ലാളിത്യമുള്ള കുടുംബചിത്രം എന്ന ഒറ്റ വിശേഷണം മതി ‘ഒരു കുട്ടനാടന്‍ ബ്ലോഗ്’ എന്ന മമ്മൂട്ടിച്ചിത്രത്തിന്. ആ വിശേഷണമാണ് മലയാളത്തിലെ കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ചതും. വിമര്‍ശനങ്ങള്‍ക്കിടയിലും മികച്ച ബോക്സോഫീസ് കളക്ഷനുമായി മുന്നേറുകയാണ് ഈ മമ്മൂട്ടി സിനിമ.
സേതു സംവിധാനം ചെയ്ത ഈ ചിത്രം രണ്ടാം വാരം പിന്നിടുമ്പോള്‍ കളക്ഷനും 15 കോടിയിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം വന്ന ചിത്രങ്ങളെല്ലാം യുവാക്കളെ ലക്‍ഷ്യം വയ്ക്കുമ്പോള്‍ കുടുംബപ്രേക്ഷകരെ ഉന്നം വച്ചതാണ് കുട്ടനാടന്‍ ബ്ലോഗിന് ഗുണമായത്. എല്ലാദിവസവും എല്ലാ സെന്‍ററുകളിലും എല്ലാ ഷോയും ഹൌസ്ഫുള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
റായ് ലക്ഷ്മി, അനു സിത്താര, ഷംന എന്നീ നായികമാരുടെ സാന്നിധ്യവും മമ്മൂട്ടിയുടെ ഹരിയേട്ടന്‍ എന്ന ഹ്യൂമര്‍ ടച്ചുള്ള കഥാപാത്രവുമാണ് ചിത്രത്തിന്‍റെ വന്‍ വിജയത്തിന് കാരണം. ആദ്യ മൂന്ന് ദിവസങ്ങള്‍ കൊണ്ടുതന്നെ മുതല്‍മുടക്ക് തിരിച്ചുപിടിച്ച കുട്ടനാടന്‍ ബ്ലോഗ് സേതുവിനും സംവിധായകരുടെ ഇടയില്‍ ഒരു സ്ഥാനം നേടിക്കൊടുത്തിരിക്കുകയാണ്.
കുട്ടനാടന്‍ ഭംഗി ആവോളം ആസ്വദിക്കാം എന്നതാണ് ഈ സിനിമ കാണുന്നതുകൊണ്ടുള്ള പ്രധാനഗുണം. പ്രദീപ് നായരുടെ ക്യാമറ കുട്ടനാടിനെ സ്ക്രീനിലേക്ക് ആവാഹിച്ചിരിക്കുകയാണ്. ഏറെക്കാലത്തിന് ശേഷം ലാലു അലക്സിന്‍റെ ഗംഭീര പ്രകടനത്തിനും ഈ ചിത്രം സാക്‍ഷ്യം വഹിക്കുന്നു.