മീശപ്പുലിമലയെ ഇല്ലാതാക്കരുത്; അഭ്യർത്ഥനയുമായി ദുൽഖർ
മീശപ്പുലിമലയെ മാലിന്യകൂനയാക്കരുതെന്ന് ദുൽഖർ
മീശപ്പുലിമലയിൽ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ? ചാർലിയിൽ ദുൽഖർ സൽമാൻ പറഞ്ഞ ഈ ഡയലോഗ് ഇതിനോടകം സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. മൂന്നാറിന്റെ ദൃശ്യഭംഗിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മീശപ്പുലിമലയെ മലയാളികൾ അറിഞ്ഞുതുടങ്ങിയത് ഒരു പക്ഷേ ഈ ദുൽഖർ ചിത്രത്തിലൂടെയാകാം. വിനോദസഞ്ചാരങ്ങളിൽ ഒന്നായിരുന്നെങ്കിലും ചാർലിയും മീശപ്പുലിമലയെക്കുറിച്ചുള്ള വിവരണവുമാണ് ഇവിടേക്ക് യാത്രികരെ കൂട്ടാൻ കാരണം.
സഞ്ചാരികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതോടെ ഇവിടം മാലിന്യകൂമ്പാരമായി മാറിയിരിക്കുകയാണ്. മാലിന്യങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകളും വന്നു. ഇതോടെ പരിസ്ഥിതി പ്രാധാന്യമുള്ള ഈ മേഖലയെ മാലിന്യകൂമ്പാരമാക്കരുതെന്ന അപേക്ഷയുമായി ദുൽഖർ സൽമാൻ രംഗത്തെത്തി. പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും നിക്ഷേപിച്ച് മീശപ്പുലിമലയുടെ സ്വാഭാവിക പ്രകൃതിയെ ഇല്ലാതാക്കരുത്. വരും തലമുറയ്ക്കായി ഈ പ്രദേശങ്ങളെ സ്വാഭാവികതയോടെയും വിശുദ്ധിയോടെയും കരുതിവയ്ക്കണമെന്നും ദുൽഖർ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.