മമ്മൂട്ടി നായകനായ സാമ്രാജ്യം എന്ന ചിത്രത്തിലൂടെയാണ് ജോമോന്‍ സംവിധാന രംഗത്തേക്ക് വരുന്നത്. സാമ്രാജ്യത്തിന്‍റെ കഥ മമ്മൂട്ടിക്ക് ഇഷ്‌ടമാവുകയും ചിത്രത്തിന്‍റെ തിരക്കഥ പരിചയ സമ്പന്നനായ ഒരാളെ കൊണ്ട് എഴുതിക്കാന്‍ മമ്മൂട്ടി നിര്‍ദ്ദേശിക്കുകയുമായിരുന്നു.
അക്കാലത്തെ മെഗാഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തിനെ അങ്ങനെയാണ് സാമ്രാജ്യത്തിന്‍റെ തിരക്കഥ എഴുതാന്‍ ജോമോന്‍ സമീപിക്കുന്നത്. കഥ പൂര്‍ണമായും ജോമോന്‍ അദ്ദേഹത്തെ പറഞ്ഞു കേള്‍പ്പിച്ചു. അദ്ദേഹം എഴുതാമെന്ന് സമ്മതിക്കുകയും ചെയ്‌തു.
എന്നാല്‍ തിരക്കഥ പൂര്‍ത്തിയായി വായിച്ചുകേട്ടപ്പോള്‍ ജോമോന്‍ ഞെട്ടിപ്പോയി. നായക കഥാപാത്രത്തിന് 85 വയസ് പ്രായം. താന്‍ പറഞ്ഞ കഥ താങ്കള്‍ക്ക് മനസിലായില്ലേ എന്ന് ജോമോന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, പറഞ്ഞ കഥയ്‌ക്ക് തിരക്കഥ എഴുതണമെങ്കില്‍ വേറെ ആളെ നോക്കണമെന്നായിരുന്നു സൂപ്പര്‍ തിരക്കഥാകൃത്തിന്‍റെ മറുപടി.
ഈ തിരക്കഥയുമായി നമ്പര്‍ 20 മദ്രാസ് മെയിലിന്‍റെ സെറ്റില്‍ ജോമോന്‍ എത്തി. തിരക്കഥ വായിച്ച മമ്മൂട്ടി ദേഷ്യം വന്ന് അത് വലിച്ചെറിഞ്ഞു. നമ്പര്‍ 20യുടെ ഗാനങ്ങള്‍ എഴുതാന്‍ ഷിബു ചക്രവര്‍ത്തി അപ്പോള്‍ അവിടെയുണ്ടായിരുന്നു. ഷിബുവിനെ ചൂണ്ടിക്കാണിച്ച് മമ്മൂട്ടി ജോമോനോട് പറഞ്ഞു - “തിരക്കഥയെഴുതാന്‍ ഷിബു നിന്നെ സഹായിക്കും. നിങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഒന്ന് ശ്രമിച്ചുനോക്കൂ...”
ജോമോനും ഷിബു ചക്രവര്‍ത്തിയും ചേര്‍ന്ന് സാമ്രാജ്യം എഴുതി. ആ സിനിമ മെഗാഹിറ്റായി. അതുവരെയുള്ള സകല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞു. മാത്രമല്ല, ചിത്രം ഡബ്ബ് ചെയ്‌ത് പ്രദര്‍ശിപ്പിച്ചപ്പോള്‍ തെലുങ്കില്‍ പടം ബമ്പര്‍ ഹിറ്റായി. സാമ്രാജ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യണമെന്ന ആഗ്രഹം സാക്ഷാല്‍ അമിതാഭ് ബച്ചന്‍ പോലും പ്രകടിപ്പിച്ചിരുന്നു.