തളത്തിൽ ദിനേശനായി നിവിനും ശോഭയായി നയൻസും; ലൗ ആക്ഷൻ ഡ്രാമയുടെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി
തളത്തിൽ ദിനേശനായി നിവിനും ശോഭയായി നയൻസും; ലൗ ആക്ഷൻ ഡ്രാമയുടെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി
Publish Date: Sat, 28 Jul 2018 (12:41 IST)
Updated Date: Sat, 28 Jul 2018 (12:47 IST)
നിവിൻ പോളിയേയും നയൻതാരയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗ ആക്ഷൻ ഡ്രാമ. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനത്തിലേക്കുള്ള ധ്യാനിന്റെ അരങ്ങേറ്റ ചിത്രമാണ്. ചിത്രത്തിന്റെ ആദ്യഘട്ടം ഇന്നലെ പൂർത്തിയായി.
ഇക്കാര്യം നിവിന്‍ പോളിയും അജു വര്‍ഗീസുമാണ് ട്വിറ്റ് ചെയ്‌തത്. ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ ചിത്രം സഹിതമായിരുന്നു ട്വീറ്റ്. ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥയൊരുക്കുന്നതെന്ന പ്രത്യേകതകൂടി ചിത്രത്തിനുണ്ട്. നിർമ്മാണത്തിലേക്കുള്ള അജുവിന്റെ ആദ്യചുവടുവെയ്‌പ്പും ഈ ചിത്രത്തിലൂടെ തന്നെയാണ്.
സൂപ്പർഹിറ്റ് ചിത്രമായ 'വടക്കുനോക്കിയന്ത്ര'ത്തിന്റെ സെക്കൻഡ് പാർട്ടാണോ ഈ ചിത്രം എന്ന സംശയവും ആരാധകർക്കുണ്ട്. ശ്രീനിവാസന്റെ കരിയറിലെതന്നെ ഏറ്റവും മികച്ച ചിത്രം എന്ന് പറയാൻ കഴിയുന്ന വടക്കുനോക്കിയന്ത്രത്തിലെ നായികാ നായകന്റെ പേരാണ് ലൗ ആക്ഷൻ ഡ്രാമയിലെ നായികാ നായകനും. തളത്തില്‍ ദിനേശനും ശോഭയും. എന്നാൽ ചിത്രം വടക്കുനോക്കിയന്ത്രത്തിന്റെ രണ്ടാംഭാഗമല്ലെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. തളത്തില്‍ ദിനേശനായി നിവിനേയും ശോഭയായി നയൻതാരയേയും പ്രേക്ഷകർ ഏറ്റെടുക്കുമോ എന്നു കാത്തിരുന്നുതന്നെ കാണാം.