പലരും വിളിച്ചു, അവർ അഭിനയിക്കാൻ ഇല്ലെന്നാണ് പറഞ്ഞത്; നടിയെ മാറ്റിനിർത്തുന്നില്ലെന്ന് മോഹൻലാൽ

താരസംഘടനയായ അമ്മയിലേക്ക് താനില്ലെന്ന് ആക്രമിക്കപ്പെട്ട നടി അറിയിച്ചു. രചന നാരായണന്‍ കുട്ടിയാണ് നടിയുടെ നിലപാട് അമ്മയുടെ യോഗത്തില്‍ അറിയിച്ചത്.

തിങ്കള്‍, 1 ജൂലൈ 2019 (12:17 IST)
ആരെങ്കിലും അവസരം മനഃപൂര്‍വ്വം മുടക്കുന്നത് കൊണ്ടോ അവസരം ലഭിക്കാത്തത് കൊണ്ടോ അല്ല ആക്രമിക്കപ്പെട്ട നടി മലയാളത്തില്‍ അഭിനയിക്കാത്തതെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. പലരും ഇവിടെ നിന്ന് വിളിച്ചപ്പോഴും അവര്‍ അഭിനയിക്കാന്‍ ഇല്ലെന്നാണ് പറഞ്ഞത്. അത് അവരുടെ തീരുമാനമാവാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. നടിക്ക് സിനിമയില്‍ അവസരം ലഭിക്കാതിരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യം യോഗം ചര്‍ച്ച ചെയ്തിട്ടില്ലെന്നും മോഹന്‍ലാല്‍ വിശദീകരിച്ചു.
 
അതേസമയം, താരസംഘടനയായ അമ്മയിലേക്ക് താനില്ലെന്ന് ആക്രമിക്കപ്പെട്ട നടി അറിയിച്ചു. രചന നാരായണന്‍ കുട്ടിയാണ് നടിയുടെ നിലപാട് അമ്മയുടെ യോഗത്തില്‍ അറിയിച്ചത്. എന്നാല്‍ ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ അപേക്ഷ നല്‍കിയാല്‍ മാത്രമേ തിരിച്ചെടുക്കാനാവൂ എന്നതാണ് നിയമമെന്നും ട്രഷറര്‍ ജഗദീഷ് പറഞ്ഞു.
 
തിരിച്ചെടുക്കുമ്പോള്‍ അംഗത്വ ഫീസ് വാങ്ങരുതെന്ന നിര്‍ദേശം മമ്മൂട്ടി മുന്നോട്ട് വെച്ചെന്നും അത് എല്ലാവര്‍ക്കും സ്വീകാര്യമാണെന്നും ജഗദീഷ് അറിയിച്ചു. എന്നാല്‍ ഈ അഭിപ്രായത്തെ വൈസ് പ്രസിഡന്റ് ഗണേഷ്‌കുമാര്‍ എതിര്‍ത്തു. പ്രസിഡന്റ് കൂടിയായ മോഹന്‍ലാലായിരിക്കും അമ്മയുടെ ഔദ്യോഗിക വക്താവെന്ന് ഗണേഷ്‌കുമാര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബിഗ് ബോസിൽ നിന്നും മോഹൻലാൽ പുറത്ത്? മത്സരിക്കുന്നത് ആരൊക്കെ? ബിഗ് ബോസ് 2 ഉടൻ