Publish Date: Mon, 23 Jul 2018 (21:26 IST)
Updated Date: Mon, 23 Jul 2018 (21:27 IST)
തമിഴ് സിനിമയിലെ ബ്രഹ്‌മാണ്ഡ ഹിറ്റുകളിലൊന്നായ ‘പടയപ്പ’യുടെ രണ്ടാം ഭാഗം വരുന്നു. രജനികാന്ത് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ എസ് രവികുമാര്‍ തന്നെയാണ്. ചിത്രത്തിന്‍റെ കഥ സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായാണ് വിവരം.
1999ല്‍ റിലീസായ പടയപ്പ അതുവരെയുള്ള എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. ചിത്രത്തിലെ രജനികാന്തിന്‍റെ ലുക്കും ഡയലോഗും എല്ലാം വന്‍ ഹിറ്റായി. പ്രതിനായികയായി വന്ന രമ്യാകൃഷ്ണന്‍റെ നീലാംബരി എന്ന കഥാപാത്രവും ഏറെ പ്രശസ്തമായി. എന്തായാലും, പടയപ്പയുടെ രണ്ടാം ഭാഗം വരുമ്പോള്‍ ആദ്യഭാഗത്തേക്കാള്‍ ഗംഭീരമായി ഒരുക്കണമെന്ന ആഗ്രഹമാണ് കെ എസ് രവികുമാറിനുമുള്ളത്.
പടയപ്പയുടെ രണ്ടാം ഭാഗത്തില്‍ രജനികാന്തിന്‍റെ വില്ലനായി മോഹന്‍ലാലിനെ പരിഗണിച്ചേക്കുമെന്ന് സൂചനകള്‍ ഉണ്ട്. രജനികാന്തിനെതിരെ, ഒരുപക്ഷേ അതിനേക്കാള്‍ ഗാംഭീര്യത്തോടെ നിറഞ്ഞാടാന്‍ പറ്റിയ കഥാപാത്രമായിരിക്കും അത്. അതുകൊണ്ടുതന്നെ, മോഹന്‍ലാലിനാണ് ആദ്യ പരിഗണനയെന്നാണ് അറിയാന്‍ കഴിയുന്നത്.
വര്‍ഷത്തില്‍ ഒരു അന്യഭാഷാ പ്രൊജക്ടിലെങ്കിലും അഭിനയിക്കുമെന്ന നിലപാടാണ് മോഹന്‍ലാലിന്‍റേത്. ഇപ്പോള്‍ സൂര്യയുടെ തമിഴ് ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷം മോഹന്‍ലാല്‍ പടയപ്പ 2 ചെയ്യാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.