കരയിപ്പിച്ച കലാഭവൻ മണി!

'നിങ്ങള്‍ നിങ്ങടെ കാര്യം നോക്ക്, നിങ്ങള്‍ക്ക് തന്നെ അഭിനയിക്കാന്‍ അറിയില്ല': ക്യാപ്റ്റൻ രാജുവിനെ കരയിപ്പിച്ച കലാഭവൻ മണി - ലാൽ ജോസ് പറയുന്നു

നിഹാരിക കെ എസ്

, ശനി, 14 ഡിസം‌ബര്‍ 2024 (09:50 IST)
മലയാളികളുടെ എക്കാലത്തെയും പ്രിയനടൻ ആരെന്ന ചോദ്യത്തിന് എല്ലാവർക്കും ഒരുത്തരമേ ഉണ്ടാകൂ, കലാഭവൻ മണി. കലാഭവൻ മണിയെന്ന കലാകാരൻ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ്. മണിയുടെ വേർപാട് അദ്ദേഹത്തിന്റെ ആരാധകർക്ക് അവിശ്വസനീയമായിരുന്നു. ഇപ്പോഴിതാ കലാഭവൻ മണിയെക്കുറിച്ചുള്ള ഓർമ്മ പങ്കിടുകയാണ് സംവിധായകൻ ലാൽ ജോസ്. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ലാൽ ജോസ് മണിയെക്കുറിച്ച് സംസാരിക്കുന്നത്. 
 
ആത്മവിശ്വാസത്തിൻ്റെ ആൾരൂപമായിരുന്നു മണി എന്നാണ് ലാൽ ജോസ് പറയുന്നത്. പട്ടാളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മണി ക്യാപ്റ്റൻ രാജുവിനോട് ദേഷ്യപ്പെട്ടതിനെക്കുറിച്ചും ലാൽ ജോസ് വീഡിയോയിൽ സംസാരിക്കുന്നുണ്ട്. പട്ടാളം എന്ന സിനിമ ചെയ്യുമ്പോൾ ഒരു സംഭവമുണ്ടായി. രാത്രി പട്ടാള ക്യാമ്പിലേക്ക് മണി ഓടി വരുന്നൊരു രംഗമുണ്ട്. കുറച്ച് ദൈർഘ്യമുള്ള ഡയലോഗാണ്. സാധാരണ മണി ഫസ്റ്റ് ടേക്കിൽ ഓക്കെ ആക്കുന്നതാണ്. പക്ഷെ ആ ഷോട്ട് മാത്രം എത്ര ചെയ്തിട്ടും ശരിയാകുന്നില്ല. 
 
പത്ത് ടേക്ക് കഴിഞ്ഞതോടെ മണിയുടെ ആത്മവിശ്വാസം പോയി. അതോടെ മണിയ്ക്ക് ദേഷ്യവും സങ്കടവുമൊക്കെ വരാൻ തുടങ്ങിയെന്ന് ലാൽ ജോസ് പറയുന്നു. കുറച്ച് നേരം നിർത്തിവെക്കാമെന്ന് ഞാൻ പറഞ്ഞു. അല്ലെങ്കിൽ നാളെ ചെയ്യാമെന്നും പറഞ്ഞു. അത് പറ്റില്ല, നാളെ ഞാൻ ഇല്ലെന്ന് മണി പറഞ്ഞു. മണി സ്വയം ചീത്ത പറയാനും അടിക്കാനുമൊക്കെ തുടങ്ങി. 
 
വീണ്ടും ചെയ്യും, വീണ്ടും തെറ്റും. ഞാൻ നിസ്സഹാനായി നിൽക്കുകയാണ്. മണിയെ ആശ്വസിപ്പിക്കാൻ പറ്റുന്നില്ല. മണിയുടെ ദേഷ്യം കൂടാൻ തുടങ്ങി. അതോടെ തെറ്റുകളും കൂടാൻ തുടങ്ങി. ഞാൻ പറഞ്ഞിട്ടും ശരിയാകുന്നില്ലെന്ന് കണ്ടപ്പോൾ ക്യാപ്റ്റൻ രാജു ചേട്ടൻ ഇടപെട്ടു. രാജുച്ചയാന്‍ സാധു മനുഷ്യനാണ്. അദ്ദേഹം മണിയെ വിളിച്ച് 'മോനെ, ഞാനൊരു'... എന്ന് പറഞ്ഞ് തുടങ്ങിയതും മണി രാജുച്ചായനോട് ഭയങ്കരമായി ദേഷ്യപ്പെട്ടു. 'നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കിയാല്‍ മതി, നിങ്ങള്‍ക്ക് തന്നെ അഭിനയിക്കാന്‍ അറിയില്ല' എന്നൊക്കെ പറഞ്ഞ് മണി രാജുച്ചയാനോട് ഭയങ്കരമായി ദേഷ്യപ്പെട്ടു. 
 
രാജുച്ചായന്‍ മാറി നിന്ന് കരഞ്ഞു. 'എന്നാലും അവന്‍ എന്നോട് അങ്ങനെ പറഞ്ഞല്ലോ, ഞാന്‍ അവനെ സമാധാനിപ്പിക്കാന്‍ ചെന്നതല്ലേ' എന്ന് പറഞ്ഞാണ് അദ്ദേഹം കരഞ്ഞതെന്നും ലാല്‍ ജോസ് പറയുന്നു. 'അത് നോക്കണ്ട, ഇപ്പോള്‍ അവന്റെ കയ്യില്‍ നിന്നും പോയിരിക്കുകയാണ്. എല്ലാം സിംഗിള്‍ ടേക്കില്‍ ചെയ്യുന്ന ആളാണ്. ഇത്രയും ആളുകള്‍ നില്‍ക്കെ തെറ്റ് വരുന്നു. അതില്‍ നിന്നും ഉണ്ടായ അപമാനം കൊണ്ടാണ്. മറ്റുള്ളവര്‍ക്ക് അത് മനസിലാകും. പക്ഷെ മണിയ്ക്ക് സ്വയം തോന്നുന്നൊരു അപമാനം കൊണ്ടാണ് പ്രകോപിതനാകുന്നത്. അവനോട് ക്ഷമിക്കണം. അവന് പക്വതയില്ലാത്തതു കൊണ്ട് സംഭവിച്ചതാ'ണെന്നൊക്കെ പറഞ്ഞ് അദ്ദേഹത്തെ താന്‍ സമാധാനിപ്പിച്ചുവെന്നാണ് ലാല്‍ ജോസ് പറയുന്നത്. അങ്ങനെ 22-ാമത്തെ ടേക്കില്‍ ആ രംഗം ഓക്കെയായെന്നും ലാല്‍ ജോസ് പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വിസ്റ്റ്! പ്രതിക്കൂട്ടിൽ ആവുക പോലീസ്? പൊലീസ് സുരക്ഷയ്ക്ക് ഡിസംബർ 2-ന് തന്നെ അപേക്ഷ നൽകിയിരുന്നുവെന്ന് തിയേറ്റർ