പല ഭാഷകളിലും അഭിനയത്തിന് പല രീതിയിലുള്ള നിര്‍വചനങ്ങളാണ്. അതായത്, ഒരു ഹിന്ദിച്ചിത്രത്തിലെ അഭിനയ രീതിയല്ല തമിഴ് ചിത്രത്തില്‍. തെലുങ്കിലെ രീതിയല്ല മലയാളത്തില്‍. ഓരോ ഭാഷയിലും അതാത് ഭാഷയുടെ സംസ്കാരത്തിന് അനുസരിച്ചുള്ള അഭിനയപാഠങ്ങളാണ് അനുസരിക്കേണ്ടത്.
എന്നാല്‍ വിവിധ ഭാഷകളില്‍ അഭിനയിച്ച് തിളങ്ങുന്ന ഒരുപാട് താരങ്ങള്‍ ഇന്നുണ്ട്. പ്രകാശ് രാജ്, മമ്മൂട്ടി, മോഹന്‍ലാല്‍, ലാല്‍, സമ്പത്ത് തുടങ്ങി എത്രയോ പേര്‍. നമ്മുടെ ലാല്‍ മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം പേരെടുത്ത നടനാണ്.
എന്നാല്‍ ജോണി വാക്കര്‍ എന്ന മമ്മൂട്ടി സിനിമയില്‍ നിന്ന് ‘അഭിനയം എനിക്ക് വഴങ്ങില്ല’ എന്ന് കാരണം പറഞ്ഞ് ഒഴിവായ ആളാണ് ലാല്‍ എന്ന് എത്രപേര്‍ക്കറിയാം. ആ ചിത്രത്തില്‍ സ്വാമി എന്ന വില്ലന്‍ കഥാപാത്രമായി ലാലിനെയായിരുന്നു സംവിധായകന്‍ ജയരാജ് മനസില്‍ കണ്ടത്. അന്ന് മലയാളത്തിലെ ഏറ്റവും വിജയം കണ്ട സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാണ് ലാല്‍. എന്നാല്‍ അഭിനയം തനിക്ക് പറ്റാത്ത പണിയാണെന്ന് പറഞ്ഞ് ജോണിവാക്കറിലേക്കുള്ള ക്ഷണം ലാല്‍ നിരസിച്ചു. ആ കഥാപാത്രത്തെ പിന്നീട് കമാല്‍ ഗൌര്‍ എന്ന ഹിന്ദി നടനാണ് അവതരിപ്പിച്ചത്.
ലാലിനെ പിന്നീട് കളിയാട്ടത്തിലൂടെ ജയരാജ് തന്നെ അഭിനയരംഗത്തെത്തിച്ചു. പിന്നീട് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലാല്‍ നേടി. വിവിധ ഭാഷകളിലായി നൂറോളം കഥാപാത്രങ്ങളെ ഇതുവരെ ലാല്‍ അവതരിപ്പിച്ചു.