മോഹൻലാൽ - സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രമാണ് ദേവദൂതൻ. 2000-ൽ പുറത്തിറങ്ങിയ ഈ ചിത്രം റീമേക്ക് ചെയ്യണമെന്ന ആഗ്രഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സിബി മലയിൽ. ഈ സിനിമ വേറൊരു ഭാഷയിൽ റീമേക്ക് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. അതിനുള്ള കാരണവും വെളിപ്പെടുത്തി.
തിരക്കഥാകൃത്ത് രഘുനാഥ് പലേരിയുമായി സിനിമ ആദ്യം പ്ലാൻ ചെയ്യുമ്പോൾ മോഹൻലാൽ മനസ്സിൽ ഉണ്ടായിരുന്നില്ലെന്നും ഏഴ് വയസ്സുള്ള ഒരു കുട്ടിയായിരുന്നു അതിലെ പ്രധാന കഥാപാത്രമെന്നും സിബി മലയിൽ പറയുന്നു. പിന്നീട് ആകസ്മികമായി മോഹൻലാൽ കഥ കേൾക്കുകയും ഈ സിനിമ ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. നിര്‍മ്മാതാവ് സിയാദ് കോക്കറിനും ദേവദൂതനിൽ മോഹൻലാലിനെ ഉൾപ്പെടുത്താനുള്ള ആഗ്രഹം മുന്നോട്ടുവയ്ക്കുകയും പിന്നീടാണ് ഈ ചിത്രം വലിയ ക്യാൻവാസിൽ നിർമ്മിച്ചതെന്നും സിബി മലയിൽ പറയുന്നു. ആദ്യം മനസ്സിൽ കണ്ട ആ കൊച്ചു സിനിമ നിർമ്മിക്കാൻ ആവാത്തതിൻറെ സങ്കടം സംവിധായകന്‍റെ മനസ്സിൽ ഇപ്പോഴും ഉണ്ട്. പിന്നീട് തമിഴ് നടൻ മാധവനെ ഈ ചിത്രം ചെയ്യാനായി സമീപിച്ചിരുന്നുയെന്നും അദ്ദേഹം വെളിപ്പെടുത്തി.
ആസിഫ് അലി - സിബിമലയിൽ ചിത്രം 'കൊത്ത്' അണിയറയില്‍ ഒരുങ്ങുകയാണ്. എന്നാല്‍ ദേവദൂതന്‍റെ റീമേക്ക് സിബി ഉടന്‍ പ്ലാന്‍ ചെയ്യില്ലെന്നാണ് വിവരം.