പൃഥ്വിക്കു മുമ്പില്‍ അനുസരണയോടെ നില്‍ക്കുമ്പോള്‍ തോന്നുന്നത്‍; ലൂസിഫറിന്റെ വിശേഷം പങ്കുവെച്ച് മോഹന്‍ലാല്‍
പൃഥ്വിക്കു മുമ്പില്‍ അനുസരണയോടെ നില്‍ക്കുമ്പോള്‍ തോന്നുന്നത്‍; ലൂസിഫറിന്റെ വിശേഷം പങ്കുവെച്ച് മോഹന്‍ലാല്‍
ആരാധകരുടെ പ്രിയതാരമായ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സംവിധായകനും നായകനും സൂപ്പര്‍ സ്‌റ്റാറുകള്‍ ആയതിനാല്‍ പ്രതീക്ഷയോടെയും ആരാധനയോടെയുമാണ് ചിത്രത്തെ ആരാധകര്‍ നോക്കി കാണുന്നത്.
ലൂസിഫര്‍ എന്ന ചിത്രത്തെക്കുറിച്ചും ഈ സിനിമയുടെ ഭാഗമാകുന്ന എല്ലാവരുമായുള്ള തനിക്കുള്ള ആത്മബന്ധവും തന്റെ ബ്ലോഗിൽ മോഹന്‍ലാല്‍ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. വിസ്‌മയ ശലഭങ്ങള്‍ എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പില്‍ സിനിമയെക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും വാചാലനായി അദ്ദേഹം.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം
വിസ്‌മയ ശലഭങ്ങള്‍
വഴികളിലും വളവുകളിലുമെല്ലാം ജീവിതം അത്ഭുതങ്ങൾ കാത്ത് വച്ചിട്ടുണ്ടാവും എന്ന് ആരോ പറഞ്ഞത് ഓർക്കുന്നു. എന്നാൽ നമ്മിൽ പലരും അത് കാണാൻ ശ്രമിക്കാറില്ല. കണ്ടാൽ തന്നെ അതിനെ ഗൗനിക്കാറില്ല. അതിൽ നിഷ്കളങ്കമായി അത്ഭുതപ്പെടാറില്ല. നാം തന്നെ നമുക്ക് മുകളിൽ കെട്ടിപ്പൊക്കിയ തിരക്കുകളും നമ്മുടെയുള്ളിൽ തന്നെ കുമിഞ്ഞ ഈഗോകളും നമ്മുടെ കണ്ണുകളിൽ നിന്ന് നിഷ്കളങ്കതയുടെ പടലങ്ങളെ മായ്ച്ചു കളഞ്ഞിരിക്കുന്നു. ജീവിതം അതിന്റെ ഭംഗികളുമായി മുന്നിൽ വരുമ്പോഴും നാം വിരസമായ മുഖത്തോടെയായിരുന്നു.
ജീവിതത്തിലെ അപ്രതീക്ഷിതമായ എല്ലാ കാര്യങ്ങളേയും അതിന്റേതായ രീതിയിൽ വിസ്മയത്തോടെ മാറി നിന്ന് നിരീക്ഷിക്കുവാൻ ഞാൻ ശ്രമിക്കാറുണ്ട്. അപ്പോൾ ആരോ എവിടെയോ ഇരുന്ന് നെയ്യുന്ന ഒരു അത്ഭുത വല പോലെ തോന്നും ജീവിതം. ഓരോ കാര്യത്തിനും എവിടെയൊക്കെയോ ഉള്ള ഏതോ കാര്യം കാരണമായിട്ടുണ്ടാവാം. ഈ വലയിൽ ഒരു നൂല് പോലും വേറിട്ട് നിൽക്കുന്നില്ല. എല്ലാത്തിനുമുണ്ട് പരസ്പര ബന്ധം.
