മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ ഒരു ഭാഗം പുറത്ത്
ഗ്രേറ്റ് ഫാദർ ചോർന്നു, ഒരു ഭാഗം മുഴുവനും പുറത്ത്?
ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദറിന്റെ ഒരു ഭാഗം പുറത്ത്. മൊബൈലിൽ ചിത്രീകരിച്ച ഭാഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം മുഴുവനും ചോർന്നോ എന്നും പരിശോധിക്കുകയാണ്. എഡിറ്റിങ്ങ് നടക്കുമ്പോൾ തന്നെയാണോ ചിത്രത്തിന്റെ ഭാഗങ്ങൾ ചോർന്നതെന്നും പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് നിർമാതാക്കൾ പൊലീസിൽ പരാതി നൽകി.
മാര്‍ച്ച് 30നാണ് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ റിലീസ് ചെയ്യുന്നത്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് അവതരണത്തിനൊപ്പം ഇതൊരു ഫാമിലി ത്രില്ലര്‍ കൂടി ആണെന്ന് സംവിധായകൻ പറയുന്നു. സിനിമയുടെ പ്രീ റിലീസ് പോസ്റ്ററുകളിലെയും ടീസറിലെയും മമ്മൂട്ടി ഗെറ്റപ്പുകള്‍ വലിയ തോതില്‍ സ്വീകരിക്കപ്പെട്ടിരുന്നു. ബിഗ് ബിയിലെ ബിലാല്‍ ജോണിനെ വെല്ലുന്ന കഥാപാത്രവും സിനിമയുമാകുമോ ഇതെന്നാണ് ആരാധകരും ചോദിക്കുന്നത്.
തമിഴ് നടന്‍ ആര്യയുടെ നെഗറ്റീവ് റോളിലുള്ള സാന്നിധ്യവും ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ ഗുണം ചെയ്‌തേക്കും. പൃഥ്വിരാജ് നേതൃത്വം നല്‍കുന്ന ഓഗസ്റ്റ് സിനിമാസാണ് ദ ഗ്രേറ്റ് ഫാദറിന്റെ നിര്‍മ്മാണവും വിതരണവും. മമ്മൂട്ടിക്ക് നിലവില്‍ ഒരു ഗംഭീര വിജയം കൂടിയേ തീരൂ. പോക്കിരിരാജയ്ക്ക് ശേഷം അതുപോലൊരു വിജയം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.