Publish Date: Fri, 09 Apr 2021 (12:46 IST)
Updated Date: Fri, 09 Apr 2021 (12:48 IST)
ഇലക്ഷന്‍ തിരക്കുകള്‍ കഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ് കൃഷ്ണകുമാര്‍. ഇലക്ഷന്‍ പ്രചാരണത്തിന് ഭാര്യ സിന്ധുവും മക്കളും മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ഇലക്ഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ അച്ഛനില്‍ വന്ന ഒരു മാറ്റത്തെ കുറിച്ച് തന്റെ മക്കള്‍ പറഞ്ഞു. അതിനെക്കുറിച്ച് രസകരമായ കുറിപ്പ് എഴുതിയിരിക്കുകയാണ് കൃഷ്ണകുമാര്‍.
കൃഷ്ണകുമാറിന്റെ വാക്കുകളിലേക്ക്
'സ്ഥാനാര്‍ഥി പട്ടിക വന്ന മാര്‍ച്ച് 14 മുതല്‍ ഇലക്ഷന്‍ നടന്ന ഏപ്രില്‍ 6 വരെ കടന്നു പോയത് അറിഞ്ഞില്ല. അത്ര വേഗത്തില്‍ ആണ് ദിവസങ്ങള്‍ കടന്നു പോയത്. വൈകുന്നേരം 6.30നു പഴവങ്ങാടിയില്‍ നിന്നും ഓപ്പണ്‍ ജീപ്പില്‍ കേറിയത് മുതല്‍ ജനങ്ങളുടെ കൂടെ ആയിരുന്നു. രാവിലെ 7 മുതല്‍ രാത്രി 10 വരെ. അതിനു ശേഷം സോഷ്യല്‍ മീഡിയ വിഡിയോസും, ഫോട്ടോ ഷൂട്ടും. പലദിവസങ്ങളിലും വെളുപ്പിനെ 2 മണിവരെ. ഒരിക്കലും ക്ഷീണം തോന്നിയില്ല, ശാരീരിക പ്രശ്‌നങ്ങളും. ദൈവത്തിനു നന്ദി. എത്രയും ആനന്ദത്തോടെ അടുത്തിടെ ഒരു ജോലിയും ചെയ്തിട്ടില്ല . ജനങ്ങള്‍ നല്‍കിയ സ്വീകരണവും, സ്നേഹവും എനിക്ക് തന്ന ഊര്‍ജം അത്രക്കായിരുന്നു. കഴിഞ്ഞ 20 ദിവസത്തോളം വെയിലത്തായിരുന്നത് കൊണ്ടാകാം എന്റെ നിറം ആകെ മാറി. ഇലക്ഷന്‍ കഴിഞ്ഞു മക്കളോടൊപ്പം ഇരുന്നു സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു അച്ഛന്റെ കളര്‍ ആകെ മാറി. വാനില അച്ഛന്‍ ഇപ്പോള്‍ ചോക്ലേറ്റ് അച്ഛന്‍ ആയെന്നു'- നടന്‍ കൃഷ്ണകുമാര്‍ കുറിച്ചു.