പുതിയ സിനിമയായ ‘ലൂസിഫറിൽ' പൃഥ്വിരാജ് സുകുമാരന്റെ ക്യാമറയ്ക്കും നിർദ്ദേശങ്ങൾക്കും മുന്നിൽ അനുസരണയോടെ നിന്നപ്പോൾ എന്റെ മനസിൽ തോന്നിയ കാര്യങ്ങൾ ആണിവ. കാലം എത്ര വേഗത്തിലാണ് പാഞ്ഞ് പോകുന്നത്. ഈ യുവാവിന്റെ അച്ഛന്റെ കൂടെ ഞാൻ അഭിനയിച്ചിട്ടുണ്ടല്ലോ. എന്റെ ആദ്യത്തെ ഷോട്ടിൽ എന്റെ മുന്നിൽ നിൽക്കുന്നത് ഞാൻ പാച്ചിക്ക എന്ന് വിളിക്കുന്ന പ്രിയപ്പെട്ട സംവിധായകൻ ഫാസിലാണ്. മുപ്പത്തിയെട്ട് വർഷങ്ങൾക്ക് മുമ്പ് എന്നെ സിനിമയിലേക്ക് കൈപിടിച്ച് നടത്തിയ ആൾ.... 34 വർഷങ്ങൾക്ക് മുമ്പ് എനിക്കൊപ്പം നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിൽ പാച്ചിക്കാ അഭിനയിച്ചിരുന്നു. അതിന് ശേഷം ഇപ്പോൾ, ഒരു കഥാപത്രമായി എനിക്ക് മുഖാമുഖം. ഈ സിനിമ എഴുതിയത് എന്റെ പ്രിയപ്പെട്ട ഭരത് ഗോപി ചേട്ടന്റെ മകൻ മുരളീ ഗോപി. മറ്റൊരു നടൻ പൃഥ്വിയുടെ സഹോദരൻ ഇന്ദ്രജിത്ത്. അപൂർവമായ ഒരു സംഗമം. ഇത് പൂർവകൽപ്പിതമാണെന്ന് എന്ന് വിശ്വസിച്ച് അതിൽ വിസ്മയിക്കാനാണ് എനിക്ക് ഇഷ്ടം.
പൃഥ്വിയുടെ ചലനങ്ങളിൽ സുകുമാരൻ ചേട്ടന്റെ ഒരുപാട് നിഴലുകൾ വീണിട്ടുണ്ട് എന്നെനിക്ക് തോന്നാറുണ്ട്. സുകുമാരൻ ചേട്ടനുമായും പൃഥ്വിയുടെ അമ്മ മല്ലിക ചേച്ചിയുമായും തിരുവനന്തപുരത്ത് ഉള്ള കാലത്ത് തന്നെ എനിക്ക് കുടുംബപരമായ അടുപ്പമുണ്ട്. മദിരാശിയിൽ സുകുമാരൻ ചേട്ടന്റെ വീട്ടിലായിരുന്നു പാച്ചിക്കാ താമസിച്ചിരുന്നത്. പൃഥ്വിയും ഇന്ദ്രജിത്തും കളിച്ച് നടക്കുന്നത് ക്യമറയിലൂടെയല്ലാതെ തന്നെ കണ്ടയാളാണ് പാച്ചിക്കാ. ജീവിതത്തിലെ ഒരു കാര്യങ്ങളും ഒരു രേഖകളും വെറുതെയാവുന്നില്ല. എവിടെയൊക്കെയോ പരസ്പരം ബന്ധപ്പെടാനായി അവർ യാത്ര തുടരുന്നു. അതെ....
‘There is a meaning in each line and curve’
എന്നെ സംബന്ധിച്ച് ഇതിലൊക്കെ അത്ഭുതകരമായ ഒരു കാര്യം, ഏറെ തിരക്കുള്ള, ആരാധകരുള്ള നടനായ പൃഥ്വിരാജ്, അദ്ദേഹത്തിന്റെ സംവിധാനത്തിന് കീഴിൽ അഭിനയിക്കാൻ സാധിക്കുക എന്നതാണ്. ഒരുപാട് സിനിമകൾ ഉള്ള അയാൾ എന്തിനാണ് ഇപ്പോൾ ഒരു സിനിമ സംവിധാനം ചെയ്യുന്നത് എന്ന് ചോദിക്കാം. അത് അയാളുടെ ഒരു പാഷനാണ്. ഏത് വിഷയത്തിലും അത്തരമൊരു താത്പര്യം ഉണ്ടാകുമ്പോൾ ചെയ്യുന്നത് ഒരു ജോലിയാവില്ല. ചെയ്യുന്ന ആൾ ആ വിഷയമായി മാറും. അയാളിൽ അപ്പോൾ ഒരു പ്രത്യേക ലഹരിയുടെ.. transന്റ അംശമുണ്ടാവും. അത്തരക്കാരുമായി സർഗാത്മകമായ കാര്യങ്ങളിൽ ഏർപ്പെടുന്നത് ഏറെ സുഖകരമായ ഒരു കാര്യമാണ്. ഞാനിപ്പോൾ അതാണ് അനുഭവിക്കുന്നത്.
