Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെക്സിക്കൻ അപാരത ഒരു പൈങ്കിളി മസാല പടം!: വിഷ്ണുനാഥ്

''മെക്സിക്കൻ അപാരത ഒരു നല്ല രാഷ്ട്രീയ സിനിമയല്ല'' - വിഷ്ണുനാഥ് പറയുന്നു, കരണവു‌മുണ്ട്...

മെക്സിക്കൻ അപാരത ഒരു പൈങ്കിളി മസാല പടം!: വിഷ്ണുനാഥ്
, വ്യാഴം, 2 മാര്‍ച്ച് 2017 (13:43 IST)
ടോം ഇമ്മട്ടി സംവി‌ധാനം ചെ‌യ്യുന്ന ഒരു മെക്സിക്കൻ അപാരത നാളെ തീയേറ്ററുകളിൽ എത്തുകയാണ്. ടൊവിനോ തോമസ്, നീരജ് മാധവ് എ‌ന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ക്യാമ്പസ് രാഷ്ട്രീയവും സൗഹൃദവും പ്രണയവുമാണ് പറയുന്നത്. ഇപ്പോഴിതാ, ചിത്രത്തെ  രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുൻ എം എൽ എ യുമായ പിസി വിഷ്ണുനാഥ് രംഗത്ത്.
 
ഒരു ട്രെയ്‌ലര്‍ കണ്ടതുകൊണ്ട് 'മെക്‌സിക്കന്‍ അപാരത'യെ വിലയിരുത്താന്‍ പറ്റില്ലെങ്കിലും അതില്‍ പൈങ്കിളി രാഷ്ട്രീയത്തിന്റെ എല്ലാ ചേരുവകളും മസാലകളും നന്നായി ചേര്‍ത്തിട്ടുണ്ടെന്ന് വിഷ്ണു പറയുന്നു. തനി പൈങ്കിളി സിനിമയായിട്ട് തന്നെയാണ് ഈ സിനിമയെ ആദ്യ കാഴ്ചയില്‍ തോന്നുന്നത്. ഇനി മറിച്ചാണെങ്കില്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യും, കാണാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതിനാല്‍ കാഴ്ചക്കാരുടെ ആസ്വാദനശേഷിക്ക് വിടും. വിഷ്ണു പറയുന്നു.
 
webdunia
വിഷ്ണുനാഥിന്റെ വാക്കുകളിലൂടെ:
 
ഒരു മെക്‌സിക്കന്‍ അപാരത' തിയറ്ററുകളില്‍ എത്തുന്നു. രാഷ്ട്രീയ സിനിമകള്‍ ഒരുപാട് വന്നുപോയ നാടാണ് കേരളം. ഈനാട്, മീനമാസത്തിലെ സൂര്യന്‍, പഞ്ചവടിപ്പാലം, ലാല്‍സലാം, സന്ദേശം, പിറവി, മാന്യമഹാജനങ്ങളെ, അറബിക്കഥ തുടങ്ങി നിരവധിയെണ്ണം രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമകളുടെ പട്ടികയില്‍ എണ്ണം പിടിച്ചിട്ടുണ്ട്. നല്ല പ്രമേയമാണെങ്കില്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് നമ്മുടെ പ്രബുദ്ധ പ്രേക്ഷകര്‍ക്കുള്ളത്. 
 
ഒരു ട്രെയ്‌ലര്‍ കണ്ടതുകൊണ്ട് 'മെക്‌സിക്കന്‍ അപാരത'യെ വിലയിരുത്താന്‍ പറ്റില്ലെങ്കിലും അതില്‍ പൈങ്കിളി രാഷ്ട്രീയത്തിന്റെ എല്ലാ ചേരുവകളും മസാലകളും നന്നായി ചേര്‍ത്തിട്ടുണ്ട്. 'സ്റ്റേജിന്റെ പിറകിലേക്ക് വാടാ' എന്നൊക്കെയുള്ള ഡയലോഗില്‍ നിന്ന് ഈ സിനിമയുടെ സഞ്ചാരപഥമുള്‍പ്പെടെ മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. തനി പൈങ്കിളി സിനിമയായിട്ട് തന്നെയാണ് ഈ സിനിമയെ ആദ്യ കാഴ്ചയില്‍ തോന്നുന്നത്. ഇനി മറിച്ചാണെങ്കില്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യും, കാണാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതിനാല്‍ കാഴ്ചക്കാരുടെ ആസ്വാദനശേഷിക്ക് വിടും; ആ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരുവിധ അസഹിഷ്ണുതയുമില്ലെന്ന് ആദ്യമേ പറയട്ടെ. 
 
