Publish Date: Fri, 13 Dec 2019 (20:36 IST)
Updated Date: Fri, 13 Dec 2019 (20:39 IST)
അമ്പതുകോടി രൂപ ബജറ്റില്‍ ഒരു മലയാള ചിത്രം! കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പുവരെ അതൊരു സ്വപ്‌നം മാത്രമായിരുന്നു. എന്നാല്‍ ‘മാമാങ്കം’ എന്ന ചിത്രത്തിലൂടെ അത് സാധ്യമായിരിക്കുന്നു. എന്നാല്‍ അതുമാത്രമല്ല അത്ഭുതം. ആ മുടക്കുമുതല്‍ മൂന്നുദിവസങ്ങള്‍ കൊണ്ട് തിരിച്ചുപിടിച്ചാലോ? അതേ, ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍ അനുസരിച്ച് മൂന്നുദിവസങ്ങള്‍ കൊണ്ട് മാമാങ്കം മുടക്കുമുതല്‍ തിരിച്ചുപിടിക്കും.
മമ്മൂട്ടി നായകനായ ഈ ബ്രഹ്‌മാണ്ഡ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും വിദേശരാജ്യങ്ങളില്‍ ഇംഗ്ലീഷിലുമാണ് പ്രദര്‍ശനത്തിനെത്തിയത്. നാല്‍പ്പതിലധികം രാജ്യങ്ങളില്‍ രണ്ടായിരത്തോളം സ്ക്രീനുകളിലായിരുന്നു ചിത്രം റിലീസായത്.
മമ്മൂട്ടിയും ഉണ്ണിമുകുന്ദനും ബാലതാരമായ അച്യുതനും നിറഞ്ഞുനില്‍ക്കുന്ന മാമാങ്കം സംവിധാനം ചെയ്‌തത് എം പത്‌മകുമാറാണ്. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയുടെ സംഘട്ടനസംവിധാനം ശ്യാം കൌശലായിരുന്നു. എം ജയചന്ദ്രനായിരുന്നു ഗാനങ്ങള്‍.
ഒരു വടക്കന്‍ വീരഗാഥയ്ക്കും പഴശ്ശിരാജയ്ക്കും ശേഷം മമ്മൂട്ടിയുടെ വ്യത്യസ്തമായ പകര്‍ന്നാട്ടത്തിന് മാമാങ്കത്തിലൂടെ മലയാളികള്‍ സാക്‍ഷ്യം വഹിക്കുകയാണ്. അത്ഭുതകരമായ ആ പ്രകടനത്തിന് ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ നല്‍കുന്ന ആദരം കൂടിയാണ് ഈ ഉജ്ജ്വലവിജയം.