പൃഥ്വിരാജ് നായകനായ സെവൻത് ഡേ, എന്ന് നിന്റെ മൊയ്തീൻ എന്നീ സിനിമകളിലൂടെ സഹനടനായി തിളങ്ങിയ ടൊവിനോ തോമസിനെ നായകനാക്കിയ ചിത്രമാണ് ഗപ്പി. ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നാലെ ഇറങ്ങിയ ഒരു മെക്സിക്കൻ അപാരതയിലൂടെ ടോവിനോയിലെ സ്റ്റാറിനെ പ്രേക്ഷകർ സ്വീകരിക്കുകയായിരുന്നു. അവിടം മുതൽ തുടങ്ങിയ 'സ്റ്റാർ' യാത്ര ഇന്ന് അജയന്റെ രണ്ടാം മോക്ഷണത്തിൽ എത്തി നിൽക്കുന്നു. ഇപ്പോഴിതാ, തന്റെ കരിയറിൽ ഏറെ സ്വാധീനം ചെലുത്തിയ നടനാണ് പൃഥ്വിരാജെന്ന് പറയുകയാണ് ടൊവിനോ.
എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിലേക്ക് തന്നെ നിർദേശിച്ചത് പൃഥ്വിരാജ് ആണെന്നും അതിന് ശേഷമാണ് തനിക്ക് ലീഡ് റോൾ കിട്ടിയതെന്നുമാണ് ടൊവിനോ പറയുന്നത്. തനിക്ക് ഇനി ലീഡ് റോളുകൾ കിട്ടുമെന്ന് പൃഥ്വിരാജ് കണക്കുകൂട്ടിയെന്നും താൻ പോലും അത് തിരിച്ചറിഞ്ഞില്ലെന്നുമാണ് ടൊവിനോ പറയുന്നത്.
എസ്രാ എന്ന ചിത്രത്തിലെ ഒരു റോളിലേക്ക് ടോവിനോയെ വിളിച്ചാലോ എന്ന് സംവിധായകൻ ചോദിച്ചപ്പോൾ 'വേണ്ട അവനിപ്പോൾ ലീഡ് റോളുകൾ ആണ് ചെയ്യുന്നത്, ചെറിയ റോളിലേക്ക് ഇനി അവനെ വിളിക്കണ്ട' എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. സെവൻത് ഡേയുടെ ലൊക്കേഷനിൽ വെച്ച് ആരംഭിച്ച പരിചയം ഇന്ന് ലൂസിഫറിൽ എത്തി നിൽക്കുമ്പോഴും അനാവശ്യമായ ഫ്രീഡം താൻ പൃഥ്വിരാജിന്റെ അടുത്ത് എടുത്തിട്ടില്ലെന്ന് ടൊവിനോ പറയുന്നു.
അതേസമയം, ടോവിനോയുടെ അജയന്റെ രണ്ടാം മോക്ഷണം നൂറ് കോടി നേടിയിരുന്നു. വൻ ഹൈപ്പിൽ വന്ന ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.