മമ്മൂട്ടിയെ കാണാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ പയ്യന്‍ ഇന്ന് മമ്മൂട്ടി ചിത്രത്തോട് മത്സരിക്കുന്നു; ഇത് 'നസ്ലന്‍ യുഗം'
മമ്മൂട്ടി ചിത്രം 'ഭ്രമയുഗ'ത്തോടാണ് നസ്ലിന്‍ ചിത്രം 'പ്രേമലു' ബോക്‌സ്ഓഫീസില്‍ മത്സരിക്കുന്നത്
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസില്‍ ഇടംപിടിച്ച യുവതാരമാണ് നസ്ലന്‍. 2019 ല്‍ മമ്മൂട്ടി ചിത്രം മധുരരാജയിലൂടെയാണ് നസ്ലന്‍ അഭിനയരംഗത്തേക്ക് എത്തിയത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് നസ്ലന്‍ മധുരരാജയില്‍ അഭിനയിച്ചത്. പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ മെല്‍വിന്‍ എന്ന കഥാപാത്രത്തിലൂടെ നസ്ലന്‍ മലയാളികളുടെ ഇഷ്ടം കവര്‍ന്നു. നസ്ലനും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'പ്രേമലു' ഇപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനോടകം തന്നെ ചിത്രം 25 കോടിയില്‍ അധികം കളക്ഷന്‍ സ്വന്തമാക്കിയിട്ടുണ്ട്.
മമ്മൂട്ടി ചിത്രം 'ഭ്രമയുഗ'ത്തോടാണ് നസ്ലിന്‍ ചിത്രം 'പ്രേമലു' ബോക്‌സ്ഓഫീസില്‍ മത്സരിക്കുന്നത്. മമ്മൂട്ടിയോടുള്ള ആരാധന മൂത്ത് മമ്മൂട്ടി ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ച നസ്ലിന്‍ ഇപ്പോള്‍ അതേ സൂപ്പര്‍സ്റ്റാറിനോട് ബോക്‌സ്ഓഫീസില്‍ മത്സരിക്കുന്നു. 'പ്രേമലു'വിന്റെ പ്രൊമോഷനോടു അനുബന്ധിച്ചു നല്‍കിയ അഭിമുഖത്തില്‍ തന്റെ ഉള്ളിലെ മമ്മൂട്ടി ആരാധനയെ കുറിച്ച് നസ്ലന്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ' ഞാന്‍ ഇപ്പോഴും മമ്മൂക്കയുടെ ആരാധകനാണ്. മധുരരാജയില്‍ ഞാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പോയിട്ടുണ്ട്,' നസ്ലന്‍ പറഞ്ഞു.
ബോക്‌സ്ഓഫീസില്‍ ഭ്രമയുഗവും പ്രേമലുവും മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ബുക്ക് മൈ ഷോയില്‍ ഒരു ലക്ഷത്തില്‍ അധികം ടിക്കറ്റുകളാണ് ഇരു ചിത്രങ്ങളുടേയും പ്രതിദിനം വിറ്റുപോയിരുന്നത്.