Oru Vadakkan Veeragatha: റി റിലീസില്‍ ഒരു കോടി; അപൂര്‍വ്വ നേട്ടത്തിലേക്ക് 'ഒരു വടക്കന്‍ വീരഗാഥ'
മോഹന്‍ലാലിന്റെ ദേവദൂതന്‍ ആണ് റി റിലീസില്‍ ഏറ്റവും കൂടുതല്‍ കളക്ട് ചെയ്ത സിനിമ
Oru Vadakkan Veeragatha: നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ റി റിലീസ് ചെയ്ത 'ഒരു വടക്കന്‍ വീരഗാഥ' ബോക്‌സ്ഓഫീസിലും ഹിറ്റ്. റി റിലീസില്‍ ഒരു കോടി കളക്ഷന്‍ നേടുന്ന സിനിമയെന്ന നേട്ടത്തിനു അടുത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി ചിത്രം. ഇന്നലെ വരെയുള്ള കണക്കുകള്‍ അനുസരിച്ച് ചിത്രത്തിന്റെ ബോക്‌സ്ഓഫീസ് കളക്ഷന്‍ 70 ലക്ഷത്തിലേക്ക് എത്തി. ഈ വീക്കെന്‍ഡോടെ ഒരു കോടി സ്വന്തമാക്കാന്‍ ഒരു വടക്കന്‍ വീരഗാഥയ്ക്കു സാധിച്ചേക്കുമെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
മോഹന്‍ലാലിന്റെ ദേവദൂതന്‍ ആണ് റി റിലീസില്‍ ഏറ്റവും കൂടുതല്‍ കളക്ട് ചെയ്ത സിനിമ. ഏകദേശം അഞ്ച് കോടിയാണ് ദേവദൂതന്റെ റി റിലീസ് കളക്ഷന്‍. മോഹന്‍ലാലിന്റെ തന്നെ സ്ഫടികമാണ് നാലര കോടി കളക്ഷനുമായി രണ്ടാം സ്ഥാനത്ത്. ഒരു വടക്കന്‍ വീരഗാഥയായിരിക്കും റി റീലിസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കാന്‍ പോകുന്ന മമ്മൂട്ടി ചിത്രം. നേരത്തെ വല്ല്യേട്ടന്‍ റി റിലീസ് ചെയ്തിരുന്നെങ്കില്‍ ഒരു കോടിക്കു താഴെ മാത്രം കളക്ട് ചെയ്യാനാണ് ചിത്രത്തിനു സാധിച്ചത്.
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥ 1989 ലാണ് റിലീസ് ചെയ്തത്. മമ്മൂട്ടി, സുരേഷ് ഗോപി, മാധവി, ബാലന്‍ കെ നായര്‍, ക്യാപ്റ്റന്‍ രാജു, ഗീത എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ആദ്യമായി ലഭിച്ചത് ഈ സിനിമയിലെ അഭിനയത്തിലൂടെയാണ്.