Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി നടത്തുന്നതും അനുകരണമാണ്, പക്ഷേ അത് മറ്റ് പലരെയും പോലെ അല്ല!

മമ്മൂട്ടി നടത്തുന്നതും അനുകരണമാണ്, പക്ഷേ അത് മറ്റ് പലരെയും പോലെ അല്ല!
, തിങ്കള്‍, 25 ഫെബ്രുവരി 2019 (16:12 IST)
മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തിന്‍റെ സ്വകാര്യ അഹങ്കാരമാണ്. ഇരുവരും തമ്മില്‍ ആരോഗ്യകരമായ മത്സരം നിലനില്‍ക്കുന്നുണ്ട്. മമ്മൂട്ടിയുടെ ഒരു കഥാപാത്രമാണ് മോഹന്‍ലാലിനെ ഏറ്റവും ആകര്‍ഷിച്ചിട്ടുള്ളത്. അത് അമരത്തിലെ അച്ചൂട്ടിയാണ്. എന്നാല്‍ ആ കഥാപാത്രത്തിന്‍റെ സ്വഭാവസവിശേഷതകള്‍ മമ്മൂട്ടി മറ്റൊരാളെ കണ്ട് അനുകരിക്കുകയായിരുന്നു എന്നുപറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? എന്നാല്‍ അതാണ് സത്യം!
 
സ്നേഹത്തിന്‍റെ കഥയായിരുന്നു അമരം. അച്ചൂട്ടി എന്ന അച്ഛനും മുത്ത് എന്ന മകളും തമ്മിലുള്ള സ്നേഹത്തിന്‍റെ കഥ. മുത്തും രാഘവനും തമ്മിലുള്ള സ്നേഹത്തിന്‍റെ കഥ. അച്ചൂട്ടിയും കൊച്ചുരാമനും തമ്മിലുള്ള സൗഹൃദത്തിന്‍റെ കഥ. സ്നേഹക്കൂടുതല്‍ കൊണ്ടുണ്ടാകുന്ന സംഘര്‍ഷങ്ങളാണ് അമരത്തില്‍ ലോഹിതദാസ് സൃഷ്ടിച്ചത്. ചെമ്മീനിന് ശേഷം കടലിരമ്പത്തിന്‍റെ ആഴമുള്ള ഒരു സിനിമ അമരത്തിലൂടെ മലയാളത്തിന് ലഭിച്ചു. ഭരതനായിരുന്നു സംവിധായകന്‍.
 
കടലിന്‍റെ പശ്ചാത്തലത്തില്‍ ഒരു സിനിമ വേണമെന്ന് ഭരതന്‍ തീരുമാനിക്കുകയും തിരക്കഥാകാരനായി ലോഹിയെ നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ പല കഥകളും ആലോചിച്ചെങ്കിലും ഒന്നും ലോഹിക്ക് തൃപ്തിയായില്ല. ആരുടെയെങ്കിലും മുമ്പില്‍ കഥ പറയുന്നതില്‍ ലോഹി ഒരു വിദഗ്ധനായിരുന്നില്ല. കഥ പൂര്‍ണമായും ചര്‍ച്ച ചെയ്തതിന് ശേഷം തിരക്കഥയെഴുതുന്ന സമ്പ്രദായവും ലോഹിക്ക് പരിചയമില്ലായിരുന്നു. ലോഹിയുടെ ഈ വഴക്കമില്ലായ്മ ആദ്യമൊക്കെ ഭരതനില്‍ നീരസമുണ്ടാക്കിയിരുന്നു. ഭരതന്‍റെ സമാധാനത്തിന് വേണ്ടി ഒരു കഥ തട്ടിക്കൂട്ടിയെങ്കിലും അത് ലോഹി പിന്നീട് ഉപേക്ഷിച്ചു.
 
കഥ തേടി കടപ്പുറങ്ങളിലൂടെ അലയുക ലോഹിതദാസ് പതിവാക്കി. അങ്ങനെയിരിക്കെ, ഒരു ദിവസം ലോഹി ഒരു കാഴ്ച കണ്ടു. ഒരു ചെറിയ പെണ്‍കുട്ടിയെ അവളുടെ അച്ഛന്‍ വടികൊണ്ടു തല്ലുകയും വലിച്ചിഴച്ചു കൊണ്ടുപോകുകയും ചെയ്യുന്നു. അയാള്‍ ഇങ്ങനെ പുലമ്പുന്നുണ്ടായിരുന്നു - “കടപ്പൊറം നെരങ്ങാണ്ട്.. പുള്ളാര്... നാലക്ഷരം പഠിക്കാനക്കൊണ്ട്...”
 
അവള്‍ കടപ്പുറത്ത് ചുറ്റി നടക്കുന്നത് അയാള്‍ക്കിഷ്ടമല്ല. മീന്‍‌കാരിയായി മകള്‍ മാറുന്നത് അയാള്‍ക്ക് സങ്കല്‍പ്പിക്കാനേ ആവില്ല. അവള്‍ വിദ്യാഭ്യാസം നേടണമെന്നും മികച്ച നിലയിലെത്തണമെന്നും പിതാവ് ആഗ്രഹിക്കുന്നു. അങ്ങനെയായിരിക്കുമോ സംഭവിക്കുക? അയാളുടെ പ്രതീക്ഷകളോട് അവള്‍ക്ക് നീതി പുലര്‍ത്താനാകുമോ? അയാളെ നിഷേധിച്ച് മകള്‍ തന്‍‌കാര്യം നോക്കിപ്പോയാല്‍....
 
ഒരു കഥയുടെ ചെറിയ ഇടിമുഴക്കം ലോഹിക്ക് അനുഭവപ്പെട്ടു തുടങ്ങി. ഭരതനുമായി ഇത് സംസാരിക്കുകയും അദ്ദേഹത്തിന് വളരെയേറെ ഇഷ്ടമാകുകയും ചെയ്തു. ഏതാനും സീനുകള്‍ എഴുതിക്കാണിക്കുക കൂടി ചെയ്തതോടെ ഭരതനും ലോഹിയും ഏകമനസു പോലെ പ്രവര്‍ത്തിച്ചു തുടങ്ങി.
 
അമരം ചരിത്ര വിജയം നേടി. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അമരത്തിലെ അച്ചൂട്ടി. ഈ സിനിമയില്‍ അച്ചൂട്ടി ആഹാരം കഴിക്കുന്ന രീതി മമ്മൂട്ടി ലോഹിതദാസിനെ അനുകരിച്ചതാണ്. ചോറ് ഉരുളകളാക്കിയതിന് ശേഷം കഴിക്കുന്ന ആ ശൈലി ലോഹിയുടേതായിരുന്നു. പിന്നീട് ഭരതന് വേണ്ടി ലോഹി എഴുതിയ പാഥേയത്തിലും മമ്മൂട്ടി നായകനായിരുന്നു. ആ ചിത്രത്തിലെ ചന്ദ്രദാസ് എന്ന നായകന്‍റെ ഇരിപ്പും ഭാവങ്ങളുമെല്ലാം മമ്മൂട്ടി ലോഹിയെ മനസില്‍ കണ്ട് ചെയ്തതായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മികച്ച നടൻ റമി മാലിക്ക്; നടി ഒളിവിയാ കോൾമാൻ; ബൊഹീവിയൻ റാപ്സ്ഡിക്ക് നാല് പുരസ്ക്കാരം