മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും. മമ്മൂട്ടി മൂന്ന് തവണ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. മോഹന്‍ലാല്‍ രണ്ട് തവണയും സുരേഷ് ഗോപി ഒരു തവണയുമാണ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയത്. മൂവര്‍ക്കും കിട്ടിയ ദേശീയ അവാര്‍ഡും ഇവരുടെ മീശയുമായി കൗതുകകരമായ ഒരു ബന്ധമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആരാധകരാണ് ഈ ബന്ധം ചൂണ്ടിക്കാട്ടിയത്. മൂന്ന് പേര്‍ക്കും മീശ വടിച്ചപ്പോള്‍ ഓരോ ദേശീയ അവാര്‍ഡ് കിട്ടിയത്രേ !
ബാബാ സാഹേബ് അംബേദ്കര്‍ എന്ന ചിത്രത്തില്‍ ക്ലീന്‍ ഷേവ് ചെയ്താണ് മമ്മൂട്ടി അഭിനയിച്ചത്. 2000 ത്തിലാണ് ചിത്രം റിലീസ് ചെയ്തത്. ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീ അവാര്‍ഡ് മമ്മൂട്ടിക്കായിരുന്നു. 1999 ല്‍ റിലീസ് ചെയ്ത വാനപ്രസ്ഥത്തില്‍ മോഹന്‍ലാല്‍ ക്ലീന്‍ ഷേവായിരുന്നു. ഈ സിനിമയിലെ പ്രകടനത്തിനു മോഹന്‍ലാലിനു മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടി. 1997 ല്‍ സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് കിട്ടിയത് കളിയാട്ടം എന്ന ചിത്രത്തിലെ കണ്ണന്‍ പെരുമലയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ്. മീശയില്ലാതെയാണ് സുരേഷ് ഗോപി ഈ കഥാപാത്രത്തെ തിരശീലയില്‍ പകര്‍ത്തിയത്.