പക്ഷെ മെക്‌സിക്കന്‍ അപാരതയുമായ് ബന്ധപ്പെട്ട് അതിന്റെ പ്രയോക്താക്കള്‍ പ്രചരിപ്പിക്കുന്നത് കേള്‍ക്കുമ്പോള്‍, ഇതാണോ രാഷ്ട്രീയ സിനിമ എന്ന ചോദ്യമുയരുന്നു. അതിന് മറുപടി പറയാന്‍ ആദ്യം ചരിത്രം പഠിക്കണം. ചരിത്രം അറിയില്ലെങ്കില്‍ അത് തമസ്‌കരിക്കുകയല്ല, പഠിക്കുക തന്നെവേണം. 
മഹാരാജാസിന്റെ ചരിത്രമല്ല ഈ സിനിമയെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു. മഹാരാജാസിന്റെ ചരിത്രം എ കെ ആന്റണിയുടെയും വയലാര്‍ രവീന്ദ്രന്‍ എന്ന വയലാര്‍ രവിയുടെയും ചരിത്രമാണ്. ആ ചരിത്രത്തില്‍ നിന്നാണ് ഐക്യ കേരളത്തോളം ചരിത്രമുള്ള ഒരു വിദ്യാര്‍ത്ഥി സംഘടനയുണ്ടായത്-കേരള വിദ്യാര്‍ത്ഥി യൂണിയന്‍. 
 
ആ സംഘടനയുടെ ചരിത്രത്തിലാണ് അധ്യാപകര്‍ക്ക് ഡയറക്ട് പേയ്‌മെന്റിനുവേണ്ടി സമരം ഉണ്ടായത്. ആ സംഘടനയുടെ ചരിത്രത്തിലാണ് ഡിറ്റന്‍ഷനെതിരായ പ്രക്ഷോഭം ഉണ്ടായത്. ആ സംഘടനയുടെ ചരിത്രത്തിലാണ് 53 ദിവസം നീണ്ടുനിന്ന സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കെതിരായ ഏറ്റവും വലിയ വലിയ സമരം ആരംഭിച്ചത്. ആ സംഘടനയുടെ രണസ്മരണകള്‍ നെഞ്ചേറ്റിയാണ് ഫീസുകള്‍ ഏകീകരിക്കാനും സെക്കണ്ടറി വിദ്യാഭ്യാസം സൗജന്യമാക്കാനും വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്.
 
ആ സംഘടനയുടെ ചരിത്രത്തിലാണ് കേരളത്തിലെ ആദ്യത്തെ വിദ്യാര്‍ത്ഥി സിന്‍ഡിക്കേറ്റ് അംഗമായി ചിറ്റാര്‍ രാജന്‍ കടന്നുവന്നത്. ആ സംഘടനയുടെ ചരിത്രത്തിലാണ് കേരളത്തിലെ ആദ്യത്തെ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായി തലേക്കുന്നില്‍ ബഷീര്‍ സ്ഥാനമേറ്റത്. അങ്ങനെ ആ സംഘടനയ്ക്ക് കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ പ്രഥമ ഇടം ഉണ്ടായിരുന്നു. ആ സംഘടനയാണ് കെ എസ് യു. അല്ലാതെ കെ എസ് എയുവിന്റെ ചരിത്രം ഏതെങ്കിലും ഒരു കോളജിന്റെ പശ്ചാത്തലത്തില്‍ വികലമാക്കി എഴുതാന്‍ ആരു വിചാരിച്ചാലും നടക്കില്ല. 
 
