സുരേഷ് ഗോപി ഒരു തവണ മാത്രമാണ് ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ളത്. എന്നാല്‍, ആ അവാര്‍ഡിന് പറയാന്‍ നിരവധി കഥകളുണ്ട്. അതിലൊന്നാണ് സാക്ഷാല്‍ മമ്മൂട്ടിയെ 'വെട്ടി' സുരേഷ് ഗോപി അവാര്‍ഡ് കരസ്ഥമാക്കിയ സംഭവം. 1997 ലാണ് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സുരേഷ് ഗോപി നേടുന്നത്. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടമാണ് സുരേഷ് ഗോപിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അന്ന് സമാന്തരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിനു ബാലചന്ദ്രമേനോനും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സുരേഷ് ഗോപിക്കൊപ്പം പങ്കിട്ടു.
1997 ല്‍ ദേശീയ അവാര്‍ഡ് ജൂറിക്ക് മുന്നില്‍ വലിയ തലവേദനയായിരുന്നു മികച്ച നടനെ തിരഞ്ഞെടുക്കുക എന്ന ദൗത്യം. മലയാളത്തില്‍ നിന്ന് മൂന്ന് പ്രമുഖ നടന്‍മാരാണ് അന്തിമ പട്ടികയിലുള്ളത്. മമ്മൂട്ടി, സുരേഷ് ഗോപി, ബാലചന്ദ്ര മേനോന്‍ എന്നിവരാണ് ആ മൂന്ന് പേര്‍. ഭൂതക്കണ്ണാടി എന്ന സിനിമയിലെ അഭിനയത്തിനാണ് മമ്മൂട്ടിയെയും അന്തിമ പട്ടികയില്‍ പരിഗണിച്ചത്. 1990, 1994 എന്നീ വര്‍ഷങ്ങളില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ താരമാണ് മമ്മൂട്ടി. എന്നാല്‍, ഇത്തവണ സുരേഷ് ഗോപിക്കും ബാലചന്ദ്രമേനോനും മുന്നില്‍ മമ്മൂട്ടി പിന്നിലായി. പുതുമുഖത്തിനു ദേശീയ അവാര്‍ഡ് നല്‍കാമെന്ന് അന്ന് ജൂറി തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അങ്ങനെയാണ് സുരേഷ് ഗോപിയും ബാലചന്ദ്രമേനോനും മികച്ച നടനുള്ള അവാര്‍ഡ് പങ്കുവയ്ക്കുന്നത്. ഭൂതക്കണ്ണാടിയിലെ അഭിനയത്തിനു മമ്മൂട്ടി ദേശീയ അവാര്‍ഡ് അര്‍ഹിച്ചിരുന്നു എന്ന് സംവിധായകന്‍ ലോഹിതദാസ് അടക്കമുള്ള പ്രമുഖര്‍ പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്.
മലയാളത്തിന്റെ ആക്ഷന്‍ ഹീറോയായിരുന്ന സുരേഷ് ഗോപിയുടെ ജന്മദിനമാണിന്ന്. 1958 ജൂണ്‍ 26 നാണ് സുരേഷ് ഗോപി ജനിച്ചത്. ഇന്ന് 63-ാം ജന്മദിനമാണ് താരം ആഘോഷിക്കുന്നത്. മോഹന്‍ലാലിനേക്കാള്‍ പ്രായമുണ്ട് സുരേഷ് ഗോപിക്ക്. 1960 മേയ് 21 നാണ് മോഹന്‍ലാലിന്റെ ജന്മദിനം. അതായത് സുരേഷ് ഗോപിയേക്കാള്‍ രണ്ട് വയസ് കുറവാണ് മോഹന്‍ലാലിന്. കഴിഞ്ഞ മേയ് 21 നാണ് മോഹന്‍ലാല്‍ തന്റെ 61-ാം ജന്മദിനം ആഘോഷിച്ചത്. സൂപ്പര്‍താരങ്ങളില്‍ 'വല്യേട്ടന്‍' മമ്മൂട്ടി തന്നെ. 1951 സെപ്റ്റംബര്‍ ഏഴിന് ജനിച്ച മമ്മൂട്ടി വരുന്ന സെപ്റ്റംബറില്‍ തന്റെ സപ്തതി ആഘോഷിക്കുകയാണ്. സുരേഷ് ഗോപിയേക്കാള്‍ ഏഴ് വയസ് കൂടുതലുണ്ട് മമ്മൂട്ടിക്ക്. മോഹന്‍ലാലിനേക്കാള്‍ ഒന്‍പത് വയസ്സിന് മൂത്തതാണ് മമ്മൂട്ടി.
മോഹന്‍ലാല്‍ ചിത്രം രാജാവിന്റെ മകനില്‍ വില്ലന്‍ വേഷം അവതരിപ്പിച്ചതോടെയാണ് സുരേഷ് ഗോപി മലയാള സിനിമയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. 1986 ലായിരുന്നു അത്. അതിനുശേഷം ഏതാനും വില്ലന്‍ വേഷങ്ങള്‍ കൂടി താരം ചെയ്തു. ന്യൂസ്, തലസ്ഥാനം, കമ്മിഷണര്‍, ഹൈവെ, യുവതുര്‍ക്കി, ഏകലവ്യന്‍, കാശ്മീരം, ലേലം, വാഴുന്നോര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ സൂപ്പര്‍താര പദവിയിലേക്ക്. 1997 ല്‍ കളിയാട്ടം എന്ന ചിത്രത്തിലെ അവിസ്മരണീയമായ അഭിനയത്തിനു ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. 2020 ല്‍ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ഏറ്റവും അവസാനമായി തിയറ്ററുകളിലെത്തിയത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ സജീവമായ സുരേഷ് ഗോപി ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയാണ്. ബിജെപിയുടെ രാജ്യസഭാ എംപിയാണ് അദ്ദേഹം ഇപ്പോള്‍.