വൈശാഖ് - മമ്മൂട്ടി കൂട്ടുകെട്ടിൽ ഒന്നിക്കുന്ന മധുരരാജയുടെ വമ്പൻ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെയാണ് സിനിമയെത്തുന്നത്. നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ കോംപോ ഒരുമിച്ചെത്തുന്നതും മധുരരാജയിലൂടെയാണ്.
രാജയുടെ കഥയില്ലായ്മയാണ് ഈ സിനിമയുടെ പ്രധാന പ്രത്യേകതയെന്ന് മമ്മൂട്ടി പറയുന്നു. സംവിധായകനും നിര്‍മ്മാതാവിനുമൊപ്പമാണ് മമ്മൂട്ടി പ്രസ് മീറ്റിനായി എത്തിയത്. നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മ്മിച്ചത്. അദ്ദേഹം ഈ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
സിനിമയുടെ ബജറ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 2 കോടി കൂട്ടി പറയട്ടേയെന്ന് അദ്ദേഹം ചോദിച്ചിരുന്നതായി മമ്മൂട്ടി പറയുന്നു. തള്ളേണ്ട, ഉള്ളത് പോലെ തന്നെ പറഞ്ഞാല്‍ മതി, എന്നാലേ ഇവര്‍ വിശ്വസിക്കൂയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നേരത്തെ പുറത്ത് വന്ന കണക്കുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവരാരുമല്ലല്ലോ മുടക്കുന്നതെന്നായിരുന്നു മമ്മൂട്ടി ചോദിച്ചത്.
കൂട്ടാനും കുറയ്ക്കാനും നില്‍ക്കാതെ കൃത്യമായ കണക്ക് പറയാനും മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. എല്ലാ ജോലികളും പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള കണക്കായിരുന്നു അദ്ദേഹം പറഞ്ഞതും. 27 കോടിയാണ് ചിത്രത്തിനായി ചെലവഴിച്ചത്. ഇത് തള്ളലൊന്നുമല്ലെന്നും അദ്ദേഹം പറയുന്നു.