മഹേഷ് നാരായണന്‍ ചിത്രം: മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലും ഡല്‍ഹിയില്‍, ചിത്രീകരിക്കുന്നത് ഇരുവരുടെയും പ്രായമായ സീനുകള്‍
ശ്രീലങ്കയില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ മാത്രമാണ് ലാല്‍ നേരത്തെ അഭിനയിച്ചത്
Mohanlal, Mammootty - Mahesh Narayanan Movie
മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലും ഡല്‍ഹിയിലെത്തി. മമ്മൂട്ടിക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിന്റെ ആറാമത്തെ ഷെഡ്യൂളാണ് ഡല്‍ഹിയില്‍ പുരോഗമിക്കുന്നത്. മമ്മൂട്ടി നേരത്തെ ഡല്‍ഹിയിലെത്തിയിരുന്നു. മമ്മൂട്ടി-മോഹന്‍ലാല്‍ കോംബിനേഷന്‍ സീനുകളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.
മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒന്നിലേറെ ലുക്കുകള്‍ ഉണ്ട്. അതില്‍ ഇരുവരുടെയും കഥാപാത്രങ്ങളുടെ അല്‍പ്പം പ്രായമായ സീനുകളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് പുറത്തുവന്ന ചിത്രങ്ങളില്‍ ഇരുവരുടെയും മുടിയും താടിയും അല്‍പ്പം നരച്ച നിലയിലാണ്.
മമ്മൂട്ടിക്ക് ഒന്നിലേറെ ലുക്കുകള്‍ ഉള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരത്തിന്റെ മൂന്ന് ലുക്കുകളാണ് ഇതിനോടകം പുറത്തുവന്നിരിക്കുന്നത്. അതേസമയം മോഹന്‍ലാലോ ഫഹദ് ഫാസിലോ ആയിരിക്കും ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുക. മോഹന്‍ലാലിന്റേത് സുപ്രധാന കാമിയോ റോള്‍ ആയിരിക്കുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു.
ശ്രീലങ്കയില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ മാത്രമാണ് ലാല്‍ നേരത്തെ അഭിനയിച്ചത്. ഏകദേശം പത്ത് മിനിറ്റോളം ദൈര്‍ഘ്യമുള്ള മമ്മൂട്ടിക്കൊപ്പമുള്ള കോംബിനേഷന്‍ സീന്‍ മാത്രമായിരുന്നു അത്. ഇതിനോടകം സിനിമയുടെ അഞ്ച് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായി. രണ്ട് ഷെഡ്യൂളുകള്‍ ശ്രീലങ്കയിലും യുഎഇ, അസര്‍ബൈജാന്‍, കൊച്ചി എന്നിവിടങ്ങളില്‍ ഓരോ ഷെഡ്യൂളും. ഇതില്‍ ശ്രീലങ്കയിലെ ആദ്യ ഷെഡ്യൂളില്‍ ഒഴികെ വേറെ ഒന്നിലും മോഹന്‍ലാല്‍ ഇല്ലായിരുന്നു. നയന്‍താര-മമ്മൂട്ടി കോംബിനേഷന്‍ സീനുകളാണ് കൊച്ചിയിലെ അഞ്ചാം ഷെഡ്യൂളില്‍ ചിത്രീകരിച്ചത്. ഇതിലും മോഹന്‍ലാല്‍ ഇല്ലായിരുന്നു.