Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏത് ഫോട്ടോ ഇട്ടാലും എവിടെ പോയാലും എല്ലാവർക്കും അറിയേണ്ടത് ഒരൊറ്റ ചോദ്യം, 'ചേട്ടാ... ബിലാൽ എപ്പോൾ വരും?'!

ഏത് ഫോട്ടോ ഇട്ടാലും എവിടെ പോയാലും എല്ലാവർക്കും അറിയേണ്ടത് ഒരൊറ്റ ചോദ്യം, 'ചേട്ടാ... ബിലാൽ എപ്പോൾ വരും?'!

നിഹാരിക കെ.എസ്

, വ്യാഴം, 13 ഫെബ്രുവരി 2025 (11:10 IST)
മലയാളികൾ ഏറെ അക്ഷമയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാൽ. അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയുടെ രണ്ടാം ഭാഗം. 2007 ലായിരുന്നു ബിഗ് ബി റിലീസ് ആയത്. റിലീസ് സമയം വേണ്ടത്ര ശ്രദ്ധ നേടാൻ ചിത്രത്തിന് സാധിച്ചില്ല. എന്നാൽ, വർഷങ്ങൾ കഴിഞ്ഞതോടെ ബിഗ് ബിക്ക് ജനശ്രദ്ധ ലഭിച്ചു. സ്റ്റൈലിഷ് ചിത്രമായി സിനിമയ്ക്ക് വൻ സ്വീകാര്യത സോഷ്യൽ മീഡിയയ്ക്കും ലഭിച്ചു. ഇതോടെ, 2017 ൽ അമൽ നീരദ് ബിഗ് ബിയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. 
 
പ്രഖ്യാപനം കഴിഞ്ഞ് 8 വർഷമാകുന്നു. ബിലാൽ ഇതുവരെ വന്നില്ല. സിനിമയുടെ ഒരുക്കങ്ങൾ എവിടെ വരെ ആയി എന്ന കാര്യത്തിൽ ഔദ്യോഗിക അറിയിപ്പുകൾ ഇന്നും ഇതുവരെ പുറത്തുവന്നിട്ടുമില്ല. ബിലാൽ തുടങ്ങാനുള്ള തയ്യാറെടുപ്പുകളെല്ലാം ആരംഭിച്ചപ്പോഴാണ് കൊറോണ വന്നതെന്ന് വ്യക്തമാക്കുകയാണ് സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മനോജ് കെ ജയൻ. ഇപ്പോൾ ഫോർട്ട് കൊച്ചിയിൽ പോയിട്ട് ഒരു സ്റ്റിൽ പോലും ഇടാൻ കഴിയില്ലെന്നും ഉടൻ ബിലാൽ തുടങ്ങാൻ പോകുകയാണോ എന്ന് ചോദ്യം വരുമെന്നും നടൻ മനോജ് കെ ജയൻ വ്യക്തമാക്കി. 
 
'ചേട്ടാ, ബിലാൽ വരാൻ പോകുകയാണോ' എന്ന ചോദ്യത്തിന്റെ ബഹളമാണ് എല്ലായിടത്തും. ആ അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ. അത്ര ആകാംഷയാണ് ആളുകൾക്ക് ആ സിനിമയ്ക്ക് മേൽ ഉള്ളതെന്നും മനോജ് കെ ജയൻ പറഞ്ഞു. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
'ഫോർട്ട് കൊച്ചിയിൽ പോയിട്ട് ഇപ്പോൾ ഒരു സ്റ്റിൽ ഇടാൻ പറ്റാത്ത അവസ്ഥയാണ്, ഉടൻ ചേട്ടാ ബിലാൽ തുടങ്ങാൻ പോകുകയാണോ എന്ന് ചോദിക്കും. സ്ക്രിപ്റ്റ് കുറച്ച് കൂടെ ആകാനുണ്ട് എന്നാണ് മുൻപ് അമൽ നീരദ് എന്നോട് പറഞ്ഞത്. എനിക്ക് അതിന്റെ ശരിയായ കാരണം അറിയില്ല. അതിനിടയിൽ അമലിന് വേറെ പ്രോജെക്റ്റുകളും വന്നുകൊണ്ടിരിക്കുകയാണ്. മാത്രമല്ല മമ്മൂക്കയുടെ ഡേറ്റും ഒത്തുവരണമല്ലോ? അദ്ദേഹവും തിരക്കിലല്ലേ', മനോജ് കെ ജയൻ പറഞ്ഞു.
 
ചിത്രത്തെ ചുറ്റിപ്പറ്റി വരുന്ന എല്ലാ വിവരങ്ങളും വാർത്തകളിൽ ഇടം നേടാറുണ്ട്. മുൻപൊരിക്കൽ ബിലാൽ എന്ന് വരുമെന്ന ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടി സിനിമ എപ്പോൾ വരണം എന്ന് തീരുമാനിക്കുന്നത് അമൽ നീരദ് ആണെന്നായിരുന്നു. 'അപ്ഡേറ്റ് വരുമ്പോള്‍ വരും. ഇത് നമുക്ക് അങ്ങനെ വരുത്താന്‍ ഒക്കില്ലല്ലോ. വരുമ്പോള്‍ വരും എന്നല്ലാതെ.. ഞാന്‍ രാവിലെ ബിലാലുമായിട്ട് അങ്ങ് ഇറങ്ങിയാല്‍ പോരല്ലോ. അതിന്റെ പിറകില്‍ ആള്‍ക്കാര്‍ വേണ്ടേ? അവര്‍ സന്നാഹങ്ങളൊക്കെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്' എന്നാണ് മമ്മൂട്ടി പറഞ്ഞത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാല്‍, ജഗതി, സംഗീത് ശിവന്‍ ! എന്നിട്ടും ആ മമ്മൂട്ടി ചിത്രത്തെ തൊടാനായില്ല; തീപാറിയ ബോക്‌സ്ഓഫീസ് ക്ലാഷ്