ഒരു പക്ഷേ ലോകത്ത് തന്നെ അപൂർവമായിരിക്കാം ഏറെ തിരക്കുള്ള ഒരു നടൻ അതെല്ലാം മാറ്റിവച്ചിട്ട് സംവിധായകനാകുന്നത്. ഇവിടെ സംവിധായകനിൽ നടൻ കൂടിയുണ്ട്. എന്നിലുമുണ്ട് ഒരു നടൻ. പക്ഷേ എന്നിൽ ഒരു സംവിധായകനില്ല. എന്താണോ എന്റെ നടനായ സംവിധായകന് വേണ്ടത് എന്ന് എന്നിലെ നടന് മനസിലാവണം. എന്നിലെ നടനിൽ നിന്ന് എന്തെടുക്കണം എന്ന് നടനായ സംവിധായകനും. ആ ഒരു രസതന്ത്രത്തിൽ എത്തിയാൽ ഞങ്ങലെ പോലും അത്ഭുതപ്പെടുത്തുന്ന പിറവികളുണ്ടാവാം. അതിനായാണ് ഞങ്ങൾ ഇപ്പോൾ ഒരുമിച്ച് യാത്ര തുടരുന്നത്. അത്തരം ഒരു അവസ്ഥയിലേക്ക് എത്താൻ ഞാൻ നടനെന്ന നിലയിൽ പൂർണമായും സമർപ്പിക്കണം... യാതൊരു വിധ അഹന്തകളുമില്ലാതെ.... ഒരുപാട് പേരുടെ പാഷനോടൊപ്പം ഞാനും...
നാൽപ്പത് വർഷത്തിലധികമായി ഞാൻ അഭിനയിക്കുന്നു. ഒരിക്കൽ ഏതോ ഒരു സിനിമയിൽ ഒരുപാട് നടൻമാരോടൊപ്പമുള്ള ഒരു ഷോട്ടിനിടെ പെട്ടെന്ന് ഒരു ഓർമ എന്നിൽ മിന്നൽ പോലെ വന്ന് മാഞ്ഞു. എന്റെ മുന്നിൽ നിൽക്കുന്ന മിക്ക നടൻമാരുടെയും.. അവരുടെ അച്ഛന്റെ കൂടെയും ഞാൻ അഭിനയിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാർ, ബിജുമേനോൻ, സായ്കുമാർ, വിജയരാഘവൻ, പൃഥ്വിരാജും ഇന്ദ്രജിത്തും, മുരളി ഗോപി.. മുകേഷിന്റെ അമ്മയൊടൊപ്പം..
അങ്ങിനെയങ്ങിനെ തലമുറകൾ ഒഴുകിപ്പോകുന്നു. അതിന്റെ നടുവിൽ ഒരു നാളം പോലെ അണയാതെ നിൽക്കാൻ ഞാൻ ശ്രമിക്കുന്നു. ഈ തലമുറകളെല്ലാം എന്നെ തഴുകി കടന്ന് പോയതാണ്. ഔഷധവാഹിയായ അരുവിയെ പോലെ സുഗന്ധം നിറഞ്ഞ കാറ്റിനെ പോലെ, അത് ഗുരുത്വമായും കരുത്തായും എന്നിലേക്ക് കുറച്ചൊക്കെ പ്രവഹിച്ചിട്ടുണ്ടാവാം. ഇപ്പോൾ പുതിയ തലമുറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഒരു കലാകാരനെന്ന നിലയിൽ ഞാൻ കൂടുതൽ വിനീതനാവുന്നു. അവരിൽ നിന്നും പഠിക്കാൻ ശ്രമിക്കുന്നു. അതിലെ ആനന്ദം രഹസ്യമായി അനുഭവിക്കുന്നു. അതിലൂടെ ഒരു വിസ്മയ ശലഭമായി പറന്ന്.. പറന്ന്.. പറന്ന്.. അങ്ങനെ..
സ്നേഹപൂർവം
മോഹൻലാൽ