Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിനോട് പറയാന്‍ ചെന്നത് വേറൊരു കഥ, എന്നാല്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ പെട്ടെന്ന് കഥ മാറ്റി !

മോഹന്‍ലാലിനോട് പറയാന്‍ ചെന്നത് വേറൊരു കഥ, എന്നാല്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ പെട്ടെന്ന് കഥ മാറ്റി !

പ്രയാഗ അനീഷ്

, തിങ്കള്‍, 11 നവം‌ബര്‍ 2019 (17:27 IST)
മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ തുളസീദാസ് അധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടില്ല. മിസ്‌റ്റര്‍ ബ്രഹ്‌മചാരി, കോളേജ് കുമാരന്‍ തുടങ്ങിയ സിനിമകളാണ് മോഹന്‍ലാല്‍ - തുളസീദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത്. ‘മിസ്‌റ്റര്‍ ബ്രഹ്‌മചാരി’ ശരാശരി വിജയം നേടിയ സിനിമയാണ്. ഈ സിനിമയുടെ കഥ പക്ഷേ ജയറാമിനെ നായകനാക്കി ചെയ്യാനായിരുന്നു തുളസീദാസ് ആദ്യം പ്ലാന്‍ ചെയ്തത്.
 
സ്വന്തം ശരീരം മാത്രമാണ് എല്ലാം എന്ന് വിശ്വസിക്കുന്ന, കുടുംബജീവിതം വേണമെന്ന് ആഗ്രഹമില്ലാത്ത ഒരാളുടെ ജീവിതം - അതായിരുന്നു കഥ. ഈ കഥ ജയറാമിനേക്കാള്‍ മോഹന്‍ലാലിനായിരിക്കും കൂടുതല്‍ ചേരുക എന്ന് തുളസീദാസിന്‍റെ ഭാര്യ അഭിപ്രായം പറഞ്ഞു. ഇതോടെ തുളസീദാസിനും മോഹന്‍ലാലിലേക്ക് ഈ കഥയെത്തിക്കണമെന്ന ആഗ്രഹമുണ്ടായി. 
 
ആ സമയത്ത് മോഹന്‍ലാല്‍ വേറൊരു തലത്തിലുള്ള കഥാപാത്രങ്ങള്‍ ഉള്ള ബിഗ് ബജറ്റ് സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാലമായിരുന്നു. അതുകൊണ്ടുതന്നെ ഇതുപോലെ സിമ്പിളായ ഒരു കഥ എങ്ങനെ അദ്ദേഹത്തിനോട് പറയും എന്നൊരു ആശങ്കയുണ്ടായിരുന്നു. എന്തായാലും തുളസീദാസ് മോഹന്‍ലാലിനെ ഫോണില്‍ വിളിച്ചു. ഭാഗ്യത്തിന് ആ സമയത്ത് മോഹന്‍ലാലിന്‍റെ ഒരു പടത്തിന്‍റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ടെക്‍നോ പാര്‍ക്കില്‍ നടക്കുന്നുണ്ടായിരുന്നു. ‘താന്‍ ഒന്ന് കാണാന്‍ വരുന്നു’ എന്ന് തുളസിദാസ് മോഹന്‍ലാലിനോട് പറഞ്ഞു. 
 
തുളസീദാസ് കാണാന്‍ ചെല്ലുമ്പോള്‍ ടെക്‍നോപാര്‍കില്‍ ഒരു വലിയ ആക്ഷന്‍ സീനിന്‍റെ ചിത്രീകരണമാണ്. ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും വലിയ ബഹളവും. ഇതോടെ തുളസീദാസിന് ടെന്‍ഷനായി.  ഇങ്ങനെയുള്ള സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഒരിക്കലും ഈ കഥ പറഞ്ഞാല്‍ ലാലേട്ടന്‍ ഇഷ്ടപ്പെടില്ല. കഥ പറയാനുള്ള ചാന്‍സ് എപ്പോഴും കിട്ടില്ല. തുളസീദാസിന്‍റെ മനസുമാറി. അപ്പോള്‍ തന്‍റെ മനസില്‍ ഉണ്ടായിരുന്ന മറ്റൊരു കഥ പറയാമെന്ന് തീരുമാനിച്ചു. അതൊരു ആക്ഷന്‍ ത്രില്ലറിന്‍റെ കഥയായിരുന്നു. 
 
കഥയുടെ ത്രെഡ് പറഞ്ഞ് രണ്ടുമിനിറ്റ് കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ പറഞ്ഞു - തുളസീദാസ് വരുന്നു എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചതും പ്രതീക്ഷിച്ചതും ഒരു ഫാമിലി ഹ്യൂമര്‍ ചിത്രത്തിന്‍റെ കഥയാണ്. ഈ പറഞ്ഞ ത്രില്ലര്‍ കഥ ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഒന്നുമില്ല. തുളസീദാസ് ഒരു പടം ചെയ്യുമ്പോള്‍ അത് തുളസീദാസ് ശൈലിയിലുള്ളതായിരിക്കണം. അങ്ങനെയുള്ള കഥ എന്തെങ്കിലുമുണ്ടെങ്കില്‍ പറയൂ... 
 
അപ്പോള്‍ തുളസീദാസ് സത്യം പറഞ്ഞു. താന്‍ പറയാന്‍ വന്ന കഥ വേറെയാണെന്നും ഇവിടത്തെ ബഹളവും മറ്റും കണ്ടപ്പോള്‍ ആ കഥ മാറ്റിവച്ചതാണെന്നും പറഞ്ഞു. മൂന്നുമിനിറ്റ് മാത്രമെടുത്ത് തുളസീദാസ് കഥ അവതരിപ്പിച്ചു. കഥ പറഞ്ഞുകഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ ചിരിച്ചു. ഇത് കൊള്ളാമെന്നും ഇത്തരമൊരു സിനിമയാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉടന്‍ ആന്‍റണി പെരുമ്പാവൂരിനെ വിളിപ്പിച്ച് ആന്‍റണി കൂടി കഥ ഒന്ന് കേട്ടോളൂ എന്ന് പറഞ്ഞു. ആന്‍റണിക്കും കഥ ഇഷ്ടമായി. അങ്ങനെയാണ് കഥ തീരുമാനിക്കുന്നത്.
 
എന്തായിരിക്കും ഈ സിനിമയുടെ പേരെന്ന് തുളസീദാസിനോട് മോഹന്‍ലാല്‍ ചോദിച്ചു. ‘ബ്രഹ്‌മചാരി’ എന്ന പേരാണ് മനസില്‍ എന്ന് തുളസി പറഞ്ഞു. ഒരു ‘മിസ്റ്റര്‍’ കൂടി ചേര്‍ത്താലോ എന്ന് മോഹന്‍ലാല്‍ ആണ് ചോദിച്ചത്. അങ്ങനെയാണ് ‘മിസ്റ്റര്‍ ബ്രഹ്‌മചാരി’ പിറക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എനിക്ക് ഏറ്റവും ഇഷ്ടം ഈ മൂന്ന് സിനിമകൾ: തുറന്നു പറഞ്ഞ് രജനീകാന്ത്