1996 ല്‍ പുറത്തിറങ്ങിയ സല്ലാപത്തിലൂടെയാണ് മഞ്ജു വാര്യര്‍ മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. ദിലീപ് ആയിരുന്നു മഞ്ജുവിന്റെ നായകന്‍. ദിലീപിനൊപ്പം തന്നെ അഭിനയിച്ച ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കി. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. ദില്ലിവാല രാജകുമാരന്‍, കളിവീട്, കളിയാട്ടം, ആറാം തമ്പുരാന്‍, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, പ്രണയവര്‍ണ്ണങ്ങള്‍, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം, പത്രം എന്നിവയാണ് അക്കാലത്ത് ശ്രദ്ധേയമായ മഞ്ജു വാര്യര്‍ സിനിമകള്‍. പിന്നീട് ദിലീപിനെ വിവാഹം കഴിച്ച ശേഷം സിനിമയില്‍ നിന്ന് ദീര്‍ഘകാലം ഇടവേളയെടുത്തു. 2014 ല്‍ ദിലീപുമായുള്ള ബന്ധം വേര്‍പ്പെടുത്തി.
മഞ്ജുവും ദിലീപും തമ്മില്‍ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. സല്ലാപം, ഈ പുഴയും കടന്ന് എന്നീ സിനിമകളിലൂടെ ദിലീപും മഞ്ജുവും അടുത്ത സുഹൃത്തുക്കളായി. അധികം താമസിയാതെ ഇരുവരുടെയും പ്രണയം പൂവിട്ടു. മഞ്ജു അക്കാലത്ത് സൂപ്പര്‍താര പദവിയിലേക്ക് എത്തിയിരുന്നു. ദിലീപിന് ഇപ്പോള്‍ ഉള്ള പോലെ താരപദവിയുണ്ടായിരുന്നില്ല. ദിലീപിനെ വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിക്കുന്ന വിവരം മഞ്ജു വീട്ടില്‍ പറഞ്ഞു. ദിലീപുമായുള്ള ബന്ധത്തെ മഞ്ജുവിന്റെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തിരുന്നു. സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് തന്നേക്കാള്‍ താരമൂല്യം കുറഞ്ഞ ഒരാളെ മഞ്ജു വിവാഹം കഴിക്കുന്നതാണ് മഞ്ജുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടപ്പെടാതിരുന്നത്. വീട്ടുകാര്‍ എതിര്‍ത്തപ്പോഴും ദിലീപ്-മഞ്ജു വാര്യര്‍ പ്രണയത്തിനു സിനിമ മേഖലയില്‍ നിന്നു ശക്തമായ പിന്തുണയുണ്ടായിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയില്‍ മഞ്ജു അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മലയാളികള്‍ ഏറെ ആഘോഷിച്ച താരവിവാഹം നടക്കുന്നത്. ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങിയ നടന്‍മാര്‍ അന്ന് ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹം നടത്താന്‍ മുന്‍കൈ എടുക്കുകയായിരുന്നു. മഞ്ജുവിന്റെ മാതാപിതാക്കള്‍ ശക്തമായി ഇതിനെയെല്ലാം എതിര്‍ത്തിരുന്നു.
ദിലീപിനെ വിവാഹം കഴിച്ച ശേഷം മഞ്ജു സിനിമയില്‍ നിന്ന് ദീര്‍ഘകാലം ഇടവേളയെടുത്തു. 2014 ല്‍ ദിലീപുമായുള്ള ബന്ധം വേര്‍പ്പെടുത്തി. മഞ്ജു വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചത് ദിലീപിന് ഇഷ്ടമായില്ലെന്നാണ് ഗോസിപ്പ്. ഇതേ കുറിച്ചുള്ള തര്‍ക്കമാണ് പിന്നീട് വിവാഹമോചനത്തിലേക്ക് എത്തിയതെന്നും വാര്‍ത്തകളുണ്ട്.
വിവാഹമോചന ശേഷം മഞ്ജു വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തി. ഹൗ ഓള്‍ഡ് ആര്‍ യു, റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലന്‍, ആമി, ഒടിയന്‍, ലൂസിഫര്‍, അസുരന്‍, പ്രതി പൂവന്‍കോഴി, ദ് പ്രീസ്റ്റ് തുടങ്ങിയ ശ്രദ്ധേയമായ സിനിമകളിലാണ് രണ്ടാം വരവിന് ശേഷം മഞ്ജു അഭിനയിച്ചത്.