'അമ്മ'യുടെ പ്രസിഡന്റായി തുടരാന്‍ മോഹന്‍ലാലിനു അതൃപ്തി; സ്ഥാനം ഒഴിഞ്ഞേക്കും
ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ പ്രമുഖരായ മലയാള സിനിമാ താരങ്ങള്‍ക്കെതിരെ വെളിപ്പെടുത്തലുകളും ലൈംഗിക ആരോപണങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ മോഹന്‍ലാലിനു അതൃപ്തി. പ്രസിഡന്റ് സ്ഥാനം ഒഴിയാനാണ് മോഹന്‍ലാല്‍ ആലോചിക്കുന്നത്. ഈ ആഴ്ച ചേരുന്ന അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തില്‍ ലാല്‍ രാജി സന്നദ്ധത അറിയിക്കും.
ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ് ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് രാജിവെച്ചത്. ഇതിനു പിന്നാലെയാണ് മോഹന്‍ലാലും പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങുന്നത്. നിലവിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച (നാളെ) അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേരാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ മോഹന്‍ലാലിന്റെ അസൗകര്യത്തെ തുടര്‍ന്ന് യോഗം മാറ്റിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ ലാലിനു താല്‍പര്യമില്ലെന്നും അതുകൊണ്ടാണ് എക്‌സിക്യൂട്ടീവ് യോഗം മാറ്റയതെന്നും വിവരമുണ്ട്.
ജോയിന്റ് സെക്രട്ടറിയായ ബാബുരാജിനാണ് നിലവില്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല. പ്രമുഖ താരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നതിനാല്‍ 'അമ്മ' സംഘടന പ്രതിരോധത്തിലാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് സംഘടന പ്രസിഡന്റ് ആയ മോഹന്‍ലാല്‍ ഇതുവരെ ഒന്നും പ്രതികരിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്. അതിനിടയിലാണ് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ലാല്‍ ആലോചിക്കുന്നതായി അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്നത്.