Mammootty: ഇനി ഇടവേളകളെടുത്ത് സിനിമ; തിരിച്ചെത്തിയാല്‍ ആദ്യം തീര്‍ക്കുക മഹേഷ് പടം
Mammootty: മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനൊപ്പം നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' പ്രൊമോഷന്‍ പരിപാടികളിലും മമ്മൂട്ടി പങ്കെടുത്തേക്കും
Mammootty: മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്ത് മലയാള സിനിമ. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വിശ്രമത്തിലാണ് താരം ഇപ്പോള്‍. പൂര്‍ണ ആരോഗ്യവാനായി മേയ് അവസാനത്തോടെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ കേരളത്തില്‍ തിരിച്ചെത്തും.
കേരളത്തിലെത്തുന്ന മമ്മൂട്ടി ആദ്യം മഹേഷ് നാരായണന്‍ ചിത്രത്തിലായിരിക്കും അഭിനയിക്കുക. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, നയന്‍താര, കുഞ്ചാക്കോ ബോബന്‍ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി തിരിച്ചെത്തിയ ശേഷമായിരിക്കും ഇവര്‍ ഒന്നിച്ചുള്ള പ്രധാന രംഗങ്ങളുടെ ചിത്രീകരണം. വിദഗ്ധ ചികിത്സകളുടെ ഭാഗമായി മമ്മൂട്ടിക്ക് ഇനിയും ഇടവേള ആവശ്യമാണ്. അതുകൊണ്ട് മഹേഷ് നാരായണന്‍ സിനിമ പൂര്‍ത്തിയായ ശേഷം മമ്മൂട്ടി വീണ്ടും ചെറിയൊരു ഇടവേളയെടുക്കും.
മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനൊപ്പം നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' പ്രൊമോഷന്‍ പരിപാടികളിലും മമ്മൂട്ടി പങ്കെടുത്തേക്കും. ജൂണ്‍ അവസാനത്തോടെയോ ജൂലൈയിലോ ഈ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് തീരുമാനം. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.
സിനിമകള്‍ക്കിടയില്‍ ചെറിയ ഇടവേളകള്‍ എടുത്തായിരിക്കും മമ്മൂട്ടി അടുത്ത കുറച്ചുനാളുകളില്‍ കരിയര്‍ മുന്നോട്ടു കൊണ്ടുപോകുക. മഹേഷ് പടത്തിനു ശേഷമുള്ള ഇടവേള കഴിഞ്ഞാല്‍ 'ഫാലിമി' സംവിധായകന്‍ നിതീഷ് സഹദേവ് ഒരുക്കുന്ന കോമഡി - ആക്ഷന്‍ ഴോണറിലുള്ള ചിത്രത്തിലാകും മമ്മൂട്ടി പിന്നീട് അഭിനയിക്കുക. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യാന്‍ പോകുന്ന അടുത്ത ചിത്രത്തിലും മമ്മൂട്ടി നായകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.