സഹനടൻ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും പ്രകാശ് രാജിനെ സൗത്ത് ഇന്ത്യ തിരിച്ചറിയുന്നത് വില്ലൻ വേഷങ്ങളിലൂടെയാണ്. ക്യാരക്ടർ കഥാപാത്രങ്ങളെയും നടന് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറക്കാനാകാത്തൊരു ദുരന്തത്തെക്കുറിച്ച് സംസാരിക്കുകയാണ് പ്രകാശ് രാജ്. 2004ൽ താനും കുടുംബവും നേരിട്ട വേദനയെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. രണ്ട് പെൺകുട്ടികളാണ് പ്രകാശ് രാജിനുള്ളത്. ഒരു മകനുണ്ടായിരുന്നു, മരണപ്പെട്ടു. മകന്റെ മരണം തന്നിലുണ്ടാക്കിയ നിസ്സഹായാവസ്ഥയാണ് താരം പങ്കുവെക്കുന്നത്.
'വേദനയെന്നാൽ വളരെ വ്യക്തിപരമായ ഒന്നാണ്. അതിപ്പോൾ എന്റെ സുഹൃത്ത് ഗൗരിയേക്കുറിച്ചുള്ളതാണെങ്കിൽ എന്റെ മകൻ സിദ്ധാർത്ഥിനെക്കുറിച്ചുള്ളതാണെങ്കിലും. പക്ഷെ എനിക്ക് സ്വാർത്ഥനാകാൻ സാധിക്കില്ല. എനിക്ക് പെൺമക്കളുണ്ട്. കുടുംബമുണ്ട്. തൊഴിലിടമുണ്ട്. ചുറ്റും ആളുകളുണ്ട്. മനുഷ്യൻ എന്ന നിലയിൽ എനിക്കൊരു ജീവിതമുണ്ട്. ഞാൻ അതിനും അക്കൗണ്ടബിൾ ആണ്.
എന്നെ അതെല്ലാം അലട്ടുന്നുണ്ട്. വേദനിക്കുന്നുണ്ട്. നിസ്സഹായത അനുഭവപ്പെടുന്നു. പക്ഷെ ജീവിക്കാൻ കാരണം കണ്ടെത്തണം. മരണം എന്തായാലും അവിടെ തന്നെയുണ്ടല്ലോ. ഒരിക്കൽ ടേബിളിൽ മുകളിൽ നിന്ന് പട്ടം പറത്താൻ ശ്രമിക്കുന്നതിനിടെ മകൻ വീണു. അതിന് ശേഷം സ്ഥിരമായി ഫിറ്റ്‌സ് വരുമായിരുന്നു. മകന്റെ മരണ കാരണം ആർക്കും മനസിലായില്ല. ഞാൻ നേരിട്ടിട്ടുള്ള ഏറ്റവും വലിയ വേദനയായിരുന്നു മകന്റെ മരണം', എന്നാണ് പ്രകാശ് രാജ് പറഞ്ഞത്.
പ്രകാശ് രാജിന്റേയും നടി ലളിത കുമാരിയുടേയും മകനയിരുന്നു സിദ്ധാർത്ഥ്. മകന്റെ മരണശേഷം പ്രകാശിന്റേയും ലളിതയുടേയും ദാമ്പത്യ ജീവിതത്തിൽ പ്രതിസന്ധികൾ ഉടലെടുക്കുകയായിരുന്നു. ഇരുവരും 2009 ൽ വേർപിരിഞ്ഞു.