കേരളത്തിലെ ക്യാംപസില്‍ ഇന്ന് കത്തുന്ന ഒരുപാട് രാഷ്ട്രീയ വിഷയങ്ങൾ നിറഞ്ഞുനില്‍ക്കുന്നു. അത് സ്വാശ്രയ ക്യാംപസുകളിലെ ഇടിമുറികളില്‍ കൊല്ലപ്പെട്ട ജിഷ്ണുപ്രണോയിയുടെ കഥ ഇത്തരം സിനിമകള്‍ സംസാരിക്കുന്നുണ്ടോ എന്നറിയില്ല; രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം വന്നതിന്റെ പേരില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയാവുന്ന ആണ്‍ കുട്ടയുടെ കഥ, 'നീ നായരല്ലേ താഴ്ന്ന ജാതിക്കാരോട് സംസാരിക്കുന്നത് ശരിയാണോ' എന്ന് ചോദിക്കുന്ന പ്രിന്‍സിപ്പല്‍മാരുടെ അടുക്കളയില്‍ ജോലി ചെയ്യേണ്ടി വരുന്ന കുട്ടികളുടെ ഗതികേട്. അതൊക്കെയാണ് ഇന്നത്തെ ക്യാംപസിലെ രാഷ്ട്രീയം. 
 
ക്യാംപസ് പശ്ചാത്തലത്തില്‍ എടുത്തെന്ന് അവകാശപ്പെടുന്ന മെക്‌സിക്കന്‍ അപാരത മേല്‍പ്പറഞ്ഞ ക്യാംപസിന്റെ തീക്ഷ്ണ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നുണ്ടോ എന്ന് നമുക്ക് നോക്കാം; അതല്ല കണ്ണില്‍പൊടിയിടുന്ന പൈങ്കിളി മുദ്രാവാക്യവും ആക്രോശവുമാണെങ്കില്‍ അതിന്റെ സ്ഥാനം കാലത്തിന്റെ ചവറ്റുകുട്ടയിലാവും. 
ഞാന്‍ ഏറ്റവും അടുത്തുകണ്ട മികച്ച രാഷ്ട്രീയ സിനിമ വെട്രിമാരന്റെ 'വിസാരണെ'യാണ്. വ്യാജ ഏറ്റുമുട്ടലുകളുടെ കാലത്ത് ഏറെ പ്രസക്തിയുള്ള പ്രമേയം. ഇന്ത്യയില്‍ നിന്ന് ഓസ്‌കാര്‍ എന്‍ട്രി നേടിയ ചിത്രം. അത്തരം ഉള്‍ക്കാമ്പുള്ള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമയ്ക്കിടയില്‍ പൈങ്കിളി പ്രമേയവും ചരിത്രവധവുമാടി തീര്‍ക്കാന്‍ ശ്രമിക്കുന്നത്, കാലഘട്ടത്തിനോടും ഒരു തലമുറയോടും ചെയ്യുന്ന അപരാധമാണ്. 
 
കേരളത്തിലെ ക്യാംപസുകളില്‍ എസ് എഫ് ഐ ആകെ നാണം കെട്ടു നില്‍ക്കുന്ന അവസ്ഥയിലാണ്. ലോ അക്കാദമി സമരത്തില്‍ പ്രിന്‍സിപ്പലിനോടും അവരുടെ അടുക്കള ഭരണത്തോടും എസ് എഫ് ഐ കാണിച്ച കൂറ് നാം മറക്കില്ല. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന് ആലേഖനം ചെയ്ത കൊടി ഉപയോഗിച്ച് കോളജ് അധികാരികളുടെ തീന്‍മേശ തുടയ്ക്കുന്ന കാര്‍ട്ടൂണ്‍വരച്ചത് മുന്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ കൂടിയായ കാര്‍ട്ടൂണിസ്റ്റാണ്.
 
 കേരള സര്‍വകലാശാലയില്‍ സദാചാര ഗുണ്ടായിസത്തിനും മടപ്പള്ളി കോളജിലുള്‍പ്പെടെ ക്വാട്ടേഷന്‍ അക്രമണങ്ങള്‍ക്കും നേതൃത്വം കൊടുത്ത ഈ സംഘടന വിദ്യാര്‍ത്ഥി സമൂഹത്തിന് മുമ്പില്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. ആകെ നാണംകെട്ടു നില്‍ക്കുന്ന അവസ്ഥയില്‍ എസ് എഫ് ഐക്ക് കച്ചിത്തുരുമ്പാകാന്‍ ചലച്ചിത്ര കസര്‍ത്തുക്കളാല്‍ സാധിക്കുമോ? ഇല്ലെന്ന് നിസംശയം പറയാം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡേവിഡ് നൈനാനോട് മുട്ടാൻ ഭയം! കളി മമ്മൂട്ടിയോട് വേണ്ട!