അതങ്ങനെയാണ്, ചില കൂട്ടുകെട്ട് ജീവിതത്തില്‍ എന്നപോലെ സിനിമയിലും വര്‍ക്ക് ആകും. സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും വീണ്ടും ഒന്നിക്കുമ്പോള്‍ മലയാളികള്‍ക്ക് പ്രതീക്ഷിക്കാന്‍ വകയുണ്ട്.മാളികപ്പുറത്തിനു ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നു. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ശശി ശങ്കര്‍ ആണ്. ഈ സിനിമയില്‍ രഞ്ജിന്‍ തന്നെയാണ് സംഗീതം ഒരുക്കുന്നത്. ഇന്ന് അഭിലാഷ് പിള്ളയുടെ ജന്മദിനമാണ്. കൂട്ടുകാരന് പിറന്നാളാശംസകളുമായി രഞ്ജിന്‍ എത്തി.
'സ്‌നേഹവും വാത്സല്യവും കലഹങ്ങളും എല്ലാ സങ്കീര്‍ണതകളുമുള്ള സൗഹൃദം. പക്ഷേ അത് നിലനിര്‍ത്തുക എന്നത് ഒരു നിസ്സാര കാര്യമല്ല, ഞങ്ങളുടെ കോംബോ സിനിമയിലും ജീവിതത്തിലും പ്രവര്‍ത്തിച്ചു, അത് എക്കാലവും തുടരുമെന്ന് എനിക്കറിയാം, എനിക്ക് ഉറപ്പുണ്ട്. ജന്മദിനാശംസകള്‍ അളിയ',-അഭിലാഷ് പിള്ളയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് രഞ്ജിന്‍ എഴുതി.
2022ലെ യൂണിക് ടൈംസിന്റെ മിന്നലൈ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംഗീതസംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് രഞ്ജിന്‍ ആയിരുന്നു. അതും അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ പിറന്ന സിനിമകള്‍ക്ക് രഞ്ജിന്‍ സംഗീതം നല്‍കിയതിന് ആയിരുന്നു. മാളികപ്പുറം, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കായിരുന്നു അവാര്‍ഡ്.
18 വര്‍ഷങ്ങള്‍ക്കു ശേഷം നരേനും മീര ജാസ്മിനും ഒന്നിച്ച 'ക്വീന്‍ എലിസബത്ത്' എന്ന ചിത്രത്തിലാണ് ഒടുവിലായി രഞ്ജിന്‍ രാജ് സംഗീതം ഒരുക്കിയത്.എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം നിലവില്‍ തിയറ്ററുകളില്‍ ഉണ്ട്.കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്ന ചിത്രത്തിനും രഞ്ജിന്‍ രാജ് തന്നെയായിരുന്നു സംഗീതം.പാലക്കാട് മേലാര്‍കോഡില്‍ എം രാജേന്ദ്രനും സുപ്രിയ രാജേന്ദ്രനും മകനായ രഞ്ജിന് കുട്ടിക്കാലം മുതലേ പാട്ടുകളോട് ഇഷ്ടമായിരുന്നു. മൂന്നാം വയസ്സില്‍ പാടാന്‍ തുടങ്ങിയ രഞ്ജിന്‍ ഏഴാം വയസ്സില്‍ കര്‍ണാടകസംഗീതം പഠിക്കാന്‍ തുടങ്ങി.
റിയാലിറ്റി ഷോയിലൂടെയെത്തി മലയാളം സിനിമയില്‍ സംഗീത സംവിധായകന്‍ എന്ന നിലയിലേക്ക് വളര്‍ന്ന വ്യക്തിയാണ് രഞ്ജിന്‍ രാജ്. ജോസഫിലെ 'പൂമുത്തോളെ' ഒറ്റ ഗാനം മതി അദ്ദേഹത്തിനുള്ളിലെ പ്രതിഭയെ തിരിച്ചറിയാന്‍. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് രഞ്ജിന്‍ കടന്നു പോകുന്നത്. 2021 മെയ് മാസത്തിലാണ് മകന്‍ നീലന്‍ ജനിച്ചത്. ഭാര്യ ശില്പ തുളസി.