കേരളം നേരിട്ട മഹാപ്രളയത്തെ ആസ്പദമാക്കിയൊരുക്കിയ 2018 എന്ന സിനിമ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ചിത്രത്തില്‍ സഹകഥാകൃത്താണ് യുവ നോവലിസ്റ്റായ അഖില്‍ പി ധര്‍മ്മജന്‍. മലയാളസിനിമയില്‍ കാലെടുത്തുവെച്ച അഖിലിന്റെ ഏറ്റവും ജനപ്രിയമായ നോവലാണ് റാം കെയര്‍ ഓഫ് ആനന്ദി. ഇത് സിനിമയാക്കുകയാണ് തന്റെ സ്വപ്നമെന്ന് അഖില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രണവ് മോഹന്‍ലാലിനെയും സായ് പല്ലവിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി നോവല്‍ സിനിമയാക്കാനുള്ള ശ്രമത്തിലാണ് അഖില്‍. പ്രണവും സായ് പല്ലവിയും പ്രധാനവേഷങ്ങളില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും ഇതിനായുള്ള ശ്രമത്തിലാണെന്നും അഖില്‍ പറയുന്നു. സിനിമ പഠിക്കാനും നോവല്‍ എഴുതാനുമായി ആലപ്പുഴയിലെ തീരദേശഗ്രാമത്തില്‍ നിന്നും ചെന്നൈയിലെത്തുന്ന ശ്രീറാം എന്ന യുവാവും ആനന്ദി എന്ന ശ്രീലങ്കന്‍ യുവതിയുടെയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെ പറ്റിയാണ് റാം കെയര്‍ ഓഫ് ആനന്ദി പറയുന്നത്.